ആ ഷൂട്ടിങ്ങിനിടെയാണ് രാംചരൺ പ്രണയം തിരിച്ചറിയുന്നത്; അധികം വൈകാതെ ഡേറ്റിങ് തുടങ്ങി

ഉപാസനയും രാം ചരണും / AFP
ഉപാസനയും രാം ചരണും / AFP

കോളേജിലെ സഹപാഠികളിൽനിന്ന് ജീവിതപങ്കാളികളായ കഥയാണ് രാംചരണിന്റേതും ഭാര്യ ഉപാസന കാമിനേനിയുടേതും. രാംചരണിന്റേത് സിനിമാകുടുംബം. എന്നാൽ, തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിൽനിന്നാണ് ഉപാസനയുടെ വരവ്. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റൽസിന്റെ സ്ഥാപകനായ പ്രതാപ് സി.റെഡ്ഡിയുടെ പേരക്കുട്ടിയാണ് ഉപാസന. സിനിമയുമായി കുടുംബത്തിലാർക്കും ഒരു ബന്ധവുമില്ല.  

''ആദ്യമൊക്കെ രാംചരണിന്റെ താരത്തിളക്കത്തോട് യോജിച്ചുപോകാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം എന്റെ ലോകം വേറെയായിരുന്നു'', ഉപാസന ഒരിക്കൽ പറഞ്ഞു. പക്ഷേ, അത് തങ്ങളുടെ കുടുംബജീവിതത്തെ ഒരുതരത്തിലും ബാധിക്കാതിരിക്കാൻ ഉപാസനയും രാംചരണും ശ്രമിച്ചു. 

''ഉപാസന ഒരിക്കലുമൊരു താരപത്‌നി മാത്രമല്ല. പല ലേബലുകൾ കൊണ്ട് ആ ടാഗ് അവൾ മറികടന്നിട്ടുണ്ട്. കുടുംബകാര്യങ്ങളും അവളുടെ ജോലിയുമെല്ലാം അത്ര ഭംഗിയായിട്ടാണ് അവൾ കൊണ്ടുപോവുന്നത്. ഭാര്യ എന്നതിലുപരി ഞങ്ങളെ എപ്പോഴും ഒരുമിച്ച് നിർത്തുന്ന കരുത്തും ബലവും കൂടിയാണവൾ'', രാംചരൺ പലപ്പോഴും ഭാര്യയെക്കുറിച്ച് പറയാറുണ്ട്. 

രാം ചരണും ഉപാസനയും കുഞ്ഞിനൊപ്പം / PTI

സുഹൃത്തുക്കളായിരുന്നു ഇരുവരും. കോളേജിൽവെച്ചേയുള്ള പരിചയം. ''പഠനകാലത്ത് സുഹൃത്തുക്കൾ മാത്രമായിരുന്നു. അതുകഴിഞ്ഞ് ഞാൻ പഠിക്കാനായി വിദേശത്തുപോയി. അവിടെത്തിയപ്പോഴാണ് സൗഹൃദം മാത്രമല്ല, മറ്റെന്തോ ആണെന്ന് തിരിച്ചറിയുന്നത്. ഒരേതരത്തിലുള്ള ചിന്തകളും അഭിപ്രായങ്ങളുമാണ് ഞങ്ങളെ അടുപ്പിച്ചത്'', രാംചരൺ ഒരിക്കൽ പറഞ്ഞു. അപ്പോഴും പ്രണയം എന്നതിലേക്ക് എത്തിയിരുന്നില്ല. 

മഗധീര എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ്, ഉപാസനയോടുള്ള അടുപ്പം പ്രണയമായി മാറിയത് രാംചരണിന് മനസ്സിലാവുന്നത്. സിനിമയുടെ റിലീസിനുശേഷം അവർ ഡേറ്റിങ് തുടങ്ങി. 2012 ജൂൺ 14-ന് വിവാഹവും. 2023 ജൂൺ 20-ന് അവർക്കൊരു പെൺകുഞ്ഞ് ജനിച്ചു, ക്ലിൻ കാര. 

''പങ്കാളികളെന്ന നിലയിൽ ഒരു സമ്മർദവും ബാധിക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കാറുണ്ട്. സമൂഹത്തിൽനിന്നുള്ളതോ, കുടുംബത്തിൽനിന്നുള്ളതോ ആയ ഒരു സമ്മർദവും ഞങ്ങൾക്കിടയിലേക്ക് കൊണ്ടുവരാറില്ല. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചും കുഞ്ഞുണ്ടാവാത്തതിനെക്കുറിച്ചുമൊക്കെ പലപ്പോഴും ചർച്ചകൾ ഉണ്ടാവാറുണ്ട്. അതൊന്നും ഞങ്ങളെ ബാധിക്കാറേയില്ല'', തങ്ങളുടെ ബന്ധത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച് ഉപാസന പറഞ്ഞതിങ്ങനെ. സാമൂഹ്യപ്രവർത്തകയും അപ്പോളോ ചാരിറ്റിയുടെ വൈസ് ചെയർമാനുമാണിന്ന് ഉപാസന.
 

Content Highlights: lovestory of ram charan and upasana