'ഡയറിയിലൂടെ ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് അമ്മയറിഞ്ഞു; വ്യത്യസ്തമതങ്ങളായതിനാൽ വിവാഹത്തിന് ചില പ്രശ്‌നങ്ങളുണ്ടായി'

2024 ഡിസംബറിലാണ് നടി കീർത്തി സുരേഷും ദീർഘകാലസുഹൃത്തും വ്യവസായിയുമായ ആന്റണി തട്ടിലും വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യൻ രീതിയിലുള്ള വിവാഹം ഗോവയിൽവെച്ചായിരുന്നു. അതിനുശേഷം വളരെ പെട്ടെന്ന് തന്നെ സിനിമയിലേക്ക് തിരിച്ചെത്തി കീർത്തി. ഇപ്പോൾ നെറ്റ്ഫ്‌ളിക്‌സ് സീരീസായ 'അക്ക'യുടെ പ്രൊമോഷനുകളിലാണ് താരം. അതിനിടയിൽ തന്റെ വിവാഹത്തെക്കുറിച്ചും താരം സംസാരിക്കുന്നു.

''ഞാൻ എന്റെ ഭർത്താവുമായി വളരെ നേരത്തെ തന്നെ പ്രണയത്തിലായിരുന്നു. കൃത്യമായി പറഞ്ഞാൽ, പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെയാണ് ഞങ്ങൾ ഡേറ്റിങ് ആരംഭിച്ചത്. കോളേജിൽ പഠിക്കുമ്പോൾ, അമ്മ എന്റെ ഡയറി വായിച്ചു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അതിൽ ഉണ്ടായിരുന്നു. 'ഞാൻ നിന്റെ അമ്മയാണ്, എനിക്ക് നിന്റെ ഡയറി വായിക്കാം' എന്നായിരുന്നു അമ്മ പറഞ്ഞത്. ഏറ്റവും സങ്കടകരമായ കാര്യം, അതിനുശേഷം ഞാൻ ഡയറി എഴുതുന്നതുതന്നെ നിർത്തി എന്നതാണ്. എനിക്ക് എഴുതാൻ വളരെ ഇഷ്ടമായിരുന്നു, എന്നാൽ ആ ഡയറി ഇപ്പോൾ എവിടെയാണെന്ന് പോലും എനിക്കറിയില്ല. അത് തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, അമ്മ അത് കത്തിച്ചുകളഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്'', Curly Tales-മായുള്ള അഭിമുഖത്തിലാണ് കീർത്തി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

''എനിക്ക് 17 വയസ്സുള്ളപ്പോഴാണ് ഞാൻ ഡേറ്റിങ് ആരംഭിച്ചത്. എന്നെക്കാൾ ഏഴ് വയസ്സ് കൂടുതലാണ് അദ്ദേഹത്തിന്''. തങ്ങളുടെ ബന്ധം പുറംലോകമറിയാതെ സൂക്ഷിക്കുന്നത് എത്രത്തോളം പ്രയാസകരമായിരുന്നു എന്ന ചോദ്യത്തിന്, അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ലെന്ന് താരം മറുപടി നൽകി. ''വാസ്തവത്തിൽ, അതൊരുപാട് എളുപ്പമായിരുന്നു. ഒന്നാമതായി, ഞങ്ങൾ രണ്ടുപേർ മാത്രമായി ഒരിക്കലും വിനോദയാത്രകൾക്ക് പോയിട്ടില്ല. സുഹൃത്തുക്കൾ കൂടെയുള്ളതാണ് ഞങ്ങൾക്ക് ഇഷ്ടം. അതുകൊണ്ട്, എപ്പോഴും ഒരു വലിയ സുഹൃദ്സംഘത്തോടൊപ്പമാണ് ഞങ്ങൾ യാത്ര ചെയ്തിരുന്നത്. ഞങ്ങൾ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പോലും, അതിലുള്ള വ്യക്തി എന്റെ കാമുകനാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ട്, കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു'', താരം പറഞ്ഞു.

എങ്കിലും, തങ്ങളുടെ ബന്ധം പരസ്യമാക്കിയതോടെ ആന്റണി അസ്വസ്ഥനായെന്നും, എവിടെപ്പോയാലും പാപ്പരാസികൾ തങ്ങളെ പിന്തുടരുന്നുണ്ടോ എന്ന് അദ്ദേഹം എപ്പോഴും ആശങ്കപ്പെട്ടിരുന്നുവെന്നും കീർത്തി ചൂണ്ടിക്കാട്ടി. ''വിവാഹക്കാര്യം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു. 'ഇവിടെ പാപ്പരാസികൾ ഉണ്ടോ?' എന്ന് അദ്ദേഹം എപ്പോഴും ചോദിച്ചുകൊണ്ടിരുന്നു''.

സുഹൃത്തുക്കൾ വഴിയാണ് തങ്ങൾ പരിചയപ്പെട്ടതെന്ന് സൂചിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു, ''2009 ഡിസംബറിലാണ് ഞങ്ങൾ കണ്ടുമുട്ടിയത്, 2010 ജനുവരിയിൽ ഡേറ്റിങ് ആരംഭിച്ചു. 2024-ൽ ഞങ്ങൾ വിവാഹിതരായി. അദ്ദേഹം ക്രിസ്ത്യാനിയായതുകൊണ്ട്, സ്വാഭാവികമായും വീട്ടിൽ ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. കുടുംബത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ കുറച്ചു സമയമെടുത്തു. ഞാൻ അഭിനേത്രിയാകുന്നതിന് മുൻപേ അദ്ദേഹം എന്നെ കണ്ടിരുന്നു. അതാണ് ഏറ്റവും നല്ല കാര്യം. ഞങ്ങൾ ഒരുതരത്തിൽ ഒരുമിച്ചാണ് വളർന്നുവന്നത്''.

ഇങ്ങനെയൊരു വിവാഹം സ്വപ്‌നത്തിൽ പോലും കണ്ടിരുന്നില്ലെന്ന് കീർത്തി നേരത്തെ പറഞ്ഞിരുന്നു. ഒളിച്ചോടുമെന്നായിരുന്നു ചിന്തിച്ചതെല്ലാം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നപ്പോൾ, അത് ഏറെ വൈകാരികമായ നിമിഷമായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Keerthy Suresh and Antony Thattil began dating after their 12th grade in 2010., Her mother discovered their relationship by reading her diary., They faced initial family resistance due to interfaith differences before marrying in December 2024