ഭർത്താവുമായി വേർപിരിഞ്ഞോ? മറുപടി നൽകി രമ്യ കൃഷ്ണൻ; 'ലിവ്-ഇൻ റിലേഷനാണ് നല്ലത്'

രമ്യ കൃഷ്ണൻ ഭർത്താവിനും മകനുമൊപ്പം | Instagram
രമ്യ കൃഷ്ണൻ ഭർത്താവിനും മകനുമൊപ്പം | Instagram

നടി രമ്യ കൃഷ്ണനും സംവിധായകൻ കൃഷ്ണ വംശിയും വേർപിരിഞ്ഞുവെന്നുള്ള അഭ്യൂഹങ്ങൾ വർഷങ്ങളായുണ്ട്. ഇരുവരും വ്യത്യസ്ത നഗരങ്ങളിലാണ് താമസിക്കുന്നത് എന്നത് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയാണുണ്ടായത്. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്തുകൊണ്ട്, വിവാഹത്തെ 'ബന്ധങ്ങളിലെ അമിതമായി വാഴ്ത്തപ്പെടുന്ന ഒരു പ്രക്രിയ' എന്നാണ് രമ്യ വിശേഷിപ്പിച്ചത്. കൃഷ്ണ വംശിയും താനും ഇപ്പോഴും ഒരുമിച്ചാണോ എന്നും തങ്ങളുടെ ബന്ധം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നും അവർ വ്യക്തമാക്കുകയും ചെയ്തു. ഭർത്താവായ സംവിധായകനെക്കാൾ അദ്ദേഹത്തിന്റെ കുടുംബത്തോടാണ് തനിക്ക് കൂടുതൽ ഉത്തരവാദിത്തമുള്ളതെന്നും അവർ സൂചിപ്പിച്ചു.

'റോ ടോക്ക്‌സ് വിത്ത് വി.കെ' എന്ന പോഡ്കാസ്റ്റിലാണ് രമ്യ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. വിവാഹജീവിതവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് രമ്യ പ്രതികരിച്ചതിങ്ങനെ, ''ഞങ്ങൾ ഇപ്പോഴും പൂർണ്ണമായും വിവാഹിതരായിത്തന്നെയാണ് കഴിയുന്നത്. എന്നാൽ, സൗകര്യപ്രദമായും സന്തോഷത്തോടെയും ഞങ്ങൾ രണ്ട് വ്യത്യസ്ത നഗരങ്ങളിലായാണ് താമസിക്കുന്നത്. ഞാൻ ഒരു ടിവി ഷോയുടെ ചിത്രീകരണം തുടങ്ങിയ സമയത്ത് എന്റെ മകൻ വളർന്നുവരുന്ന പ്രായത്തിലായിരുന്നു. അന്ന് ഞങ്ങൾ ഹൈദരാബാദിലായിരുന്നു. തെലങ്കാന പ്രക്ഷോഭകാലത്ത്, ഞാൻ ഓരോ 15 ദിവസത്തിലും ചെന്നൈയിലേക്ക് വരികയും തിരികെ പോകുകയും ചെയ്യുമായിരുന്നു. സമരങ്ങളും സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യങ്ങളും വന്നപ്പോൾ, അത് എനിക്കും കുട്ടിക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഞാൻ നഗരം വിട്ടുപോകുമ്പോഴെല്ലാം അവൻ അസുഖബാധിതനാകുമായിരുന്നു. അതിനാൽ, അവനെ ചെന്നൈയിലെ ഒരു സ്‌കൂളിൽ ചേർക്കാൻ ഞാൻ തീരുമാനിച്ചു''.

വിവാഹം എന്നത് അമിതമായി മഹത്വവൽക്കരിക്കപ്പെട്ട ഒന്നാണെന്നാണ് രമ്യയുടെ അഭിപ്രായം. കൃഷ്ണയുമായി വിവാഹിതയാകുന്നതിന് പകരം ലിവ്-ഇൻ റിലേഷൻഷിപ്പ് ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. ''ഒരു ബന്ധത്തിൽ വിവാഹം എന്നത് അമിതമായി പ്രാധാന്യം നൽകപ്പെടുന്ന ഒന്നാണെന്ന് എനിക്ക് തോന്നുന്നു. ആവശ്യമെന്ന് തോന്നുമ്പോൾ മാത്രം സംഭവിക്കേണ്ട ഒന്നാണ് വിവാഹം. വാസ്തവത്തിൽ, 'എന്തിനാണ് വിവാഹം? നമുക്ക് ഒരുമിച്ച് താമസിക്കാം' എന്ന് വംശി പലതവണ ചോദിച്ചിരുന്നു. അന്ന് ഞാൻ അതിന് സമ്മതിക്കേണ്ടിയിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. വിവാഹം എന്നത് കുടുംബങ്ങളെയും ചുറ്റുമുള്ള ഒട്ടേറെ ആളുകളെയും ഉൾക്കൊള്ളുന്ന ഒന്നാണ്; അത്തരമൊരു സാഹചര്യത്തിൽ, പങ്കാളിയുമായുള്ള ബന്ധത്തേക്കാൾ ഉപരിയായി, ആ ബന്ധത്തെക്കുറിച്ച് മറ്റുള്ളവരോട് മറുപടി പറയാൻ നിങ്ങൾ ബാധ്യസ്ഥരാകുന്നു. ഞാൻ പറഞ്ഞു വരുന്നത് ഇതാണ്, ആ വ്യക്തിയുമായുള്ള എന്റെ ബന്ധം തികച്ചും മികച്ചതാണ്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും'', അവർ പറഞ്ഞു.

തങ്ങൾ വേർപിരിഞ്ഞു താമസിക്കുന്നതുകൊണ്ടാണ് ഇപ്പോഴും വിവാഹബന്ധം തുടരുന്നതെന്നാണ് തന്റെ തോന്നലെന്നും രമ്യ പറഞ്ഞു. എപ്പോഴും വഴക്കിടുന്നതിന് പകരം ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവിന്റെ ജീവിതം സിനിമയിൽ തുടങ്ങി സിനിമയിൽത്തന്നെയാണ് അവസാനിക്കുന്നതെന്നും രമ്യ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് 'ശ്രീ ആഞ്ജനേയം' എന്ന സിനിമയുടെ രണ്ടാം പകുതിയെക്കുറിച്ച് താൻ വിമർശനം ഉന്നയിച്ചതിന് ശേഷം, അദ്ദേഹം തന്റെ ജോലിയെക്കുറിച്ചുള്ള കാര്യങ്ങൾ തന്നോട് പങ്കുവെക്കുന്നത് നിർത്തിയെന്നും, ഇപ്പോൾ രണ്ടുപേരും അവരവരുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അവർ വെളിപ്പെടുത്തി.

ഗുലാബി, സിന്ദൂരം തുടങ്ങിയ സിനിമകളുടെ സെറ്റിൽവെച്ചാണ് അവർ കണ്ടുമുട്ടിയത്. 2003-ൽ വിവാഹിതരായി. ഇവരുടെ മകൻ റിത്വിക് വംശി 2005-ലാണ് ജനിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ramya Krishnan clarified that she and Krishna Vamsi are still married but live in different cities for convenience., She stated that marriage is an over-rated concept and expressed that a live-in relationship might have been better., Explained how living separately helped maintain their relationship and avoid constant arguments.