വർഷങ്ങൾ നീണ്ട പിണക്കം മറന്ന് നയൻതാരയും തൃഷയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നയൻതാര, തൃഷ / ANI
നയൻതാര, തൃഷ / ANI

തെന്നിന്ത്യൻ നടിമാരായ നയൻതാരയും തൃഷയും തമ്മിൽ അത്ര സൗഹൃദത്തിൽ അല്ല എന്ന അഭ്യൂഹത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ആ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്നാണ് ഇരുവരുടെയും പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിൽ ദുബായിൽ ഒരു യാട്ടിലിരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്ന നയൻതാരയെയും തൃഷയെയും കാണാം. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

ഒരുകാലത്ത് അടുത്ത സൗഹൃദമുണ്ടായിരുന്നു തൃഷയും നയൻതാരയും തമ്മിൽ. 2008-ലാണ് ഇരുവരും തമ്മിൽ അകൽച്ചയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നത്. നയൻതാരയുടെ അവസരങ്ങൾ തൃഷയ്ക്ക് ലഭിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പറയപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം 'കുരുവി' എന്ന സിനിമയിലേക്ക് നയൻതാരയെയും തൃഷയെയും പരിഗണിച്ചെങ്കിലും, ഒടുവിൽ തൃഷയെ നായികയായി ഉറപ്പിച്ചു. അതാണ് കാര്യങ്ങൾ വഷളാക്കിയതത്രേ.

എന്നാൽ പ്രൊഫഷണൽ കാരണങ്ങളല്ല ഇതിനുപിന്നിലെന്ന് തൃഷ വ്യക്തമാക്കി. വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നും ചില പൊതുസുഹൃത്തക്കളാണ് ഇതിനു കാരണമെന്നും അവർ തുറന്നുപറഞ്ഞു.

''നയൻ വർഷങ്ങളായി ഈ ഇൻഡസ്ട്രിയിൽ ഉണ്ട്. നയനും ഞാനും തമ്മിലുള്ള പ്രശ്‌നങ്ങളിലേറെയും മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്കിടയിൽ ചെറിയ പിണക്കങ്ങൾ ഉണ്ടായിരുന്നു. കുറച്ചുകാലമായി പരസ്പരം സംസാരിച്ചിട്ട്. പക്ഷേ ഞങ്ങൾ തമ്മിൽ ഒരിക്കലും വഴക്കിട്ടിട്ടില്ല''.
 

കുറച്ചുനാളുകൾക്കുശേഷം നയൻതാരയും തൃഷയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. തൃഷയുമായി തനിക്ക് തെറ്റിദ്ധാരണയുണ്ടെന്നും വളരെക്കാലമായി പരസ്പരം സംസാരിച്ചിട്ടില്ലെന്നും നയൻ പറഞ്ഞു.

എന്നിരുന്നാലും, 2000-ത്തിൽ വിജയ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ നയൻതാര തൃഷയുമായുള്ള തന്റെ അടുപ്പക്കുറവിനെക്കുറിച്ച് സംസാരിച്ചതിങ്ങനെ, ''ഞാൻ തൃഷയുമായി സൗഹൃദത്തിലല്ല. ഞങ്ങൾ പരിചയക്കാരാണ്. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു, സ്ത്രീകൾ മറ്റ് സ്ത്രീകളുമായി ഇടപഴകില്ല എന്ന പഴയ വിശ്വാസം പോലെയാണ് ഇത്. പക്ഷേ സത്യം പറഞ്ഞാൽ, എനിക്ക് അവളുമായോ മറ്റാരുമായോ ഒരു പ്രശ്നവുമില്ല''.

പിന്നീട് ഈ പിണക്കം മാറ്റാൻ തൃഷ തന്നെയാണ് മുൻകൈ എടുത്തത്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ തൃഷയും നയൻതാരയുമെത്തി. അന്ന് തൃഷ നയൻതാരയുടെ അടുത്തെത്തി സംസാരിച്ചു. ഇതിനെക്കുറിച്ച് പിന്നീട് നയൻ പറഞ്ഞതിങ്ങനെ, ''തൃഷയാണ് ആ പിണക്കം മാറ്റാൻ മുന്നോട്ടുവന്നത്. അതിൽ അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: South Indian stars Nayanthara and Trisha, long rumored to be at odds, share stunning reunion photos from Dubai, delighting fans