അവൻ ജനിച്ച മതത്തെ ബഹുമാനിക്കാൻ പഠിപ്പിച്ചിട്ടുണ്ട്, ഭാര്യയുടെ മതപരിവർത്തന വിവാദത്തിൽ ഇസ്മായിൽ ദർബാർ

1999-ൽ സഞ്ജയ് ലീല ഭൻസാലിയുടെ 'ഹം ദിൽ ദേ ചുകേ സനം' എന്ന ചിത്രത്തിലൂടെയാണ് ഇസ്മായിൽ ദർബാർ സംഗീത സംവിധായകനെന്ന നിലയിൽ തന്റെ യാത്ര തുടങ്ങുന്നത്. ഇതിന് അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചു. തന്റെ കരിയറിൽ ഇരുപതോളം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്, 'ദേവദാസ്', 'കിസ്ന', 'ശക്തി ദി പവർ', 'കാഞ്ചി' തുടങ്ങിയവയാണത്.
തന്റെ ഭാര്യ ഇസ്ലാം മതം സ്വീകരിച്ച്, ആയിഷയെന്നു പേരുമാറ്റിയതു സംബന്ധിച്ച് വിവാദത്തിൽ പ്രതികരിക്കുകയാണ് ഇസ്മായിൽ ഇപ്പോൾ. ഒരു പോഡ്‌കാസ്റ്റിൽ പങ്കെടുക്കവേയായിരുന്നു വിശദീകരണം.
ഫർസാനയായിരുന്നു ഇസ്മായിൽ ദർബാറിന്റെ ആദ്യഭാര്യ. ആ ബന്ധത്തിൽ ഔവേസ്, സായിദ് എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. ഇരുപത് വർഷം മുൻപ് ഫർസാന ഭാര്യയായിരിക്കെ തന്നെയാണ് അദ്ദേഹം ആയിഷയെ ഭാര്യയായി സ്വീകരിക്കുന്നത്. "എന്റെ ജീവിതത്തിലെ 20 വർഷം വളരെ കഠിനമായിരുന്നു. പക്ഷേ, എന്നോടൊപ്പം ഇത് സഹിച്ചതിന് ഞാൻ ആയിഷയെ അഭിനന്ദിക്കുന്നു. വാസ്തവത്തിൽ, സഞ്ജയ് ലീലാ ഭൻസാലി എന്റെ കുടുംബവുമായി വളരെ അടുപ്പത്തിലായിരുന്നു, അദ്ദേഹം എന്നോട് പറഞ്ഞത് എന്റെ ഭാര്യ കാരണം ഞാൻ രക്ഷപ്പെട്ടുവെന്നാണ്, അവളില്ലായിരുന്നെങ്കിൽ ഞാൻ നശിച്ചുപോയേനെ"-ആയിഷയെപ്പറ്റി അദ്ദേഹം പറഞ്ഞു.
വിവാഹശേഷം തന്റെ ഭാര്യ ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ചുള്ള ട്രോളുകൾക്ക് ഇസ്മായിൽ മറുപടി നൽകി. "വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം എന്റെ മകൻ ജനിച്ചു, ഭൻസാലി അവന് ഇമാൻ എന്ന് പേരിട്ടു. അവന്റെ ഹിന്ദു പേര് മാൻ എന്നാണ്. അവന്റെ അമ്മയുടെ വീട്ടിൽ പോകുമ്പോൾ അവിടെയവർ മാൻ എന്ന് വിളിക്കുന്നു. അവൻ പൂജകളിൽ പങ്കെടുക്കുകയും നെറ്റിയിൽ തിലകമണിയുകയും ചെയ്യുന്നു. അവൻ ജനിച്ച മതത്തെ ബഹുമാനിക്കാൻ ഞാൻ പഠിപ്പിച്ചിട്ടുണ്ട്, അതുപോലെ മറ്റെല്ലാ മതങ്ങളെയും ബഹുമാനിക്കാനും" സംഗീത സംവിധായകൻ കൂട്ടിച്ചേർത്തു.
മതപരിവർത്തനത്തിന് താൻ ആയിഷയെ നിർബന്ധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫർസാനയുമായുള്ള തന്റെ വിവാഹബന്ധം വഷളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉച്ചസ്ഥായിയിലായിരുന്നു. ഞാൻ വാസ്തവത്തിൽ വീടുവിട്ട് രണ്ട് മാസത്തോളം മറ്റൊരു വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഞാൻ അവളോട് ഒന്നും പറഞ്ഞില്ല, നേരിട്ട് സൂറത്തിലേക്ക് പോയി ആയിഷയെ വിവാഹം കഴിച്ചു," അദ്ദേഹം പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ismail Darbar addresses criticism regarding his wife Ayesha's conversion to Islam after their marriage., Reveals their son has both a Muslim (Imaan) and a Hindu (Maan) name., Emphasizes that his son respects both religions and participates in Hindu rituals like 'pooja'., Highlights his long-standing professional and personal relationship with director Sanjay Leela Bhansali.