ഓട്ടോഗ്രാഫിനായി വന്ന പെൺകുട്ടിയോട് സുനിൽ ഗവാസ്‌കറിന് പ്രണയം തോന്നി

സുനിൽ ഗവാസ്‌കറും മാർഷ്‌നീലും / X
സുനിൽ ഗവാസ്‌കറും മാർഷ്‌നീലും / X

കാൺപൂരിലെ ധനികനായ ലെതർ വ്യവസായിയുടെ മകളായ മാർഷ്‌നീൽ. പഠനത്തിനായാണ് അവർ ഡൽഹിയിലെത്തിയത്. അവിടുന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തക്രിക്കറ്റ് താരമായ സുനിൽ ഗവാസ്‌കറുടെ ജീവിതത്തിലേക്കുള്ള വരവ് ഒരു കഥ പോലെയാണ്.

1973-ലാണ്. സുനിൽ ഗവാസ്‌കറുടെ കടുത്ത ആരാധികയായ മാർഷ്‌നീൽ, ഇന്ത്യയുടെ ഒരു മത്സരവും ഒഴിവാക്കില്ലായിരുന്നു. അപ്പോഴാണ് ഡൽഹിയിൽ ക്രിക്കറ്റ് കളിയുണ്ടെന്നറിയുന്നത്. ഉടനെ കളികാണാനായി കൂട്ടുകാർക്കൊപ്പം മാർഷ്‌നീലുമെത്തി. ഉച്ചഭക്ഷണസമയത്ത് കൂട്ടുകാരെല്ലാം ചേർന്ന് കളിക്കാരുടെ ഓട്ടോഗ്രാഫ് വാങ്ങാനായെത്തി. 

ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട സണ്ണി, അവിടുന്ന് കുറച്ച് അകന്നുനിൽക്കുകയായിരുന്നു. ഇതുകണ്ടയുടനെ മാർഷ്‌നീൽ ഓട്ടോഗ്രാഫിനായി അങ്ങോട്ടുപോയി. ആ പെൺകുട്ടിയെ കണ്ടയുടനെ സണ്ണി പ്രണയത്തിലായി, ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. അത് തുറന്നുപറയാനും അദ്ദേഹം മടിച്ചില്ല. പക്ഷേ, മാർഷ്‌നീൽ മറുപടിയൊന്നും പറഞ്ഞില്ല.

കുറച്ചുമാസങ്ങൾക്കുശേഷം സുനിൽ കാൺപൂരിലെത്തി. മാർഷ്‌നീലിനോട് പ്രണയാഭ്യർഥന നടത്തി. അവരും ഓകെയായിരുന്നു. അതിനുശേഷം സണ്ണി സ്ഥിരമായി കാൺപൂരിലേക്ക് പോവാൻ തുടങ്ങി. കാമുകിയെ കാണാനാണെന്ന് അന്നത്തെ മാധ്യമങ്ങൾ എഴുതി, പക്ഷേ ആരാണ് കാമുകിയെന്നത് അജ്ഞാതമായിരുന്നു. 

ഒരുവർഷത്തോളം പ്രണയം. അതുകഴിഞ്ഞ് ഒരു മാച്ച് കാണാനായി മാർഷ്‌നീലിന്റെ കുടുംബത്തെ സണ്ണി ക്ഷണിച്ചു. അവിടെവെച്ചാണ് വിവാഹാഭ്യർഥന നടത്തുന്നത്. കുടുംബത്തിനും എതിർപ്പൊന്നുമില്ലായിരുന്നു. 1974-ൽ വിവാഹവും.
 

Content Highlights: marshneil came to get the autograph of sunil gavaskar and he fall in love