ദീപികയുമായുള്ള പ്രണയം വെളിപ്പെടുത്തി മോഡൽ; 'ഓട്ടോയിലാണ് ഡേറ്റിങ്ങിന് പോയിരുന്നത്'

കശ്മീരിൽനിന്നുള്ള മോഡലും ബോളിവുഡ് നടനുമാണ് മുസമ്മിൽ ഇബ്രാഹിം. ഇപ്പോൾ അദ്ദേഹം ദീപിക പദുകോണിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ദീപികയുടെയും തന്റെയും തുടക്കകാലത്ത് തങ്ങൾ പ്രണയത്തിലായിരുന്നുവെന്നാണ് മുസമ്മിൽ അവകാശപ്പെടുന്നത്. ''അന്ന് ഞങ്ങൾ കുട്ടികളായിരുന്നു. അതുകൊണ്ട് ഓട്ടോറിക്ഷയിലാണ് ഞങ്ങൾ അക്കാലത്ത് ഡേറ്റിന് പോയിരുന്നത്. മഴയിൽ ഓട്ടോയിൽ ഡേറ്റിങ്ങിന് പോവുന്നത് രസകരമായ അനുഭവമായിരുന്നു. അതിനുശേഷം ഞാനൊരു കാർ വാങ്ങി. അന്നവൾക്ക് ഒരുപാട് സന്തോഷമായി''. സിദ്ധാർഥ് കണ്ണന്റെ പോഡ്കാസ്റ്റിലാണ് മുസമ്മിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. അക്കാലത്ത് ഇരുവരും കൂടി ഒരു ഷോ ചെയ്തിരുന്നു. ഗ്ലാഡ്‌റാഗ്‌സിലും മറ്റും തന്നെ കണ്ട് ദീപികയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും മുസമ്മിൽ തുറന്നുപറയുന്നു.
2000-ത്തിന്റെ തുടക്കത്തിലാണ് ദീപിക മുംബൈയിലെത്തുന്നതും മോഡലായി തന്റെ കരിയർ തുടങ്ങുന്നതും. അതേ സമയത്തുതന്നെയാണ് മുസമ്മിലും അവിടേക്ക് വരുന്നത്. മോഡലിങ് ചെയ്തും മ്യൂസിക് വീഡിയോകളിൽ അഭിനയിച്ചും തന്റെ കരിയർ കെട്ടിപ്പടുക്കാൻ ശ്രമിച്ചു മുസമ്മിൽ.
ദീപികയുടെ പേഴ്‌സണാലിറ്റിയെക്കുറിച്ച് ചോദിച്ചപ്പോൾ അതിന് മുസമ്മിൽ പറഞ്ഞതിങ്ങനെ, ''പ്രകാശ് പദുകോണിന്റെ മകളല്ലേ. അതുകൊണ്ട് ഏറെ ആത്മവിശ്വാസമുള്ളവളായിരുന്നു ദീപിക. എല്ലാവർക്കും അവളെ അറിയാമായിരുന്നു''. രണ്ടുവർഷത്തെ ഡേറ്റിങ്ങിനുശേഷം തങ്ങൾ പിരിഞ്ഞുവെന്നും മുസമ്മിൽ പറയുന്നു.
ദീപികയാണ് തന്നോട് പ്രണയാഭ്യർഥന നടത്തിയതെന്നും, എന്നാൽ താനാണ് ആ ബന്ധം അവസാനിപ്പിച്ചതെന്നും മുസമ്മിൽ അവകാശപ്പെടുന്നു. ''അന്ന് ഞാൻ താരമായിരുന്നു. അവൾ അങ്ങനെയായിരുന്നില്ല''. രൺവീർ സിങ്ങുമായുള്ള വിവാഹം വരെ തങ്ങൾ ഇടയ്ക്കിടയ്ക്ക് സംസാരിക്കുമായിരുന്നുവെന്നും മുസമ്മിൽ പറഞ്ഞു. ''ഡേറ്റിങ് അവസാനിപ്പിച്ചശേഷവും ഓരോ നേട്ടങ്ങളിലും പരസ്പരം അഭിനന്ദിക്കുമായിരുന്നു''.
ജാമിയ മില്യ യൂണിവേഴ്‌സിറ്റിയിൽനിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങ് പഠിക്കുന്ന സമയത്താണ് മുസമ്മിൽ, മോഡലിങ്ങിലേക്ക് കടക്കുന്നത്. 2003-ൽ മിസ്റ്റർ ഇന്ത്യ പട്ടംനേടി. 2004-ൽ കശ്മീരിൽനിന്ന് മുംബൈയിലേക്ക് മാറി. പൂജ ഭട്ടിന്റെ 'ധോക്ക' എന്ന സിനിമയിലെ നായകനായി അഭിനയിച്ചു. പിന്നീട്, സിനിമയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
എട്ടാമത്തെ വയസ്സിൽ ജീവൻ രക്ഷാ പതക് ലഭിച്ചിട്ടുണ്ട്. പുഴയിൽ മുങ്ങിപ്പോയ സഹപാഠിയെ രക്ഷിച്ചതിനാണത്. 2008-ൽ അറബിക്കടലിൽ മുങ്ങിപ്പോയ ഒരു വിദേശവനിതയെ രക്ഷിച്ചതിന് ഗോഡ്‌ഫ്രെ ഫിലിപ്‌സ് ബ്രേവറി അവാർഡും മുസമ്മിലിനെ തേടിയെത്തി.