‘മരിക്കാൻ പോകുകയാണെന്നറിഞ്ഞിട്ടും ഞാനവളെ വിവാഹം കഴിച്ചു, കണ്മുന്നിൽ അവൾ മരിക്കുന്നത് കാണേണ്ടി വന്നു’

ഇതിഹാസ ചലച്ചിത്ര താരമായ മധുബാലയുടെ 57-ാം ചരമവാർഷികമായിരുന്നു ഇന്നലെ. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ്, പ്രശസ്ത പിന്നണി ഗായകൻ കിഷോർ കുമാർ, തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ പ്രിതിഷ് നന്ദിയോട് നടത്തിയ ചില തുറന്നുപറച്ചിലുകൾ ഇന്നും ഏറെ ശ്രദ്ധേയമാണ്.
1985 - ൽ 'ദ ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ'യിൽ പ്രസിദ്ധീകരിച്ച ഈ അഭിമുഖം, കിഷോർ കുമാറിന്റെ ജീവിതത്തിലെ അറിയാക്കഥകളിലേക്കുള്ള ഒരു ജാലകമായിരുന്നു. ജന്മനായുള്ള ഹൃദയരോഗം ബാധിച്ച് ചെറുപ്രായത്തിൽ തന്നെ അന്തരിച്ച മധുബാലയുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച് അദ്ദേഹം അന്ന് മനസ്സുതുറന്നു.
"അവൾ തികച്ചും വ്യത്യസ്തയായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ അവൾക്ക് അസുഖമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഒരു വാക്ക് കൊടുത്താൽ അത് പാലിക്കണമല്ലോ. മരിക്കാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും ഞാൻ അവളെ വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു. ഒമ്പത് നീണ്ട വർഷങ്ങൾ ഞാൻ അവളെ ശുശ്രൂഷിച്ചു. എന്റെ കണ്മുന്നിൽ അവൾ മരിക്കുന്നത് എനിക്ക് കാണേണ്ടി വന്നു. ഇത് അനുഭവിച്ചവർക്ക് മാത്രമേ ഇതിന്റെ വേദന മനസ്സിലാകൂ."
"വളരെ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു അവൾ, എന്നാൽ അത്രയും വേദനയോടെയാണ് അവൾ മരിച്ചത്. നിസ്സഹായാവസ്ഥയിൽ അവൾ നിലവിളിക്കുമായിരുന്നു. അത്രയും സജീവമായിരുന്ന ഒരാൾക്ക് ഒമ്പത് വർഷം കിടപ്പിലാകുന്നത് എങ്ങനെ താങ്ങാൻ കഴിയും? ഡോക്ടർമാർ പറഞ്ഞതനുസരിച്ച് എപ്പോഴും അവളെ സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിച്ചു. അവസാന ശ്വാസം വരെ ഞാൻ അത് ചെയ്തു. ഞാൻ അവളോടൊപ്പം ചിരിക്കുകയും കരയുകയും ചെയ്തു."
ഹിന്ദി സിനിമയിലെ ഏറ്റവും പ്രശസ്തയായ നടിയായിരുന്നു മധുബാല. 1942-ൽ 'ബസന്ത്' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. 'മഹൽ' (1949), 'മുഗൾ-ഇ-ആസം'(1960) തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ താരപദവിയിലേക്കുയർന്നു. ഏകദേശം എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച അവർ 1960-ൽ കിഷോർ കുമാറിനെ വിവാഹം കഴിച്ചു. 1969 ഫെബ്രുവരി 23-ന്, തന്റെ 36-ാം വയസ്സിൽ ഹൃദ്രോഗം മൂലം അവർ മരിച്ചു.
അഭിനയം, സംഗീതം, ഗായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രതിഭയായിരുന്നു കിഷോർ കുമാർ. 1985-ൽ മധ്യപ്രദേശ് സർക്കാരിന്റെ ലത മങ്കേഷ്‌കർ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. ബോംബെ ടാക്കീസിൽ ഒരു കോറസ് ഗായകനായാണ് അദ്ദേഹം കരിയർ തുടങ്ങിയത്. 'സിദ്ധി' എന്ന ചിത്രത്തിലെ 'മർനെ കി ദുവായേൻ ക്യോ മാംഗൂ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
തന്റെ ആലാപനത്തിൽ അദ്ദേഹം കൊണ്ടുവന്ന 'യോഡലിങ്' (yodeling) ശൈലി ഏറെ പ്രശസ്തമാണ്. 'സിന്ദഗി ഏക് സഫർ ഹേ സുഹാന', 'ചലാ ജാതാ ഹൂം' തുടങ്ങിയ ഗാനങ്ങൾ ഇതിന് ഉദാഹരണമാണ്. 1987 ഒക്ടോബർ 13-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നാലു തവണ വിവാഹിതനായ കിഷോർ കുമാറിന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു മധുബാല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: ishore Kumar`s rare interview about marrying Madhubala, knowing her illness, and caring for her for 9 years until her death.