'കുട്ടികളുണ്ടായാല്‍ കമ്പനി വിടാന്‍പറയും; ഭര്‍ത്താക്കന്മാര്‍ സഹകരിക്കില്ല, ഭാരം ഒറ്റയ്ക്ക് ഏല്‍ക്കണം'

ദക്ഷിണകൊറിയ എന്ന രാജ്യത്തിന്റെ ഭാവിയും നിലനില്‍പും തകിടംമറിക്കുമെന്ന തരത്തില്‍ ഒരു പ്രധാനവിഷയം ചര്‍ച്ചയാവുകയാണ്. സ്ത്രീകളും ദമ്പതിമാരും കുട്ടികള്‍ വേണ്ടെന്നു തീരുമാനിക്കുന്നു, ജനസംഖ്യ കുത്തനെയിടിയുന്നു എന്നതൊക്കെയാണ് വിഷയം. കുട്ടികളെ പ്രസവിച്ചു വളര്‍ത്താനാവില്ലെന്ന് തീരുമാനിച്ചവരില്‍ 20-കളിലുള്ളവരും 30-കളിലുള്ളവരും 40-കള്‍ പിന്നിട്ടവരുമുണ്ട്. ലോകത്ത് ജനനനിരക്ക് ഏറ്റവും കുറവുള്ള രാജ്യമാണ് ദക്ഷിണകൊറിയ. ഇനിയുമത് ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു. വര്‍ഷാവര്‍ഷം റെക്കോഡുകള്‍ തിരുത്തുന്നു. ഇനിയുമിങ്ങനെ മുന്നോട്ടുപോയാല്‍ 2100 ആകുമ്പോഴേക്കും ജനസംഖ്യ പകുതിയായി രാജ്യം ദുര്‍ബലപ്പെടുമെന്നാണ് മുന്നറിയിപ്പ്. ജനനനിരക്ക് മുന്‍വര്‍ഷത്തേതില്‍ നിന്ന് എട്ടു ശതമാനമാനം കുറഞ്ഞ് 2023-ല്‍ 0.72-ലെത്തി. കുട്ടികള്‍ വേണ്ടെന്നുവെക്കുന്ന പ്രവണത ദക്ഷിണകൊറിയയില്‍ മാത്രമൊതുങ്ങുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. യു.എസ്, ജപ്പാന്‍, ബ്രിട്ടന്‍, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി പലയിടത്തും സ്ഥിതി ഏറെക്കുറെ സമാനം.
മില്ലേനിയലുകള്‍ക്ക് കുഞ്ഞുങ്ങളെ വേണ്ടേ?
1981-നും 1996-നും ഇടയില്‍ ജനിച്ചവരാണ് മില്ലേനിയലുകള്‍. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നിയന്ത്രണം വെക്കുന്ന മില്ലേനിയല്‍ ദമ്പതിമാര്‍ ലോകത്തുടനീളമുണ്ടെന്നാണ് കണക്ക്. അമേരിക്കയിലെയും ജപ്പാനിലെയും ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍. സാമ്പത്തികമാന്ദ്യം, കുതിച്ചുയരുന്ന വിദ്യാര്‍ഥിവായ്പ, കഠിനമായ ജോലി, ഉയര്‍ന്ന വീട്ടുവാടക/അല്ലെങ്കില്‍ വീടു വാങ്ങാനുള്ള വില, കോവിഡ് -19 തുടങ്ങിയ പ്രതിസന്ധികള്‍ മറ്റേതൊരു തലമുറയേക്കാളും നേരിടേണ്ടി വന്നത് മില്ലേനിയലുകള്‍ക്കാണ്. പ്രത്യേകിച്ചും അവരുടെ ഗര്‍ഭം ധരിക്കേണ്ട പ്രായത്തില്‍. കുട്ടികളുണ്ടാവാന്‍ തയ്യാറെടുക്കുന്നതിനു മുമ്പ് ചെയ്തുതീര്‍ക്കേണ്ടതായ ധാരാളം ഉത്തരവാദിത്തങ്ങള്‍ അവര്‍ക്കുമേലുണ്ടെന്നാണ് അമേരിക്കയിലെ വനിതകളെക്കുറിച്ചും ദമ്പതിമാരെക്കുറിച്ചും വാഷിങ്ടണ്‍ പോസ്റ്റ് നടത്തിയ നിരീക്ഷണത്തിന്റെ നിഗമനം. എല്ലാം ചെയ്തുതീര്‍ക്കാന്‍ സമയം വേണമെന്നതിനാല്‍ സ്ത്രീകള്‍ ആദ്യപ്രസവത്തിന്റെ പ്രായം 20കളില്‍ നിന്ന് 30-കളിലേക്ക് നീട്ടുന്നു. ചിലര്‍ കുട്ടികള്‍ വേണ്ടെന്നുവെക്കുന്നു. മുന്‍ തലമുറകളില്‍ നിന്ന് വ്യത്യസ്തമായി, മില്ലേനിയലുകള്‍ക്ക് ഗര്‍ഭം വൈകിപ്പിക്കാനുള്ള മാര്‍ഗങ്ങളുണ്ടെന്നതും പ്രധാനമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ജനസംഖ്യാശാസ്ത്രജ്ഞനായ അലിസണ്‍ ജെമ്മില്‍ പറയുന്നു. 2007 മുതല്‍ അമേരിക്കയിലെ ജനനനിരക്ക് ഏകദേശം രണ്ടുശതമാനം വെച്ച് കുറയുന്നുണ്ട്. മുഴുവന്‍ സമയവും കുട്ടികള്‍ക്കുവേണ്ടി മാറ്റിവെക്കാനും സ്വന്തം കാര്യം നോക്കാന്‍ സമയമില്ലാതാകുന്നതുമൊക്കെ സ്ത്രീകളെ പിന്നോട്ടടിക്കുന്നു. കുട്ടികളുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടിവരുന്നത് മാനസികമായി തളര്‍ത്തുമെന്നും പലരും ഭയക്കുന്നുണ്ട്.
കുട്ടികളെ പരിചരിക്കാന്‍ ശമ്പളത്തോടുകൂടിയ അവധിയില്ലാത്തതടക്കം സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങളുടെ അഭാവവും അമേരിക്കന്‍ വനിതകള്‍ പ്രശ്‌നമായി കാണുന്നു. തൊഴിലിടത്തെ ഭാരിച്ച ജോലികള്‍ക്കൊപ്പം വീട്ടുജോലികളും കുട്ടികളെ നോക്കലും പലപ്പോഴും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണ്. 50 കൊല്ലം മുമ്പുണ്ടായിരുന്ന അവസരങ്ങളല്ല ഇന്ന് സ്ത്രീകള്‍ക്ക് മുമ്പിലുള്ളത്. അതുകൊണ്ടുതന്നെ ഓരോരുത്തരും തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ജീവിതം തിരഞ്ഞെടുക്കുന്നു. കുട്ടികള്‍ക്കുപകരം വേണമെങ്കില്‍ ഒരു വളര്‍ത്തുമൃഗത്തെയും കൂടെക്കൂട്ടുന്നു.
രണ്ടാംലോകയുദ്ധത്തിനുശേഷം ജപ്പാനിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കും വിവാഹനിരക്കുമായിരുന്നു കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. ജനനനിരക്ക് തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് താഴ്ന്ന നിലയിലേക്ക് പോയത്. പ്രശ്‌നം ഗുരുതരമെന്ന് ഭരണസംവിധാനം മുന്നറിയിപ്പുനല്‍കിക്കഴിഞ്ഞു. 12.5 കോടി വരുന്ന രാജ്യത്തെ ജനസംഖ്യ 2070 ആകുമ്പോഴേക്കും ഏകദേശം 30 ശതമാനം ചുരുങ്ങി 8.7 കോടിയാവുമെന്നാണ് പ്രവചനം. പത്തില്‍ നാലുപേരും 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കുമെന്നും.
കുഞ്ഞുങ്ങള്‍ 'ബാധ്യത'
ദക്ഷിണകൊറിയയുടെ കാര്യത്തിലേക്ക് തിരിച്ചുവരാം. തങ്ങള്‍ സ്വയം വംശത്തെ ഇല്ലാതാക്കുകയാണെന്ന് തമാശരൂപേണ ദക്ഷിണകൊറിയന്‍ വനിതകള്‍ പറയാറുണ്ടെങ്കിലും കുട്ടികളെ വേണ്ടെന്നു തീരുമാനിക്കുന്നതിലേക്കെത്തിച്ചേരാന്‍ അവര്‍ക്ക് കാരണങ്ങളേറെയുണ്ട്.
'കൊറിയയില്‍ ഡേറ്റ് ചെയ്യാന്‍ പാകത്തിലുള്ള പുരുഷനെ കണ്ടെത്താന്‍ പ്രയാസമാണ് - പ്രത്യേകിച്ചും വീട്ടുജോലികളും ശിശുപരിപാലനവും തുല്യമായി പങ്കിടാന്‍ തയ്യാറാവുന്ന ഒരാളെ. ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളര്‍ത്തേണ്ട ബാധ്യത സ്ത്രീകള്‍ക്കാവും എപ്പോഴും. മാത്രമല്ല, ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെ ഇവിടെ നല്ല രീതിയില്‍ വിലയിരുത്തുകയുമില്ല.' -ഒരു ദക്ഷിണകൊറിയന്‍ വനിത ബി.ബി.സി.യോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. വിവാഹിതരല്ലാതെ കുട്ടികളുണ്ടാകുന്നത് 2022-ലെ കണക്കുപ്രകാരം രണ്ടു ശതമാനം മാത്രമാണ് രാജ്യത്ത്.
കുട്ടികളുണ്ടാകുന്നതോടെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായവരെയും പ്രസവാവധി എടുത്തതിന്റെ പേരില്‍ പ്രമോഷനുകള്‍ നിഷേധിക്കപ്പെട്ടവരെയും കണ്‍മുന്നില്‍ കാണാറുണ്ടെന്നും അതുകൊണ്ട് ഒരിക്കലും പ്രസവിക്കില്ലെന്നും 28 കാരിയായ മറ്റൊരു വനിത പറഞ്ഞു. കുട്ടികളുണ്ടാകാന്‍ ഇടവേളയെടുത്താല്‍ പിന്നീട് ജോലിക്കുപോവാന്‍ പറ്റിയേക്കില്ലെന്ന് അവര്‍ ഭയപ്പെടുന്നു. കുട്ടികളുണ്ടെങ്കില്‍ ജോലി വിടണമെന്ന് ചില കമ്പനികള്‍ പരോക്ഷമായി പറയാറുണ്ട്. സഹോദരങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നേരിട്ട അനുഭവങ്ങള്‍ നേരിടേണ്ടി വന്നത് കണ്ടുവളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് അത് പാഠമാക്കാതെ വയ്യ. വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച് ജോലി വാങ്ങിയിട്ടും കുട്ടികളുണ്ടാവുന്നതോടെ വീട്ടിലിരിക്കേണ്ടിവരുന്നത് സ്ത്രീകളില്‍ മാനസികപ്രശ്‌നങ്ങളുമുണ്ടാക്കുന്നു. അവിവാഹിതര്‍ക്ക് ബീജധാതാക്കളില്‍ നിന്ന് ബീജം സ്വീകരിച്ച് ഗര്‍ഭം ധരിക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നുമില്ല. ജോലിത്തിരക്കുകള്‍ കൊണ്ട് കുഞ്ഞിനെ വേണമെന്നാഗ്രഹിച്ചിട്ടും നടക്കാതെ പോകുന്നവരുമേറെ.
ഉയര്‍ന്ന തൊഴില്‍മണിക്കൂര്‍
കൊറിയയിലെ തൊഴില്‍മണിക്കൂറുകള്‍ വളരെ കൂടുതലാണെന്നതാണ് മറ്റൊരു കടമ്പ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം മറ്റു ചുമതലകള്‍ കൂടി ഏറ്റെടുക്കാന്‍ സ്ത്രീകള്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. ഇത്തിരി സമയം ബാക്കിയുണ്ടെങ്കില്‍ കരിയറില്‍ മെച്ചപ്പെട്ട ജോലി നേടാനുള്ള പഠനത്തിനായി അവരത് മാറ്റിവെക്കുന്നു. അല്ലെങ്കില്‍ അതിന് നിര്‍ബന്ധിതരാവുന്നു. സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നില്ലെങ്കില്‍ തങ്ങള്‍ പരാജയമായിപ്പോകുമെന്ന ചിന്തയും കൊറിയന്‍ വനിതകള്‍ക്കിടയിലുണ്ട്. ഇത് ഇരട്ടിപ്പണിയെടുക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും അവര്‍ പറയുന്നു. ജോലി ചെയ്ത് തളരുമ്പോള്‍ ചിലര്‍ക്ക് ആഴ്ചാവസാനങ്ങളില്‍ ഐ.വി. ഡ്രിപ് ഇടേണ്ടിവരും. തിങ്കളാഴ്ച വീണ്ടും ജോലിക്കു പോകാനുള്ള ഊര്‍ജം കണ്ടെത്തണമല്ലോ.
വിദ്യാഭ്യാസത്തിന് ചെലവേറെ
കുട്ടികളെ വളര്‍ത്തലും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കലുമെല്ലാം കൊറിയയില്‍ ചെലവേറിയ കാര്യമാണ്. നാലാം വയസ്സുതൊട്ട് കുട്ടികളെ പാഠ്യേതര പരിശീലനങ്ങള്‍ക്ക് വിടുന്നത് പതിവാണിവിടെ. 2022-ലെ കണക്കുപ്രകാരം രണ്ടുശതമാനം രക്ഷിതാക്കള്‍ മാത്രമേ കുട്ടികള്‍ക്ക് പ്രൈവറ്റ് ട്യൂഷന്‍ നല്‍കാത്തവരായുള്ളൂ. 94 ശതമാനം രക്ഷിതാക്കളും വലിയ സാമ്പത്തികബാധ്യതയേറ്റെടുത്ത് കുട്ടികളെ പലതും പഠിക്കാന്‍ വിടുന്നു. പ്രത്യേകപരിശീലനങ്ങള്‍ കൊടുത്തില്ലെങ്കില്‍ അവര്‍ പുറകിലായിപ്പോവുമെന്നാണ് രക്ഷിതാക്കളുടെ ഭയം. കഴിഞ്ഞ 50 കൊല്ലത്തിനിടെ, കൊറിയയുടെ സമ്പദ് വ്യവസ്ഥ വളരെയധികം വികസിച്ചു. ഉന്നത വിദ്യാഭ്യാസത്തിലേക്കും തൊഴിലിലേക്കും പെണ്‍കുട്ടികള്‍ കൂടുതല്‍ ആകൃഷ്ടരായി.
ദേശീയ അടിയന്തരാവസ്ഥ
50 വര്‍ഷത്തിനുള്ളില്‍ ദക്ഷിണകൊറിയയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം പകുതിയായി കുറയും, രാജ്യത്തെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളവരുടെ എണ്ണം 58 ശതമാനം ചുരുങ്ങും, ജനസംഖ്യയുടെ പകുതിയോളം 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരിക്കും. സമ്പദ് വ്യവസ്ഥയേയും പെന്‍ഷനെയും സുരക്ഷയേയുമെല്ലാം ഒരുപോലെ ബാധിക്കുന്ന ഈ സ്ഥിതിയെ ദേശീയ അടിയന്തരാവസ്ഥയായി രാജ്യം പ്രഖ്യാപിച്ചുകഴിഞ്ഞു.
കുട്ടികളുള്ള ദമ്പതികള്‍ക്ക് പ്രതിമാസ പണം മുതല്‍ വീടിന് സബ്സിഡി, സൗജന്യ ടാക്സി വരെ സര്‍ക്കാര്‍ നല്‍കുന്നു. വിവാഹിതര്‍ക്ക് ആശുപത്രി ബില്ലുകളും ഐവിഎഫ് ചികിത്സകളുമെല്ലാം സര്‍ക്കാര്‍ സൗജന്യമാക്കി. എന്നാല്‍ ഈ സാമ്പത്തിക പ്രോത്സാഹനങ്ങളൊന്നും തന്നെ ആളുകളുടെ ചിന്താഗതി മാറ്റാന്‍ പോന്നതായിരുന്നില്ല. 30 വയസ്സിനുമുമ്പ് മൂന്ന് കുട്ടികളുണ്ടാകുന്ന ദമ്പതികളില്‍ പുരുഷന്മാര്‍ക്ക് നിര്‍ബന്ധിത സൈനികസേവനത്തില്‍ നിന്ന് ഇളവുനല്‍കുന്നതടക്കമുള്ള പരിഹാരങ്ങള്‍ ഭരണനേതൃത്വം ആലോചിക്കുകയാണിപ്പോള്‍.
ജനസംഖ്യ 5.15 കോടി, ആദ്യപ്രസവം 33 വയസ്സില്‍
2006 മുതല്‍, ക്യാഷ് സബ്സിഡികള്‍, ബേബി സിറ്റിങ് സേവനങ്ങള്‍, വന്ധ്യതാ ചികിത്സയ്ക്കുള്ള പിന്തുണ എന്നിവയടക്കം കുട്ടികളുണ്ടാകാന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ 270 ബില്യണ്‍ ഡോളറോളം ചെലവിട്ടിട്ടുണ്ട്. ഏകദേശം 5.15 കോടിയാണ് ദക്ഷിണകൊറിയയിലെ ജനസംഖ്യ. ഇതേ തോതില്‍ ജനസംഖ്യ നിലനിര്‍ത്താന്‍ ജനനനിരക്ക് ശരാശരി 2.1 വേണമെന്നിരിക്കെ, 0.72 മാത്രമാണുള്ളത്. 2018 മുതല്‍, 1-ല്‍ താഴെ ജനനനിരക്കുള്ള ഒരേയൊരു ഒ.ഇ.സി.ഡി. (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്) അംഗരാജ്യമാണ് ദക്ഷിണകൊറിയ. ദക്ഷിണ കൊറിയന്‍ സ്ത്രീകളുടെ ആദ്യപ്രസവത്തിന്റെ ശരാശരി പ്രായം 33.6 വയസ്സാണിപ്പോള്‍. ഒ.ഇ.സി.ഡി. അംഗരാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രായമാണിത്. കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക് തുടര്‍ന്നാല്‍, ഏഷ്യയിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ ജനസംഖ്യ 2100 ഓടെ ഏകദേശം പകുതിയായി കുറയുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ പറയുന്നു. '2023-ല്‍ നവജാതശിശുക്കളുടെ എണ്ണം 230,000 ആയിരുന്നു, മുന്‍വര്‍ഷത്തേക്കാള്‍ 19,200 കുറവ്'. ജനസംഖ്യ വര്‍ധിപ്പിക്കുമെന്ന അജണ്ടയുമായാണ് ഏപ്രിലില്‍ രാജ്യത്തുനടക്കുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ പ്രധാനരാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം കളത്തിലിറങ്ങുക.
Content Highlights: millennials aren’t having kids south korean women aren't having babies