വിവാഹത്തിലും ഗ്രാജുവേഷനോ? പങ്കാളിയിൽ നിന്നും വിവാഹമോചനം നേടാതെ തന്നെ സ്വതന്ത്രമായി ജീവിക്കാം ഈ ജാപ്പനിസ് രീതിയിലൂടെ

വിവാഹശേഷം പലപ്പോഴും പങ്കാളികൾ രണ്ട് വ്യക്തികളാണെന്ന കാര്യം മറന്നുപോകാറുണ്ട്. സ്ത്രീയോ പുരുഷനോ തങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ സ്വാതന്ത്ര്യത്തോടെ ചെയ്യാൻ സ്വയം വിമുഖത കാണിക്കുകയോ അല്ലെങ്കിൽ തടസ്സങ്ങൾ മൂലം അത് ചെയ്യാതിരിക്കുകയോ ചെയ്യുന്നു. പലപ്പോഴും ഇത് വിവാഹമോഹചനത്തിനോ പങ്കാളികൾ തമ്മിലുളള വെെകാരിക അകലത്തിനോ കാരണമായേക്കാം. ഇത്തരം സന്ദർഭങ്ങളിലാണ് ജാപ്പനിസ് മാര്യേജ് ഗ്രാജുവേഷൻ പ്രധാനമർഹിക്കുന്നത്. വിവാഹത്തിലും ഗ്രാജുവേഷനോ എന്നോർത്ത് അതിശയിക്കേണ്ട.
വ്യക്തിപരമായ സ്വാതന്ത്ര്യത്തിനുവേണ്ടി പങ്കാളിയിൽ നിന്നും വിവാഹമോചനം നേടാതെ തന്നെ സ്വതന്ത്രമായി ജീവിക്കുന്ന രീതിയാണിത്. ജപ്പാനിൽ ഈ രീതി സോസുകോൻ(Sostsukon) എന്നും അറിയപ്പെടുന്നു.
ജാപ്പനീസ് എഴുത്തുകാരിയായ യൂമിക്കോ സുഗിയാമ 2000-ത്തിൽ ഒരു സർവേ നടത്തി. വിവാഹമോചനം നേടാതെ, ദമ്പതികൾക്ക് അവർക്കിഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ ജപ്പാനിലെ വിവാഹജീവിതം എങ്ങനെയായിരിക്കുമെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും സംസാരിച്ചത്, തങ്ങളുടെ ജീവിതം മുഴുവൻ വീട്, ഭർത്താവ്, കുട്ടികൾ എന്നിവരുടെ സേവനത്തിനായി നീക്കിവെച്ചതിനാൽ സ്വന്തമായി സമയമില്ലെന്നാണ്. ഒരവസരം ലഭിച്ചാൽ പകുതിയിലധികം പേരും പങ്കാളിയിൽ നിന്ന് മാറിത്താമസിക്കുന്ന രീതി തിരഞ്ഞെടുക്കുമെന്നും. യൂമിക്കോ സുഗിയാമയുടെ 2004 ‘Sotsukon no Susume’ എന്ന ബുക്കിലൂടെയാണ് മാര്യേജ് ഗ്രാജുവേഷൻ എന്ന ആശയത്തിന് പ്രചാരമേറിയത്.
തികച്ചും സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടുമുള്ള തിരഞ്ഞെടുപ്പാണ്. ദമ്പതികൾ പരസ്പര വിദ്വേഷമില്ലാതെ, ബഹുമാനത്തോടെ, സ്വതന്ത്രമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയാണിവിടെ. വലിയ ആഗ്രഹങ്ങളും വ്യക്തിപരമായ ലക്ഷ്യങ്ങളുമുള്ളവർക്ക് മികച്ച തിരഞ്ഞെടുപ്പായിരിക്കുമിത്.
ചില ദമ്പതികളെ സംബന്ധിച്ചിടത്തോളം, ഒരേ വീട്ടിൽ തുടർന്നും ജീവിച്ചുകൊണ്ട്, മറ്റ് കാര്യങ്ങൾ വ്യക്തിപരമാക്കിയാണ് ഈ സ്വാതന്ത്ര്യപ്രഖ്യാപനം. ചിലർ വെവ്വേറെ വീടുകളിൽ താമസിക്കാനാണ് ഇഷ്ടപ്പെടുന്നത്. അവർ ഡേറ്റിനും, സംഭാഷണങ്ങൾക്കുമായി പതിവായി കണ്ടുമുട്ടുകയും, ജോലികളിലും മറ്റ് ആവശ്യങ്ങളിലും പരസ്പരം സഹായിക്കുകയും ചെയ്യുന്നു. വിവാഹമോചനത്തിൽ നിന്ന് വ്യത്യസ്തമായി സോസുകോന് നിയമപരമായ നടപടിക്രമങ്ങൾ ആവശ്യമില്ല. ഇത് ബന്ധം തുടർന്നും നിലനിർത്തുന്ന ലളിതമായ ഒരു മാർഗ്ഗം കൂടിയാണ്.
2018-ൽ മെജി യസുദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവേ പ്രകാരം, പുരുഷന്മാരേക്കാൾ സ്ഥിരമായി സ്ത്രീകൾ സോസുകോനെ അനുകൂലിക്കുന്നതായി കാണപ്പെടുന്നു. 40 മുൽ 44 വയസ്സു വരെ പ്രായമുള്ള സ്ത്രീകളിൽ 69.3 ശതമാനമാണ് ഈ രീതിയെ പിന്തുണച്ചത്. 60 മുതൽ 64 വയസ്സ് പ്രായമുള്ളവരിൽ ഏകദേശം 79 ശതമാനവും.
സെൽഫ് ലൗവിനെക്കുറിച്ചുള്ള സൂക്ഷ്മമായൊരു സാംസ്കാരിക മാറ്റമാണ് 'മാര്യേജ് ഗ്രാജുവേഷൻ' കൊണ്ട് അർഥമാക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകൾക്ക്, വ്യക്തിപരമായ വളർച്ച ആഘോഷിക്കാനും, അതോടൊപ്പം തങ്ങളുടെ ജീവിതത്തിലെ പ്രധാനഭാഗം വഹിച്ച പങ്കാളിയെ ബഹുമാനിക്കാനും ഈ രീതി അവസരം നൽകുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Japan`s `sotsukon`maintaining marriage while embracing individual freedom.