ഒരേയാളെ പ്രണയിച്ച കജോളും ട്വിങ്കിൾ ഖന്നയും; തങ്ങൾ കലഹിച്ചും കളിയാക്കിയുമാണ് മുന്നേറുന്നതെന്ന് ട്വിങ്കിൾ

ആമസോൺ പ്രൈമിലെ 'ടൂ മച്ച്' എന്ന ഷോ അവതരിപ്പിക്കുന്നത് താരങ്ങളായ ട്വിങ്കിൾ ഖന്നയും കജോളും ചേർന്നാണ്. ഈ വർഷം സെപ്റ്റംബറിൽ തുടങ്ങിയ പരിപാടിയിൽ ഇതുവരെയായി ഒട്ടേറെ അതിഥികൾ വന്നുപോയി. ആമിർ ഖാൻ, സൽമാൻ ഖാൻ, ആലിയ ഭട്ട്, അക്ഷയ് കുമാർ, ഗോവിന്ദ, വിക്കി കൗശൽ, കരൺ ജോഹർ എന്നിവർ അതിൽ ഉൾപ്പെടുന്നു. പരിപാടി വളരെ പെട്ടെന്ന് തന്നെ ഹിറ്റായി. അതിനൊപ്പം അതിൽ കജോളും ട്വിങ്കിളും പറഞ്ഞ പല അഭിപ്രായങ്ങളും വിമർശനങ്ങൾക്കിടയാക്കുകയും ചെയ്തു.
പക്ഷേ യാതൊരു മുൻവിധികളുമില്ലാതെ, വളരെ മനോഹരമായിട്ടാണ് കജോളും ട്വിങ്കിളും പരിപാടി അവതരിപ്പിക്കുന്നത്. ഇരുവരും പ്രശസ്തരായ താരങ്ങൾ. എന്നാൽ ഒരിക്കൽപ്പോലും അവർ ഒരുമിച്ച് അഭിനയിച്ചിട്ടുമില്ല. കജോളിനെയാണ് 'ടൂ മച്ച്' എന്ന ഷോയ്ക്കായി ആദ്യം നിർമാതാക്കൾ സമീപിച്ചത്.
കജോളിന്റെ നർമം, എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം എന്നിവയ്ക്ക് യോജിക്കുന്നയാൾ ട്വിങ്കിളാണെന്ന് പിന്നീട് അവർ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ട്വിങ്കിളും പരിപാടിയിലേക്കെത്തുന്നത്.
തന്റെ സഹോദരിയെന്നാണ് ട്വിങ്കിൾ കജോളിനെ വിശേഷിപ്പിക്കുന്നത്. ''ഞങ്ങൾ സുഹൃത്തുക്കളല്ല, സഹോദരിമാരെ പോലെയാണ്. ഞങ്ങൾ സഹോദരിമാരെ പോലെ കലഹിക്കും, പരസ്പരം കളിയാക്കും. അതിനൊപ്പം പരസ്പരം പിന്തുണയ്ക്കുകയും ചെയ്യും. അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ സവിശേഷത''.
അതിനിടെ ഇരുവരും ഒരേയാളെ ഡേറ്റ് ചെയ്തിരുന്നുവെന്നും ട്വിങ്കിൾ പറയുന്നു. ഷോയുടെ ഒരു എപ്പിസോഡിലാണ് ഈ വെളിപ്പെടുത്തൽ.
'ഉറ്റസുഹൃത്തുക്കൾ മറ്റേയാളുടെ മുൻപങ്കാളിയെ ഒരിക്കലും ഡേറ്റ് ചെയ്യരുത്' എന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ട്വിങ്കിൾ അതിനോട് യോജിച്ചു. 'എന്റെ പങ്കാളിയേക്കാൾ എനിക്ക് ഏറ്റവും പ്രധാനം എന്റെ സുഹൃത്തുക്കളാണ്. പങ്കാളിയെ നിങ്ങൾക്ക് എവിടെയും കണ്ടെത്താൻ കഴിയും'. പിന്നീട് ട്വിങ്കിൾ ഇങ്ങനെ കൂട്ടിച്ചേർത്തു, 'ഞങ്ങൾക്ക് പൊതുവായി ഒരു മുൻപങ്കാളിയുണ്ട്. പക്ഷേ പേരുപറയാൻ കഴിയില്ല'. ഉടനെ കജോൾ പരിഭ്രാന്തിയോടെ മറുപടി പറഞ്ഞു, 'മിണ്ടാതിരിക്കൂ, ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു'. ഇതെല്ലാവരെയും ചിരിപ്പിച്ചു.
ഭാര്യമാർ ഷോ അവതരിപ്പിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ അക്ഷയ് കുമാറും അജയ് ദേവ്ഗണും പേടിച്ചു. എന്താണ് തങ്ങളുടെ ഭാര്യമാർ ടെലിവിഷനിലൂടെ വെളിപ്പെടുത്താൻ പോവുന്നതെന്നായിരുന്നു അവരുടെ പേടിയെന്നും ട്വിങ്കിളും കജോളും ഓർക്കുന്നു. ''ഞങ്ങളുടെ ഭർത്താക്കൻമാരെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയിട്ടാണ് ഷോ ചെയ്യുന്നത്'', എന്നും കജോൾ പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kajol and Twinkle Khanna, hosts of Amazon Prime`s `Too Much,` reveal their sisterly bond, playful fights, and a surprising shared ex!