‘ഹൃദയം, ശരീരത്തിന് പുറത്ത് അലയുന്നതുപോലെയുള്ള അവസ്ഥ, അവളടുത്തില്ലെങ്കിൽ എപ്പോഴും എനിക്കൊരു പേടിയാണ്’

2018-ലായിരുന്നു നടി പ്രിയങ്ക ചോപ്ര ഗായകൻ നിക്ക് ജോനാസിനെ വിവാഹം കഴിച്ചത്. തുടർന്ന് 2022-ൽ വാടകഗർഭധാരണത്തിലൂടെ (surrogacy) ഇരുവരും മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനെ വരവേറ്റു. മകളുടെ ജനനശേഷം, ജീവിതം എങ്ങനെ മാറിയെന്നതിനെക്കുറിച്ച് പ്രിയങ്ക മുമ്പും പവതവണ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഗർഭകാലത്തുണ്ടായ മറ്റ് ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.'മാരി ക്ലെയർ' (Marie Claire) മാഗസിന് നൽകിയ അഭിമുഖത്തിൽ, മാൾടി 110 ദിവസത്തോളം എൻ.ഐ.സി.യുവിൽ (NICU) കഴിഞ്ഞതിനെക്കുറിച്ച് പ്രിയങ്ക സംസാരിച്ചു. "ഞങ്ങൾക്ക് ലഭിച്ച വലിയൊരു അനുഗ്രഹമാണ് മകൾ, കാരണം ഗർഭകാലത്ത് വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. അവൾ എന്റെ Miracle Baby - യാണ്. അവൾ ജനിച്ചതോടെ എന്റെ ജീവിതത്തിന്റെ വേഗത തന്നെ മാറി. ഇതൊരു പ്രീമെച്യൂർ അമ്മയുടെ അവസ്ഥയായിരിക്കാം. എപ്പോഴും എനിക്കൊരു പേടിയാണ്. അവൾ എന്റെ അരികിലില്ലാത്തപ്പോൾ, സ്കൂളിലായിരിക്കുമ്പോഴോ ഞാൻ മറ്റൊരു രാജ്യത്തായിരിക്കുമ്പോഴോ ഒക്കെ എന്റെ ഹൃദയം ശരീരത്തിന് പുറത്ത് അലയുന്നതുപോലെയുള്ള അവസ്ഥയാണ്." മാസം തികയാതെയായിരുന്നു മാൾട്ടിയുടെ ജനനം.
മാൾട്ടി ഇതിനകം തന്നെ ഒരു കലാകാരിയാണെന്ന് പ്രിയങ്ക പറയുന്നു. "മുറിയുടെ നടുവിൽ നിന്ന് തമാശകൾ പറയുകയും ഉറക്കെ പാടുകയും ചെയ്യുന്ന അവൾ എനിക്കൊരു അത്ഭുതമാണ്. എന്നെയും എന്റെ ഭർത്താവിനെയും അവളുടെ മുത്തശ്ശീമുത്തശ്ശന്മാരെയും ഒക്കെ അവളിൽ കാണാം. ഓരോ ദിവസവും അവൾ എനിക്കൊരു പുതിയ അത്ഭുതമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം അവളാണ്. എന്റെ മുൻഗണനകളെല്ലാം മാറി. എല്ലാം അവളിൽ തുടങ്ങുകയും അവളിൽ അവസാനിക്കുകയും ചെയ്യുന്നു."
നേരത്തെ, മകളുടെ ജനനവാർത്ത ചോർന്നതിനെത്തുടർന്നാണ്, ആ വിവരം പുറത്തുവിടാൻ നിർബന്ധിതയായതെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. മാൾട്ടിയുടെ ജനനം, നേരത്തെ ആയതിനാൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ആ സമയത്ത്, നിക്ക് ഗിറ്റാർ വായിച്ച് പാട്ടുപാടുമ്പോൾ താൻ മഹാമൃത്യുഞ്ജയ മന്ത്രം, ഗായത്രി മന്ത്രം, ഓം നമശിവായ മന്ത്രം എന്നിവ ജപിക്കുമായിരുന്നുവെന്നും പ്രിയങ്ക ഓർക്കുന്നു. മാൾട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പ്രിയങ്ക പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഷൂട്ടിങ്ങിനും മകളെ കൊണ്ടുപോകാറുണ്ടെന്നും താരം പറഞ്ഞിരുന്നു. പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രമായ 'ദ ബ്ലഫ്' (The Bluff) എന്ന സിനിമയുടെ ലൊക്കേഷനിലും മകളെ കണ്ടിരുന്നു.
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് പ്രിയങ്ക. മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം 1000 കോടി രൂപ ബജറ്റിലാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും ഇത്. ടൈം ട്രാവൽ പ്രമേയമായി വരുന്ന ചിത്രം ഇപ്പോൾ നിർമ്മാണഘട്ടത്തിലാണ്. 2027 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Priyanka Chopra describes her anxiety as a mother, feeling like her 'heart wanders outside her body'., She reflects on the difficult period when her daughter, Malti, spent 110 days in the NICU after a premature birth., Priyanka calls Malti her 'Miracle Baby' and says motherhood has completely shifted her life's priorities., The actress is set to return to Indian cinema in a high-budget S.S. Rajamouli film co-starring Mahesh Babu and Prithviraj Sukumaran.