'പ്രിയങ്ക ഷാരൂഖിനൊപ്പം അഭിനയിക്കുന്നില്ലെന്ന് ഗൗരി ഖാൻ ഉറപ്പുവരുത്തി, പലരേയും നേരിട്ടു വിളിച്ചു'

ഭർത്താക്കന്മാർ അറിയപ്പെടുന്ന താരങ്ങളാകുമ്പോൾ സിനിമയ്ക്ക് പുറത്തുള്ള ഭാര്യമാർ പലപ്പോഴും ബുദ്ധിമുട്ടിലാവാറുണ്ട്, പ്രത്യേകിച്ചും ഭർത്താക്കൻമാരെ ചേർത്ത് ഗോസ്സിപ്പുകൾ വന്നുകൊണ്ടിരിക്കുമ്പോൾ. സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് വിവാഹശേഷം നേരിടേണ്ടിവന്ന വെല്ലുവിളി കുറച്ചൊന്നുമല്ല. പല നടിമാരുമായി ചേർത്ത് ഷാരൂഖിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു. സാഹചര്യങ്ങൾ സത്യവും പതിരും ഉൾക്കൊണ്ട് കൈകാര്യം ചെയ്യുന്നതും ചോദ്യങ്ങൾക്ക് മറുപടി പറയുന്നതും വലിയ വെല്ലുവിളി തന്നെയായിരുന്നു. ആരോപണങ്ങൾ ഉയർന്നപ്പോഴൊന്നും പരസ്യമായി അത് ചർച്ചചെയ്യാൻ ഗൗരി തയ്യാറായിരുന്നില്ല.
പ്രിയങ്ക ചോപ്രയും ഷാരുഖ് ഖാനും തമ്മിൽ അടുപ്പത്തിലാണെന്ന് ഒരുകാലത്ത് ബോളിവുഡിൽ അടക്കം പറച്ചിലുണ്ടായിരുന്നു. ഡോൺ 2 (2011) ചിത്രത്തിന്റെ ചിത്രീകരണസമയമായിരുന്നു അത്. സ്ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി വിജയിച്ചതോടെ പൊതുപരിപാടികളിൽ അവർ ഒന്നിച്ചെത്താൻ തുടങ്ങി. അർധരാത്രികളിൽ ഒന്നിച്ച് പാർട്ടികളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം കൊടുങ്കാറ്റുപോലെ വീശി.
വിവാഹിതനും ബോളിവുഡിലെ ഏറ്റവും മൂല്യമുള്ള താരവുമായ ഷാരൂഖും കരുത്തുള്ള, ലക്ഷ്യബോധമുള്ള നടിയെന്ന് പേരെടുത്ത പ്രിയങ്കയും ചർച്ചാവിഷയമായത് വളരെ വേഗമാണ്. രണ്ടുപേരും ആരോപണങ്ങളോട് നേരിട്ട് പ്രതികരിച്ചില്ല.
ഗൗരി ഖാൻ ഈ സമയത്ത് ഷാരൂഖുമായി വേർപിരിയാൻ ആലോചിച്ചിരുന്നു എന്നുവരെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷേ, അത്തരം നീക്കങ്ങളിലേക്കൊന്നും പോവാതെ പ്രിയങ്കയുമൊത്ത് ഷാരൂഖ് ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഗൗരി ചെയ്തതത്രേ.
വൈകാതെ പ്രിയങ്കയ്ക്ക് സൂപ്പർസ്റ്റാർ സിനിമകൾ കുറഞ്ഞു. മുൻനിര താരങ്ങൾ പ്രിയങ്കയിൽ നിന്ന് അകലം പാലിച്ചു, അനൗദ്യോഗികമായി പലയിടങ്ങളിൽ നിന്നും അവർ ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെട്ടു. ബോളിവുഡിലെ ശക്തയായ ഒരു ഭാര്യ പ്രിയങ്കയ്ക്കുള്ള ക്ഷണങ്ങൾ പരിമിതപ്പെടുത്താൻ ഫോൺകോളുകൾ ചെയ്തുവെന്ന തരത്തിലും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന സിനിമാ നിർമ്മാണ കമ്പനികളിൽ നിന്നും സാമൂഹികവൃത്തങ്ങളിൽ നിന്നും പ്രിയങ്കയെ അകറ്റാൻ ഗൗരി തന്റെ സ്വാധീനം ഉപയോഗിച്ചെന്നും.
ശാന്തമായ പ്രകൃതക്കാരിയെന്ന് പേരുകേട്ട ഗൗരിയും പരസ്യമായി ഒന്നും പ്രതികരിച്ചില്ല. സമ്മർദ്ദത്തിനിടയിലും പക്വത കാട്ടിയെന്ന് പലരും ഗൗരിയെപ്പറ്റി പറഞ്ഞു. പ്രിയങ്കയെ ഏകപക്ഷീയമായി ഒറ്റപ്പെടുത്തുന്ന നീക്കമാണ് ബോളിവുഡിലുണ്ടായതെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. ഇത്തരം ആരോപണങ്ങൾ വരുമ്പോൾ പുരുഷതാരങ്ങൾ സംരക്ഷിക്കപ്പെടുകയും സ്ത്രീതാരങ്ങൾ മാത്രം അതിന്റെ ഭാരം ചുമക്കേണ്ടിവരികയും ചെയ്യുന്നു. അതേസമയം, തന്റെ കരിയറിൽ ശ്രദ്ധിച്ച പ്രിയങ്കാ ചോപ്ര വൈകാതെ ഹോളിവുഡിലേക്ക് കടന്നു. ആഗോളതാരമായി മാറുകയും ചെയ്തു.