‘കുഞ്ഞിനെ പ്രസവിക്കുക എന്നത് എന്റെ തീരുമാനമായിരുന്നു, വിവാഹം ഒരിക്കലും പ്രായോഗികമായിരുന്നില്ല’

വിവിയൻ റിച്ചാർഡ്‌സ്, നീന ഗുപ്ത | PTI
വിവിയൻ റിച്ചാർഡ്‌സ്, നീന ഗുപ്ത | PTI

നിലപാടുകൾകൊണ്ട് എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്ന നടിയാണ് നീന ഗുപ്ത. വിൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സുമായുള്ള അവരുടെ ബന്ധവും അത്ര തന്നെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. മകൾ മസാബ ഗുപ്ത ജനിച്ചിട്ടും എന്തുകൊണ്ടാണ് ഇരുവരും വിവാഹം കഴിക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ വിവിയൻ റിച്ചാർഡ്‌സും നീനയും തമ്മിൽ പ്രണയത്തിലായിരുന്നോ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "അത് അദ്ദേഹത്തോട് പോയി ചോദിക്കൂ. എല്ലാവർക്കും അദ്ദേഹത്തോട് ചോദിക്കാൻ പേടിയാണ്. എന്തുകൊണ്ടാണ് നിങ്ങൾ എല്ലാവരും എന്നോട് മാത്രം ചോദിക്കുന്നത്? ഞങ്ങൾ പ്രണയത്തിലായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ചുരുങ്ങിയ കാലം മാത്രമേ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നുള്ളൂ എങ്കിലും, ആ സമയം അതിമനോഹരമായിരുന്നു."

"വിവാഹം ഒരിക്കലും പ്രായോഗികമായിരുന്നില്ല. ഒന്നുകിൽ എനിക്ക് ജോലി ഉപേക്ഷിച്ച് വെസ്റ്റ് ഇൻഡീസിലേക്ക് പോകേണ്ടി വരുമായിരുന്നു, അല്ലെങ്കിൽ അദ്ദേഹം തന്റെ കരിയർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരണമായിരുന്നു. ഇത് രണ്ടും സാധ്യമായിരുന്നില്ല."

"ആ സമയത്ത് ഞാൻ പ്രണയത്തിൽ അന്ധയായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ ആരാണ് മറ്റുള്ളവർ പറയുന്നത് കേൾക്കുക? ആരെങ്കിലും സ്വന്തം തീരുമാനങ്ങളെക്കുറിച്ച് പുനർചിന്ത നടത്താറുണ്ടോ? അതോ മാതാപിതാക്കളെ അനുസരിക്കാറുണ്ടോ? കുഞ്ഞിനെ പ്രസവിക്കുക എന്നത് എന്റെ തീരുമാനമായിരുന്നു. വിവിയനോട് ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തു," നീന ഓർത്തെടുത്തു.

മസാബ തന്റെ മകളാണെന്ന് പരസ്യമായി അംഗീകരിക്കാൻ വിവിയൻ റിച്ചാർഡ്‌സ് ഒരിക്കലും മടിച്ചിട്ടില്ലെന്നും നീന കൂട്ടിച്ചേർത്തു. എന്നാൽ ഒരു കുഞ്ഞിനെ തനിച്ച് വളർത്തുന്നത് എളുപ്പമല്ലെന്നും അത് കുഞ്ഞിന് അത്ര നല്ലതല്ലെന്നും അവർ പറഞ്ഞു.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നീന ഗുപ്തയുടെ കാഴ്ചപ്പാടുകൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. 1989 നവംബറിലാണ്, വിവാഹത്തിന് മുൻപേ അവർക്ക് മകൾ മസാബ ജനിക്കുന്നത്. തന്റെ തീരുമാനം ജീവിതത്തിൽ ഗുണകരമായെങ്കിലും, മറ്റുള്ളവർ ഇത്തരമൊരു തീരുമാനം ലാഘവത്തോടെ എടുക്കരുതെന്ന് അവർ മുൻപ് ഉപദേശിച്ചിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Neena Gupta reveals why she didn`t marry Vivian Richards despite having daughter Masaba. Get insights into her candid interview.