രാഹുല്‍ ദ്രാവിഡ് ഉറക്കത്തിനിടയില്‍ എഴുന്നേറ്റ് നടക്കുന്നതാണെന്ന് അന്ന് വിജേത കരുതി

ജെന്റില്‍മാന്‍, ദ വാള്‍, മിസ്റ്റര്‍ ഡിപ്പന്റബിള്‍...ഇങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോച്ചുമൊക്കെയായ രാഹുല്‍ ദ്രാവിഡിന്. എന്നാല്‍, ദ്രാവിഡിനെക്കുറിച്ച് ഭാര്യ വിജേതയോട് ചോദിച്ചാല്‍ അവരുടെ ഉത്തരം ഇങ്ങനെയായിരിക്കും, 'മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്'.
സൗഹൃദം പ്രണയമായി കഥയാണ് രാഹുലിന്റേതും വിജേതയുടേതും. ഇന്ത്യന്‍ വ്യോമസേനയിലാണ് വിജേതയുടെ അച്ഛന്‍ ജോലി ചെയ്തിരുന്നത്. സ്ഥലംമാറ്റി കിട്ടി ബാംഗ്ലൂരിലെത്തിയപ്പോള്‍ അവര്‍ താമസിച്ചത് ദ്രാവിഡിന്റെ വീടിനടുത്താണ്. അങ്ങനെ കുടുംബാംഗങ്ങള്‍ തമ്മില്‍ അടുപ്പത്തിലായി. അന്ന് പക്ഷേ വിജേത ജനിച്ചിട്ടില്ല. വിജേതയുടെ അച്ഛന്‍ അടുത്തതായി പോയത് നാഗ്പൂരിലേക്കായിരുന്നു. അവിടെവെച്ചാണ് വിജേത ജനിക്കുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ദ്രാവിഡിന്റെ അച്ഛനും നാഗ്പൂരില്‍ ജോലിചെയ്തു. ബാംഗ്ലൂരിലെ സൗഹൃദം, കുടുംബം പുതുക്കുന്നത് അവിടെവെച്ചാണ്. രാഹുലും വിജേതയും തമ്മില്‍ ആദ്യമായി കാണുന്നതും അന്നുതന്നെ.
അധികം വൈകാതെ അവര്‍ സൗഹൃദത്തിലായി. ക്രിക്കറ്റിനായി കഠിനാധ്വാനം ചെയ്യുന്ന പയ്യനും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായിരുന്നു അന്ന് രാഹുലും വിജേതയും. ഒരുവര്‍ഷത്തിനുള്ളില്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലിടം പിടിച്ചു. ഇന്ത്യന്‍ ടീമില്‍ കയറിയശേഷവും ആ സൗഹൃദത്തിന് യാതൊരു ഉലച്ചിലും സംഭവിച്ചില്ല. സമയം കിട്ടുമ്പോഴെല്ലാം രാഹുല്‍, വിജേതയെ കാണാന്‍ നാഗ്പൂരില്‍ ഓടിയെത്തി. അന്നും പ്രണയമാണെന്ന് ഇരുവരും തുറന്നുസമ്മതിച്ചിരുന്നില്ല. അവര്‍ മനസ്സിലാക്കിയിരുന്നില്ലെന്നും പറയാം. പക്ഷേ, രാഹുലിന് വിജേതയോടുള്ള പ്രത്യേക അടുപ്പം അന്നുതന്നെ കൂട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു.
അധികം വൈകാതെ അവര്‍ പ്രണയം തുറന്നുപറഞ്ഞു. വീട്ടുകാര്‍ക്കും അക്കാര്യത്തില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. 2002-ലായിരുന്നു വിവാഹനിശ്ചയം. അടുത്തവര്‍ഷം വിവാഹം നടത്താനായിരുന്നു തീരുമാനം. പക്ഷേ ലോകകപ്പിനുവേണ്ടി അത് രാഹുല്‍ മാറ്റിവെച്ചു. ആ ലോകകപ്പ് കാണാന്‍ വിജേതയും രാഹുലിനൊപ്പം പറന്നു. അതുകഴിഞ്ഞുവന്ന് 2003 മേയില്‍ വിവാഹവും. അടുത്തവര്‍ഷം തന്നെ ആദ്യത്തെ കുട്ടി ജനിച്ചു, സമിത്. മൂന്നുവര്‍ഷത്തിനുള്ളില്‍ അടുത്ത മകന്‍ അന്‍വയും ജനിച്ചു.
തന്റെ ക്രിക്കറ്റ് കരിയറിലുടനീളം വിജേതയുടെ പിന്തുണ വളരെ വലുതായിരുന്നുവെന്ന് രാഹുല്‍ എപ്പോഴും പറയാറുണ്ട്. കാരണം, രാഹുലിനും തന്റെ കുടുംബത്തിനും വേണ്ടി തന്റെ കരിയര്‍ തന്നെയാണ് വിജേത ഉപേക്ഷിച്ചത്. രാഹുലിനൊപ്പം താനും തിരക്കായാല്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് വിജേത ആ തീരുമാനമെടുത്തത്.
ക്രിക്കറ്റാണ് രാഹുലിന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനമെന്ന് വിജേതയ്ക്കറിയാമായിരുന്നു. രാത്രിയിലും അസമയത്തുമെല്ലാം ക്രിക്കറ്റ് പരിശീലിച്ചുകൊണ്ടിരുന്ന ദ്രാവിഡിനെയാണ് വിജേതയ്ക്ക് പരിചയം. ബോളോ ചിലപ്പോള്‍ ബാറ്റോ ഇല്ലാതെ, കൈകള്‍ കൊണ്ട് ബാറ്റിങ് ആക്ഷന്‍ കാണിക്കുന്ന ദ്രാവിഡിനെയാണ് പലപ്പോഴും ഞെട്ടിയുണരുമ്പോള്‍ വിജേത കണ്ടിരുന്നത്. ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നതാണെന്ന് ആദ്യം കരുതി. പിന്നീടാണ് അതല്ലെന്ന് മനസ്സിലായത്.
വിവാഹശേഷം ദ്രാവിഡിന്റെ മാച്ചുകള്‍ കാണാന്‍ വിജേതയും പോകുമായിരുന്നു. കുട്ടികളുണ്ടായശേഷവും ആ പതിവ് തുടര്‍ന്നു. പോകുന്നിടത്തെല്ലാം താമസിച്ചിരുന്നത് രണ്ടുമുറികളിലാണെന്ന് മാത്രം. ദ്രാവിഡിന് മെഡിറ്റേഷനും പരിശീലത്തിനുമായാണ് ഒരുമുറി. ആ മുറിയിലേക്ക് വിജേതയും കുട്ടികളും പോവില്ലായിരുന്നു.
Content Highlights: love story of rahul dravid and wife vijeta