'ഞങ്ങളുടെ മക്കൾ അകന്നു, കയ്പ്പിനും വെറുപ്പിനും പകരം സഹാനുഭൂതിയും അനുകമ്പയും തിരഞ്ഞെടുത്തു'

പിങ്കി റോഷൻ, സറീൻ ഖാൻ (ഇടത്തുനിന്ന് രണ്ടാമതും മൂന്നാമതും) | Instagram
പിങ്കി റോഷൻ, സറീൻ ഖാൻ (ഇടത്തുനിന്ന് രണ്ടാമതും മൂന്നാമതും) | Instagram

സുസെയ്ൻ ഖാന്റെ അമ്മ സറീൻ ഖാനും ഹൃത്വിക് റോഷന്റെ അമ്മ പിങ്കി റോഷനും വളരെയടുത്ത സുഹൃത്തുക്കളായിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് സറീൻ ഖാൻ വിടവാങ്ങുന്നത്. ഇപ്പോഴിതാ അടുത്ത സുഹൃത്തുമായുള്ള ജീവിതനിമിഷങ്ങളെപ്പറ്റി പിങ്കി റോഷൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ചർച്ചയാവുകയാണ്. സുസെയ്‌ന്റെയും ഹൃത്വിക് റോഷന്റെയും വിവാഹമോചനം ഒരുകാലത്ത് തങ്ങളെയെല്ലാം എങ്ങനെ തളർത്തിയെന്നും, ഒടുവിൽ അവരെ കൂടുതൽ അടുപ്പിക്കുന്ന രീതിയിൽ ആ മുറിവുകൾ ഉണങ്ങിയെന്നും പിങ്കി പറയുന്നു.

"വളരെ അപൂർവമായ ഒരു സൗഹൃദം. വിലപ്പെട്ട ഒരു ബന്ധം. പരസ്പരം സന്തോഷിച്ചിരുന്ന രണ്ട് അമ്മമാർ. മക്കൾ ഞങ്ങളുടെ സൗഹൃദത്തെ വധുവിന്റെയും വരന്റെയും അമ്മമാർ എന്ന ബന്ധത്തിലേക്ക് മാറ്റിയപ്പോൾ ഞങ്ങൾ ഏറ്റവും സന്തോഷവതികളായി. വിധിക്ക് അതിന്റേതായ പദ്ധതികൾ ഉണ്ടാകുന്നതുവരെ"- സറീനോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പിങ്കി കുറിച്ചു.

അവർ തുടർന്നു, "ഞങ്ങളുടെ മക്കൾ അകന്നു, അവരുടെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തെ അഭിമുഖീകരിക്കുമ്പോൾ, അമ്മമാരായ ഞങ്ങൾ കയ്പ്പിനും വെറുപ്പിനും പകരം സഹാനുഭൂതിയും അനുകമ്പയും തിരഞ്ഞെടുത്തു. കണ്ണുനീരോടെ പരസ്പരം ആശ്വസിപ്പിച്ചു, കെട്ടിപ്പിടിച്ചു, സമാധാനിപ്പിച്ചു, അങ്ങനെ ഞങ്ങൾ കൂടുതലടുത്തു. പരമാവധി ശ്രമിച്ചു, ബന്ധം കൂടുതൽ ശക്തമാകുന്നതും സൗഹൃദം മുമ്പത്തേക്കാളും സുരക്ഷിതമാകുന്നതും ഞങ്ങൾ കണ്ടു. സാർ, എനിക്ക് നിന്നെ മിസ് ചെയ്യും."

മറ്റൊരു പോസ്റ്റിൽ സറീന്റെ വ്യക്തിത്വത്തെക്കുറിച്ചും പിങ്കി എഴുതി, "സറീൻ ഖാൻ. ഇന്നത്തെ ലോകത്ത് നമുക്കെല്ലാവർക്കും തെറാപ്പിയും കൗൺസിലിങ്ങും ആവശ്യമാണ്, എന്നാൽ സാറിനെ അറിയാവുന്ന ആർക്കും അവൾ തന്നെയായിരുന്നു ഒരു തെറാപ്പി."

നാല് വർഷത്തെ പ്രണയത്തിന് ശേഷം 2000-ത്തിലാണ് ഹൃത്വിക് റോഷനും സുസെയ്‌നും വിവാഹിതരാവുന്നത്. 2014-ൽ അവർ വേർപിരിഞ്ഞെങ്കിലും സുസെയ്‌നും ഹൃത്വിക്കും അവരുടെ കുടുംബാംഗങ്ങളും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. കുടുംബത്തിലെ എല്ലാ ചടങ്ങുകൾക്കും പരസ്പരം പങ്കെടുക്കാറുമുണ്ട്.

81-ാം വയസ്സിലാണ് സറീൻ ഖാന്റെ മരണം. സഞ്ജയ് ആണ് ഭർത്താവ്. ഈ വർഷം ഏപ്രിലിൽ സറീനും സഞ്ജയ് ഖാനും 59-ാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. ഫറാ, സിമോൺ അറോറ, സെയ്ദ് എന്നിവരാണ് മറ്റുമക്കൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Pinkie Roshan shares a heartfelt tribute to her former mother-in-law, Zarine Khan, highlighting their bond post-divorce and Zarine`s remarkable spirit. Read her touching words.