മധുരയിലെ ഗ്രാമത്തിൽ ലളിതജീവിതം നയിക്കുന്ന കത്രീന കൈഫിന്റെ അമ്മ, 15 വർഷമായി ഇവിടെ

സിനിമയുടെ തിളക്കത്തിൽനിന്ന് ഏറെ അകലെ, തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ നിശബ്ദമായി ജീവിതം മാറ്റിമറിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫിന്റെ അമ്മ സൂസൻ ടർകോട്ടെ. മധുരയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ പരിമിതമായ വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യങ്ങളുമൊക്കെയായി വർഷങ്ങളായി കഴിയുന്ന സൂസന്റെ ജീവിതം ഒരു താരപുത്രിയുടെ അമ്മ എന്നതിലുപരി, സമൂഹത്തിന് വേണ്ടി സ്വയം സമർപ്പിച്ച ഒരു മനുഷ്യന്റെ കഥ കൂടിയാണ്.
ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് 2008ലാണ് സൂസൻ തമിഴ്‌നാട്ടിലെത്തുന്നത്. പിന്നാക്കവിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ Relief Projects India എന്ന സന്നദ്ധ സംഘടനയ്ക്ക് തുടക്കമിട്ടു. സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സൗജന്യ വൈകുന്നേര ട്യൂഷൻ സെന്ററുകളായിരുന്നു തുടക്കം. പിന്നീട് കുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം ആരോഗ്യം, സംരക്ഷണം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
2015ലാണ് സൂസൻ Mountain View School ആരംഭിക്കുന്നത്. 30ൽ താഴെ കുട്ടികളുമായി നഴ്‌സറിയായി തുടങ്ങിയ സ്ഥാപനം ഇന്ന് മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന അംഗീകൃത പ്രൈമറി സ്‌കൂളായി വളരുകയായിരുന്നു.
അമ്മയുടെ ഈ ജീവിതത്തെക്കുറിച്ച് കത്രീന പലപ്പോഴും അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. മധുരയിൽ അമ്മ കുട്ടികൾക്കായി സ്‌കൂൾ നടത്തുന്നുണ്ടെന്നും അവിടെ അധ്യാപികയായി ജോലി ചെയ്യുന്നുണ്ടെന്നും കത്രീന ഒരിക്കൽ പറഞ്ഞിരുന്നു.
“എന്റെ അമ്മ മധുരയിലാണ് താമസിക്കുന്നത്. അവിടെ കുട്ടികൾക്കായി ഒരു സ്‌കൂൾ തുടങ്ങിയിട്ടുണ്ട്. അമ്മ അധ്യാപികയാണ്, അവിടെ പഠിപ്പിക്കുന്നു. അമ്മ സന്തോഷവതിയാണ്. അമ്മയുടെ സേവനപ്രവർത്തനങ്ങളും അനുഗ്രഹങ്ങളുമാണ് ഞാൻ ഇത്രയും ഉയരങ്ങളിൽ എത്താൻ കാരണമെന്ന് വിശ്വസിക്കുന്നു. മുംബൈയിലെ താരജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് അമ്മ തിരഞ്ഞെടുത്ത ജീവിതം. ഗ്രാമത്തിലെ ചൂടും പരിമിതമായ അടിസ്ഥാനസൗകര്യങ്ങളും അമ്മയ്ക്ക് ഒരു തടസ്സമായിരുന്നില്ല. ദിവസത്തിൽ ഏകദേശം 12 മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുക. ചിലപ്പോൾ ഇന്റർനെറ്റ് പോലും ഉണ്ടാകില്ല. അവിടെ ജീവിക്കുന്നത് എളുപ്പമല്ല. ചിലപ്പോൾ അമ്മയെ ഫേസ്ടൈം ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോൾ കഴിയില്ല. വൈദ്യുതിയോ ചിലപ്പോൾ ഇന്റർനെറ്റോ ഉണ്ടാകില്ല. അപ്പോൾ ഞങ്ങൾ സാധാരണ ഫോൺ കോളിൽ സംസാരിക്കും. വൈദ്യുതി ഇല്ലാത്തതിനാൽ എസിയും ഉപയോഗിക്കാനാകില്ല. എന്നിട്ടും അമ്മ അവിടെ ജീവിക്കുന്നു. കാരണം മറ്റുള്ളവരെ സഹായിക്കുന്നതിൽ അമ്മ സന്തോഷം കണ്ടെത്തുന്നു. അത് എളുപ്പമുള്ള ജീവിതമല്ല. അങ്ങനെ ജീവിക്കാൻ ഒരു പ്രത്യേകതരം മനസ്സ് വേണം. എനിക്ക് അങ്ങനെ കഴിയുമോ എന്നുപോലും അറിയില്ല” കത്രീന പറഞ്ഞു.
അമ്മയുടെ ജീവിതരീതിയോട് വലിയ ആദരവാണ് കത്രീനയ്ക്കുള്ളത്. സൂസന്റെ സേവനജീവിതം തമിഴ്‌നാട്ടിലെത്തിയതോടെ തുടങ്ങിയതല്ല. ഭർത്താവ് മുഹമ്മദ് കൈഫുമായുള്ള വേർപിരിയലിന് ശേഷം കത്രീനയെയും മറ്റ് ഏഴ് മക്കളെയും ഒറ്റയ്ക്ക് വളർത്തിയ അമ്മയാണ് സൂസൻ. ചെറുപ്പം മുതൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളോടും സാധാരണക്കാരുടെ ജീവിതത്തോടും അടുത്തുനിൽക്കാനുള്ള അവസരം മക്കൾക്ക് ലഭിച്ചിരുന്നു. തങ്ങളുടെ ബാല്യം ആഡംബരങ്ങളുടേതായിരുന്നില്ലെന്ന് കത്രീനയും തുറന്നുപറഞ്ഞിട്ടുണ്ട്.
''ഞങ്ങൾ ആഡംബരങ്ങളിലോ വലിയ സൗകര്യങ്ങളിലോ വളർന്നവരല്ല. വളരെ ലളിതവും അടിസ്ഥാനപരവുമായ ബാല്യമായിരുന്നു ഞങ്ങളുടേത്. അതാണ് ഞാൻ വന്ന ജീവിതം. അമ്മ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിരുന്നതിനാൽ അത്തരം ജീവിതവുമായി എനിക്ക് എപ്പോഴും അടുത്ത ബന്ധമുണ്ടായിരുന്നു,'' കത്രീന പറഞ്ഞു.
കരിയറിലെ തിരക്കുകൾക്കിടയിലും അമ്മയുടെ പ്രവർത്തനങ്ങൾക്ക് കത്രീന സാമ്പത്തിക പിന്തുണ എപ്പോഴും നൽകാറുണ്ട്. സിനിമകളിൽനിന്നും മറ്റ് പ്രൊഫഷണൽ പ്രവർത്തനങ്ങളിൽനിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം സംഭാവനകൾ വലിയ രീതിയിൽ പ്രചരിപ്പിക്കാൻ കത്രീന താൽപര്യപ്പെടാറില്ല. അമ്മ ചെയ്യുന്ന പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെങ്കിലും തന്റെ സംഭാവനകളെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ ആ പ്രവർത്തനം മുന്നോട്ടുപോകുന്നതിലാണ് താരം ശ്രദ്ധിക്കുന്നത്.
അമ്മയുടെ സംരംഭങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കണമെന്ന ആഗ്രഹവും കത്രീന നേരത്തെ പങ്കുവച്ചിട്ടുണ്ട്. വളർന്നുവരുന്ന കുട്ടികൾക്കായി സ്‌കൂൾ വികസിപ്പിക്കുന്ന അമ്മയെ സഹായിക്കാൻ സന്നദ്ധ സംഘടനകളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും താരം പ്രകടിപ്പിച്ചിരുന്നു.
ഇന്ന് സൂസന്റെ പ്രവർത്തനം ഒരു സ്‌കൂളിൽ മാത്രം ഒതുങ്ങുന്നില്ല. Relief Projects Indiaയുടെ പ്രവർത്തനങ്ങൾ തമിഴ്‌നാട്ടിലെ 25 ഗ്രാമങ്ങളിലേക്കായി വ്യാപിച്ചിട്ടുണ്ടെന്നാണ് സംഘടനയുടെ ഔദ്യോഗിക വിവരങ്ങൾ. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം കൗമാരക്കാരുടെ വികസനം, സ്ത്രീശാക്തീകരണം, ജീവിതനൈപുണ്യ പരിശീലനം, കരിയർ മാർഗനിർദേശം, സെർവിക്കൽ ക്യാൻസർ സ്‌ക്രീനിങ് തുടങ്ങിയ മേഖലകളിലും സംഘടന പ്രവർത്തിക്കുന്നു.
മുംബൈയിലെ സിനിമാ ലോകത്ത് കത്രീന തന്റെ കരിയറുമായി മുന്നോട്ടുപോകുമ്പോൾ, മധുരയ്ക്കടുത്തൊരു ഗ്രാമത്തിൽ ലളിതമായ ജീവിതം തിരഞ്ഞെടുത്ത് നൂറുകണക്കിന് കുട്ടികളുടെ ഭാവിക്കായി പ്രവർത്തിക്കുകയാണ് സൂസൻ. താരപുത്രിയുടെ അമ്മ എന്നതിലുപരി, സ്വന്തം വഴിയിലൂടെ നിരവധി ജീവിതങ്ങൾക്ക് വെളിച്ചമാകുന്ന ഒരു സ്ത്രീയുടെ ജീവിതം കൂടിയാണത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi