അര്‍ജന്റീനയിലെ ഏറ്റവും പ്രശസ്തയായ വിധവ- മരിയ കൊഡാമ

ലോകസാഹിത്യത്തിലെ പ്രധാനപ്പെട്ട പേരാണ് മരിയ കൊഡാമ. എഴുത്തുകാരിയും വിവര്‍ത്തകയുമായ അര്‍ജന്റീനക്കാരി. സ്വിസ് -ജര്‍മന്‍ വംശജയായ അമ്മയുടെയും ജപ്പാന്‍കാരനായ അച്ഛന്റെയും മകള്‍. അഞ്ചാം വയസ്സില്‍ സ്‌കൂളില്‍ വച്ച് മരിയ ഒരു കവിത കേള്‍ക്കാനിടയായി. ലോക സാഹിത്യത്തിന് വിലമതിക്കാനാവാത്ത ഒട്ടേറെ കൃതികള്‍ സമ്മാനിച്ച അര്‍ജന്റീനന്‍ എഴുത്തുകാരന്‍ ഹൊര്‍ഹെ ലൂയിസ് ബോര്‍ഹസിന്റെ കവിതയായിരുന്നു അത്. തന്റെ പ്രണയിനിയ്ക്കായി ഏകാന്തതയും സങ്കടവും തോല്‍വികളും കവിതയിലൂടെ വെച്ചുനീട്ടുകയാണ് ബോര്‍ഹസ്. അതിനൊപ്പം ഹൃദയത്തിന്റെ വിശപ്പും അവള്‍ക്കേകുന്നു. വരികള്‍ പറഞ്ഞുകൊടുത്തശേഷം മരിയയോടായി അധ്യാപിക ചോദിച്ചു എന്താണ് ഹൃദയത്തിന്റെ വിശപ്പെന്ന്. വിശപ്പെന്നതിന് ഒരഞ്ചു വയസ്സുകാരിയുടെ പക്കലുണ്ടാകാനിടയുള്ള വിശദീകരണം തന്നെയാണ് മരിയ നല്‍കിയതും. അവളുടെ ഉത്തരം കേട്ടശേഷം അധ്യാപിക പറഞ്ഞു. ഹൃദയത്തിന്റെ വിശപ്പെന്നതിന്റെ ശരിയായ അര്‍ഥം വലുതാകുമ്പോള്‍ നിനക്ക് മനസ്സിലാകുമെന്ന്.
ആ അഞ്ചുവയസ്സുകാരി വളര്‍ന്നു. പന്ത്രണ്ടാം വയസ്സില്‍ ബ്യൂണിസ് ഐറിസില്‍വച്ച് ഹൃദയത്തിന്റെ വിശപ്പിനെപ്പറ്റി എഴുതിയ ആ എഴുത്തുകാരനെ അവള്‍ കണ്ടു. കൂടിക്കാഴ്ച അവിടംകൊണ്ടവസാനിച്ചില്ല. കൗമാരംകടന്നകാലത്ത് ഒരു പുസ്തകക്കടയില്‍ വച്ച് ബോര്‍ഹസിനെ അവള്‍ തൊട്ടരികത്ത് കണ്ടു. “പന്ത്രണ്ടാം വയസ്സില്‍ ഞാന്‍ നിങ്ങളുടെ പ്രഭാഷണം കേട്ടിട്ടുണ്ട്” അവള്‍ പറഞ്ഞു. മിടുക്കിയായ ആ പെണ്‍കുട്ടിയെ ബോര്‍ഹസിന് ഇഷ്ടമായി. താന്‍ തുടക്കമിട്ട ആംഗ്ലോസാക്‌സന്‍ സാഹിത്യ ഗ്രൂപ്പില്‍ അംഗമാകാന്‍ അദ്ദേഹം അവളെ ക്ഷണിച്ചു. ബ്യൂണിസ് ഐറിസ് സര്‍വകലാശാലയില്‍ മരിയ വൈകാതെ സാഹിത്യ വിദ്യാര്‍ഥിനിയായി. അവിടെ ബോര്‍ഹസ് അവളുടെ അധ്യാപകനായി. 1960 പിന്നിട്ടപ്പോള്‍ മരിയ ബോര്‍ഹസന്റെ അസിസ്റ്റന്റുമായി.
വക്കീലും മനശ്ശാസ്ത്രജ്ഞനും നോവലിസ്റ്റുമൊക്കെയായ അച്ഛന്‍ ഹോര്‍ഹെ ഗില്ലാര്‍മോ വഴി ബെര്‍ഹെസിനും പാരമ്പര്യമായ നേത്രരോഗം വന്നുചേര്‍ന്നു. കുട്ടിക്കാലത്തേ ഒപ്പംകൂടിയ കാഴ്ചപ്രശ്‌നങ്ങള്‍ ബോര്‍ഹസില്‍ യൗവനം പിന്നിട്ടതോടെ രൂക്ഷമായി. തുടരെയുള്ള ശസ്ത്രക്രിയകള്‍കൊണ്ടും ഫലമില്ലാതെയായി. വാര്‍ധക്യത്തോടെ ബോര്‍ഹസ് പൂര്‍ണമായും അന്ധനായി. 1955ല്‍ അര്‍ജന്റീനയിലെ നാഷണല്‍ ലൈബ്രറിയുടെ ഡയറക്ടറായി നിയമിതനാവുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ പൂര്‍ണമായും ഇരുട്ടിലായിരുന്നു. ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ക്കു നടുവില്‍ ഇരുളടഞ്ഞ കണ്ണുകളുമായി വായനയെ ഇഷ്ടപ്പെട്ട് ബോര്‍ഹസ് ഇരുന്നു. പതിയെ വന്ന അസ്തമയം എന്നാണ് ബോര്‍ഹസ് അന്ധതയെ വിശേഷിപ്പിച്ചത്.
ഇരുട്ടിന്റ ഈ ജീവിതഘട്ടത്തില്‍ അമ്മയായിരുന്നു ബോര്‍ഹസിന്റെ തുണ. യാത്രകളില്‍, എഴുത്തില്‍, വായനയില്‍ ഒക്കെയും അസെവെദോ സുവാരെസ് ഡി ബോര്‍ഹസ് എന്ന ആ അമ്മ നിഴലായി മകനൊപ്പമുണ്ടായിരുന്നു. അവരായിരുന്നു ബോര്‍ഹസിന്റെ ലിറ്റററി സെക്രട്ടറിയും. തൊണ്ണൂറ്റൊമ്പതാം വയസ്സില്‍ അമ്മയുടെ മരണത്തോടെ ബോര്‍ഹസിന്റെ ജീവിതത്തിന്റെ ഗതിമാറി. ഇവിടെയാണ് മരിയ കൊഡാമ പ്രസക്തയാവുന്നത്.
മരിയ, ബോര്‍ഹസിന്റെ ലിറ്റററി സെക്രട്ടറിയായി. അന്ധനായ ബോര്‍ഹസിന് മരിയ ശബ്ദമായി മാറി. വായിക്കേണ്ട കൃതികളൊക്കെയും മരിയയുടെ ശബ്ദത്തിലൂടെ ബോര്‍ഹസ് കേട്ടറിഞ്ഞു. അന്ധത എഴുത്തിനും വായനയ്ക്കും തടസ്സമായപ്പോഴും ബോര്‍ഹസ് ബ്രെയിലി ലിപി പഠിച്ചിരുന്നില്ല. എഴുതേണ്ടതൊക്കെയും ബോര്‍ഹസ് മരിയയ്ക്ക് പറഞ്ഞു കൊടുക്കും. അവര്‍ എഴുതും. അങ്ങനെ മരിയ ബോര്‍ഹസിന് ശബ്ദവും വിരലുകളുമായി മാറുകയായിരുന്നു. അവരൊന്നിച്ചായി പിന്നീടുള്ള യാത്രകളൊക്കെയും. ബോര്‍ഹസിന്റെ അറ്റ്‌ലസ് എന്ന ലേഖന സമാഹാരം അവരൊന്നിച്ചുള്ള യാത്രകളുടെ വിവരണങ്ങള്‍ കൂടിയാണ്.
പരിചയമില്ലാത്ത വഴികളിലൂടെ മരിയയുടെ കൈപിടിച്ചായി ബോര്‍ഹസിന്റെ നടത്തം. അവര്‍ തമ്മില്‍ 38 വയസിന്റെ അന്തരമുണ്ടായിരുന്നു. 1986ഏപ്രില്‍ 26ന് ഇരുവരും വിവാഹിതരായി. വൃദ്ധനായ ബോര്‍ഹസ് കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച് അവശനായകാലത്തായിരുന്നു ഈ വിവാഹം. തുടര്‍ന്ന് 1986ജൂലായ് 14ന് ജനീവയില്‍ വച്ച് ബോര്‍ഹസ് അന്തരിച്ചു.
തീര്‍ത്തും ഹ്രസ്വമായ ദാമ്പത്യം. അര്‍ജന്റീനയിലെ ഏറ്റവും പ്രശസ്തയായ വിധവയായി അവര്‍ ജീവിതം തുടര്‍ന്നു. ബോര്‍ഹസ് ലോക സാഹിത്യത്തിന് സമ്മാനിച്ച വിലപിടിപ്പുളള രചനകളുടെഅധിപയായും അവര്‍ മാറി. 1988ല്‍ മരിയ, ഇന്റര്‍നാഷണല്‍ ഹോര്‍ഹെ ലൂയിസ് ബോര്‍ഹസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ബോര്‍ഹസിനെപ്പോലെതന്നെ 86ാം വയസ്സില്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരിയയുടെയും മരണം.
അവര്‍ക്കിടയിലുണ്ടായിരുന്ന ബന്ധത്തെ നിര്‍വചിക്കാന്‍ ജീവചരിത്രകാരന്മാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എങ്കിലും ഒന്നുറപ്പിക്കാം, ലോക സാഹിത്യത്തിലെ ഗോപുരമാണ് ബോര്‍ഹസെങ്കില്‍ ആ ഗോപുരത്തില്‍ അണയാതെ കത്തിയ പ്രകാശമായിരുന്നു മരിയ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the story of Maria Kodama, widow of Jorge Luis Borges, and her role in preserving his literary works. Explore their unique relationship and her contributions to world literature.