തൊപ്പീ, തല തെറിച്ച നിന്നെ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു: ഇന്ദു മേനോന്‍

എന്റെ അയല്‍പക്കത്ത് വര്‍ഷങ്ങളായി താമസിച്ചിട്ടുള്ള കുട്ടിയാണ് ഉണ്ണി. പഠിക്കാന്‍ നല്ല മിടുക്കനായ കാണാന്‍ അതിസുന്ദരനായ ചിരിക്കുമ്പോള്‍ നുണക്കുഴികള്‍ വിടരുന്ന ഏവര്‍ക്കും ഓമനയായിരുന്നു ഒരാണ്‍കുട്ടി. എല്ലാവരോടും സ്‌നേഹമായും സൗമ്യമായും ഇടപെടുന്ന പ്രായമായവരോടും രോഗികളോടുമൊക്കെ അലിവും ഇഷ്ടവുമൊക്കെയുള്ള ഇടത്തരം കുടുംബത്തിലെ പ്രിയപ്പെട്ട കുട്ടി. നന്നായി പഠിക്കുമായിരുന്നു. സുഹൃത്തുക്കളുണ്ടായിരുന്നു. ബന്ധുക്കളുമായി നല്ല അടുപ്പത്തിലായിരുന്നു.
അവന്‍ എന്‍ജിനീയറിങ്ങിന് തമിഴ്‌നാട്ടിലെ ഒരു കോളേജിലാണ് അഡ്മിഷന്‍ എടുത്തത്. അവിടെ ചെന്നതിനു ശേഷം ഉഴപ്പിയിട്ടാണോ കൂട്ടുകൂടിയിട്ടാണോ ലഹരി ഉപയോഗിച്ചിട്ടാണോ എന്നറിയില്ല അവന്‍ പഠനത്തില്‍ പിന്നാക്കം പോയി. പല വിഷയങ്ങളിലും തോറ്റു. നാട്ടിലെത്തുമ്പോഴേക്കും തോറ്റ പ്രശ്‌നത്തില്‍ വീട്ടില്‍ അച്ഛനുമായി അമ്മയുമായി സദാ വഴക്കായി. സഹോദരിയുമായി അഡ്ജസ്റ്റ്‌മെന്റ് പ്രശ്‌നങ്ങള്‍ ആയി. 17 വയസ്സ് വരെ കണ്ടിട്ടുള്ള കുട്ടിയെയായിരുന്നില്ല പിന്നെ ഞങ്ങള്‍ എല്ലാവരും കണ്ടത്. എല്ലാവരോടും മോശമായിപ്പെരുമാറുന്ന, അലറുന്ന അട്ടഹസിക്കുന്ന പ്രായലിംഗഭേദമെന്യേ മനുഷ്യരോട് തെറി പറയുന്ന- തൊപ്പിയെ പോലെ തന്നെ- അല്ല തൊപ്പി തന്നെ ആയ ഒരുവനായി ഉണ്ണി മാറി. അവന്റെ ഈ വൈകല്യങ്ങള്‍ വീഡിയോ ആക്കി യൂട്യൂബിലേക്ക് സംപ്രേക്ഷണം ചെയ്തിട്ടില്ലയെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം തൊപ്പിയോട് തൊപ്പി.
10 വര്‍ഷങ്ങള്‍ക്ക് ശേഷം രാമനാട്ടുകരയില്‍ എന്റെ പൂര്‍വികവീട്ടില്‍ ഞാന്‍ തിരികെ വരുമ്പോള്‍ ഉണ്ണിയുടെ ഈ ഹതാശമായ അവസ്ഥയാണ് ഞാന്‍ കാണുന്നത്. ഏതോ സൂപ്പര്‍ മാര്‍ക്കറ്റിലും ഓണ്‍ലൈന്‍ സ്റ്റോറിലുമെല്ലാം ചെറുകിട ജോലികള്‍ നോക്കി പരാജിതനായി. എവിടെയും പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയിലായിരുന്നു അവന്‍. എന്തു കൊണ്ടോ എന്നോട് വളരെയധികം മാന്യമായും സ്‌നേഹമായും ആണ് അവന്‍ പെരുമാറിയിരുന്നത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും കൂടുതല്‍ അന്വേഷിച്ചതില്‍ നിന്നും അവന്റെ വായ നിറയെ തെറിയാണെന്നും അശ്ലീലകരമായ കാര്യങ്ങളാണ് അവന്‍ പറയുന്നത് എന്നും ഇടയ്ക്ക് തുണി വരെ പൊക്കി കാട്ടി എന്നും അറിയാന്‍ കഴിഞ്ഞു.
എന്റെ മനസ്സ് വളരെയധികം അസ്വസ്ഥമായി മൂന്നു വയസ്സില്‍ എന്റെ അമ്മയുടെ സഹോദരന്‍- രാജസ്ഥാനിലെ എല്‍ഐസിയില്‍ ജോലിക്ക് പോയ എന്റെ അമ്മാവന്‍ തിരികെ വന്ന അവസ്ഥ പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നു. വെകിളി പിടിച്ചും അസ്വസ്ഥപ്പെട്ടും തെറിപ്പദങ്ങള്‍ ഉരുവിട്ടും അശ്ലീലം പറഞ്ഞു മറ്റു മനുഷ്യരെ കുറ്റപ്പെടുത്തിയും ആര്‍ത്ത് അട്ടഹസിച്ചും അസഭ്യ വാക്കുകള്‍ പിറുത്തും ലോകത്തെ സദാ വെല്ലുവിളിച്ചു കൊണ്ടിരുന്ന എന്റെ അമ്മാവന് സ്‌കിസോഫ്രീനിയായിരുന്നു.
ഉണ്ണിയുടെ മാതാപിതാക്കളോട് ഇതെങ്ങനെ പറയും എന്ന ഭയം എനിക്കുണ്ടായിരുന്നു.
''ഓന് എല്ലാത്തിനോടും ദേഷ്യാ'' എന്നു കരഞ്ഞ അവന്റെ അമ്മയോട് ദേഷ്യമെന്നത് മറ്റെന്തോ പ്രശ്‌നത്തിന്റെ ബാക്കിയാവാമെന്നും ഒരു പക്ഷേ പരീക്ഷ ജയിക്കാത്തതാവാം കാരണമെന്നും പറഞ്ഞു. പ്രശ്‌നമെന്തെന്നറിയണമെങ്കില്‍ ഡോക്ടറുടെ സപ്പോര്‍ട്ട് ആവശ്യമാണ് എന്ന് ഞാന്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. വസ്ത്രം ധരിക്കുന്നതിനുള്ള അലസത, മറ്റു മനുഷ്യരോട് പെരുമാറുന്നതിലെ ഈ വൈകല്യങ്ങള്‍, തെറിവിളികള്‍, അട്ടഹാസങ്ങള്‍, ഇതൊന്നും അവരുടെ മാതാപിതാക്കളും നാട്ടുകാരോ പറയുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിച്ചിട്ട് അല്ല എന്നുകൂടി എനിക്ക് ബോധ്യപ്പെട്ടു.
അവനോട് ഞാന്‍ നേരിട്ട് സംസാരിച്ചു.
''ഞാന്‍ നിന്നെ വിശ്വസിക്കുന്നു നിന്റെ പ്രശ്‌നങ്ങള്‍ എനിക്ക് മനസ്സിലാകുന്നുണ്ട് ഈ പരീക്ഷകള്‍ പാസായി വരണം എന്നുണ്ടെങ്കില്‍ നമുക്ക് എന്താണ് നിന്റെ ആങ്കര്‍ ഇഷ്യൂ എന്ന് കണ്ടെത്തിയേ മതിയാകൂ'' എന്ന് എനിക്കവനെ വിശ്വസിപ്പിക്കുവാന്‍ ചെയ്യാന്‍ സാധിച്ചു.
ഡോക്ടറുടെ അടുത്തേക്ക് അവനും കുടുംബവും ചെന്നു.
പരീക്ഷകളില്‍ തോറ്റു പോയതും മറ്റു മനുഷ്യരോട് ദേഷ്യപ്പെടുന്നതും അലറുന്നതും പെരുമാറ്റ വൈകല്യങ്ങള്‍ സംഭവിച്ചതും അവനിലുള്ള രോഗം കാരണമായിരുന്നു. അഞ്ചുവര്‍ഷമെങ്കിലും ചുരുങ്ങിയത് മരുന്ന് കഴിക്കേണ്ടുന്ന മാനസികവെല്ലുവിളി അവന്‍ നേരിടുന്നുണ്ടായിരുന്നു. ലഹരിയോ മയക്കുമരുന്നോ സാംസ്‌കാരിക ഔന്നിത്യം ഇല്ലായ്മയോ ആയിരുന്നില്ല അവന്റെ പ്രശ്‌നം. തലയ്ക്കുള്ളില്‍ പൂത്തു തുടങ്ങിയ രഹസ്യോന്മാദത്തിന്റെ ആളിപ്പരുക്കങ്ങള്‍ മാത്രം.
ഇപ്പോള്‍ എട്ടുമാസമായി അവന്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയിട്ട്. സാധാരണ മനുഷ്യരെ പോലെ സംസാരിക്കുവാനും പെരുമാറുവാനും തുടങ്ങിയിട്ട്. ടോക്ക്‌സിക്കായ പാരന്റിങ് ആയിരുന്നില്ല അവന്റെ അസുഖത്തിന് കാരണം. രോഗമായിരുന്നു. പക്ഷേ പരീക്ഷകള്‍ തോറ്റുപോയത് മാതാപിതാക്കളുടെ പ്രതീക്ഷകളെ തെറ്റിച്ചിരുന്നു. അതില്‍ അവര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു അവരത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതു കൂടിയായപ്പോള്‍ ഉണ്ണിയ്ക്ക് അച്ഛനമ്മമാര്‍ക്ക് തന്നോട് സ്‌നേഹമില്ലെന്നു തോന്നി. മറ്റുള്ളവരുടെ പെരുമാറ്റത്തെയും സ്‌നേഹമില്ലായ്മയായി മാത്രം അവന്‍ വായിച്ചെടുത്തു. അവന്റെ രോഗം അതിന്റെ മാരകമായ ഒരു മുഖം കാണിക്കുകയായിരുന്നു. ഉണ്ണിയിപ്പോള്‍ സമാധാനത്തിലാണ്. അവന്‍ പകുതി പരീക്ഷകള്‍ എഴുതിയെടുത്തു. നഷ്ടപ്പെട്ട ശ്രദ്ധയും ഏകാഗ്രതയും പഠിക്കുവാനുള്ള കഴിവും അവന്‍ പതിയെ നേടിയെടുത്തു.
ഇപ്പോള്‍ ഉണ്ണിയെ കുറിച്ച് ഓര്‍ക്കാനും അവന്റെ ചെയ്തികള്‍ ഓര്‍മ്മിക്കുവാനും കാരണം മറ്റൊന്നുമല്ല. തൊപ്പി എന്ന യൂട്യൂബ് മഹാന്‍ തന്നെ. അയാളുടെ ചില വീഡിയോകള്‍ ഞാന്‍ കാണുകയുണ്ടായി. അതിനു കാരണമായത് തൊപ്പി ഒരു വേദിയില്‍ ഉദ്ഘാടനത്തിനും വന്നതും പരസ്യമായ അതേ വേദിയില്‍ ആനവളിയെയും ചക്ക വളിയെയും കുറിച്ചുമെല്ലാം ആനന്ദത്തോടെ അര്‍മാദത്തോടെ പറയുന്നത് കേട്ടതു കൊണ്ടാണ്. യൂട്യൂബില്‍ തൊപ്പി എന്നടിച്ചാല്‍ ആയിരം കണ്ടെന്റ് വരും. അയാളെ വിമര്‍ശിച്ചു കൊണ്ടുള്ളവ. പിന്തുണച്ചവ. പല കണ്ടന്റുകളും കണ്ടത് എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു.
ചുക്കാമണിയിലിട്ട ചിപ്പ്‌സ്
ജോളോ ചിപ്‌സ് തിന്നുക എന്നത് ഒരു നവകാലപതിവ് ചാലഞ്ച് ആണ്. അതീവ മാരകമായ തരം എരിവാണത്രേ ഈ ചിപ്‌സിന്റെ പ്രത്യേകത. വെള്ളം കുടിക്കാതെ തിന്നുക, ഇത് തിന്നതിനു ശേഷം വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയ പല ചാലഞ്ചുകളും പലരും സ്വീകരിക്കാറുണ്ട്. തൊപ്പിയും ജോളോ ചിപ്‌സ് ചാലഞ്ച് സ്വീകരിച്ചു.
തൊപ്പിയുടെ ജോളോ ചിപ്‌സ് ചാലഞ്ചിന്റെ ആദ്യഭാഗം കുഴപ്പമില്ലാത്തതാണ് അര്‍ദ്ധനഗ്‌നനായ തൊപ്പി സ്വാഭാവികമായി ചിപ്പ്‌സ് തിന്നുന്നു. രണ്ടാം പാതിയില്‍ അത് മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ് കയ്യില്‍ ഇട്ടു പൊടിച്ച ചിപ്സ്സ് തന്റെ പാന്റ്‌സ് അഴിച്ച് താഴ്ത്തി പരസ്യമായി ജട്ടിക്കുള്ളിലെ ജനനേന്ദ്രിയത്തിലേക്ക് അയാള്‍ ഇടുകയും അവിടെവച്ച് അത് തേക്കുകയും ചെയ്യുന്നു. അല്പം നിമിഷങ്ങള്‍ക്ക് ശേഷം ചുക്കാമണി തീ പിടിച്ചത് പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും വെള്ളം കുടിക്കുകയും വെള്ളം ചുക്കാമണിയില്‍ ഒഴിച്ച് തീ ശമിപ്പിക്കുകയും ചെയ്യുന്നുണ്ട് കക്ഷി.
ഉപ്പ ഉപേക്ഷിച്ച കുട്ടി
തന്റെ ഉപ്പ എന്നോട് സംസാരിച്ചിട്ട് 10 വര്‍ഷമെങ്കിലും ആയി എന്ന് വേദനയോടെ പറയുന്ന പിന്നെ നിര്‍മമനാകുന്ന തൊപ്പി എന്ന് കൗമാരക്കാരനായ കുട്ടി. താന്‍ ഒരിക്കല്‍ ഒരു കടയില്‍ നിന്നും അവിടുത്തെ പണം മുഴുവന്‍ വാരി ഓടി എന്നും കടക്കാര്‍ തന്നെ പിടിച്ചിട്ട് ഉപദ്രവിച്ചു കെട്ടിയിട്ടുവെന്നും അവര്‍ ഉമ്മയെയും ഉപ്പയെയും വിളിപ്പിച്ചു എന്നുമാണ് തൊപ്പി പറയുന്നത്. തന്റെ മകന്റെ അവസ്ഥ കണ്ട് ഉമ്മ നടുറോഡില്‍ ബോധം കെട്ട് വീണുവെത്ര. ഉപ്പയാകട്ടെ അതിനുശേഷം പത്തുവര്‍ഷമായി തൊപ്പിയോട് സംസാരിച്ചിട്ടില്ല. ആറ് മണിക്കുള്ളില്‍ വീട്ടില്‍ കയറിയിട്ടില്ല എങ്കില്‍ മാരകമായ മര്‍ദ്ദനങ്ങള്‍ തനിക്ക് ഏല്‍ക്കാറുണ്ട് എന്നും തൊപ്പി പറയുന്നു.
തൊപ്പിയുടെ ലൈംഗിക ചേഷ്ഠകള്‍
മറ്റൊരു കിളിപോയ യുവതി നാഗ ചൈതന്യയോ നാഗറാണിയോ അങ്ങനെ എന്തോ ആണ് അതിന്റെ പേര്. തനിക്ക് ഒരു സ്ത്രീയെ പുരുഷനോ സഹായിയായി വേണമെന്നും താന്‍ പറയുന്നതെല്ലാം അവര്‍ അനുസരിക്കണം എന്നും പറയുന്ന വീഡിയോയ്ക്ക് തൊപ്പി ഡ്യുയറ്റ് ചെയ്തിരിക്കുന്നു. താന്‍ സഹായിയായി വരാം എന്നാണ് തൊപ്പി പറയുന്നത്. എല്ലാം അനുസരിക്കുന്ന സഹായി ആവണം എന്ന് പറഞ്ഞപ്പോള്‍. മുഖം അശ്ലീലകരമായി നാവ് പുറത്തേക്ക് നീട്ടി പല ചേഷ്ഠകള്‍ തൊപ്പി കാണിക്കുന്നു.
പ്രേതമായി മാറുന്ന തൊപ്പി
വീഡിയോയില്‍ പ്രേതത്തിനെ കണ്ടിട്ടുണ്ടോ എന്ന് അവതാരക ചോദിക്കുന്നു, പ്രേതമായി ജീവിച്ചിട്ടുണ്ട് കുറെനാള്‍ എന്നാണ് തൊപ്പി മറുപടി പറയുന്നത്. തന്റെ വീടിനോട് ചേര്‍ന്നുള്ള അനവധി കുഴികള്‍ കുത്തിയിട്ടിട്ടുണ്ടാകും എന്നും അതിനകത്ത് കിടന്ന് അതിലൂടെ നടന്നു പോകുന്ന നാട്ടുകാരെ ഭയപ്പെടുത്തിയതിന് പിടിച്ചു തല്ല്കിട്ടിയിട്ടുണ്ടെന്നും തൊപ്പി പറയുന്നു
മറ്റൊരു വീഡിയോയില്‍ നോക്കി ആര്‍ക്കാണ് തൂറാന്‍ മുട്ടിയതെന്നും ആരാണ് തൂറിയതെന്നും പറഞ്ഞു കൊണ്ട് സ്വന്തം ചന്തിക്കുള്ളിലേക്ക് കയ്യിട്ട് മണത്തു നോക്കുന്ന തൊപ്പിയുടെ പ്രകടനങ്ങള്‍
നന്മത്തൊപ്പി
മറ്റൊരു വീഡിയോയില്‍ കമന്റിട്ട സ്ത്രീകളോട് മോശമായി സംസാരിക്കുന്ന ഫാനുകളെ തൊപ്പി വിമര്‍ശിക്കുന്നുണ്ട്. അതിലൊരു കുട്ടി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും ഇവരോട് ഇത്തരത്തില്‍ നെഗറ്റീവ് ആയി പെരുമാറരുത് എന്നും അയാള്‍ പറയുന്നു
ഉദ്ഘാടനച്ചടങ്ങില്‍ താന്‍ വളിയെ കുറിച്ച് പരസ്യമായി പറഞ്ഞതിനാല്‍ ഒരുപാട് ടോര്‍ച്ചര്‍ അനുഭവിക്കുന്നുവെന്നും മനുഷ്യര്‍ തന്നെ പീഡിപ്പിക്കുന്നു എന്നും അതുകൊണ്ടാണ് രണ്ടു ദിവസമായി ലൈവില്‍ വരാത്തത് എന്നും മുസ്ലിം മത ചിഹ്നങ്ങളും മറ്റും ധരിച്ചുകൊണ്ട് താന്‍ ദീനിയായതുപോലെ വന്ന് തൊപ്പി പറഞ്ഞിട്ട് പോകുന്നു. ഈ വീഡിയോയില്‍ മാപ്പ് പറയുന്നതായിക്കാണാം.
മൊത്തത്തില്‍ ഈ കുട്ടിയുടെ വീഡിയോകള്‍ പരിശോധിച്ചാല്‍ പച്ചത്തെറി, അട്ടഹാസം, അലര്‍ച്ച, വളി, തീട്ടം എന്നി വിസര്‍ജ്ജ്യവുമായി ബന്ധപ്പെട്ടുള്ള ഉപമകളും ഉത്‌പ്രേക്ഷകളും. ഒപ്പം സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ കാര്യങ്ങള്‍ മനുഷ്യരുടെ ശാരീരിക വൈകല്യങ്ങളെ രൂപത്തെ നിറത്തെ മുഖഭാവത്തെ എല്ലാം കണക്കിനു പരിഹസിക്കുന്നുണ്ട് അപഹസിക്കുന്നുണ്ട്.
മനുഷ്യരും അശ്ലീലതയും
അശ്ലീലതയും അസഭ്യവും തെറിയും പുലയാട്ട് വിളിയും മനുഷ്യരുടെ മനസ്സിന്റെ ഒരു ഭാഗത്ത് എല്ലാ കാലത്തും ഉണ്ട്. ലൈംഗിക അവയവങ്ങളുടെ പേര് ചൊല്ലി വിളിക്കുക. സ്ത്രീവിരുദ്ധമായ ലൈംഗികതയും അശ്ലീലങ്ങളും പറയുക, കീഴാള വിരുദ്ധമായതെറികള്‍ പറയുക തെറിപ്പദങ്ങള്‍ അനര്‍ഗളന നിര്‍ഗളം പറയുക എന്നിവയെല്ലാം പല മനുഷ്യരും പല കാലഘട്ടത്തിലും ഉള്ളിന്റെ ഉള്ളില്‍ പറഞ്ഞു തീര്‍ക്കാറുണ്ട്. മറ്റു ചിലര്‍ സാന്ദര്‍ഭികമായി പ്രകടിപ്പിച്ചു വരാറുണ്ട്. കൂടിയ ചിലരാകട്ടെ സദാ അതിങ്ങനെ പ്രകടിപ്പിച്ചു കൊണ്ടുമിരിക്കാറുണ്ട്.
തെറിയോടും അശ്ലീലതയോടും പല മനുഷ്യര്‍ക്കും ആരാധനയുണ്ട് എന്നത് പരസ്യമായ ഒരു രഹസ്യമാണ് അത് കേള്‍ക്കുന്നത് ഒരു ഹരം. അത് ഉരുവിടുന്നത്മറ്റൊരു ഹരം. ചിലപ്പോഴെല്ലാം ദുര്‍ബലമായി പോയ ഒരിടത്തു നിന്നും പ്രതിരോധത്തിന്റെയും ആത്മരോഷത്തിന്റെയും ഭാഗമാകാറുണ്ട് തെറി.
തെറിയ്ക്ക് ഒരു കൃത്യമായ പര്‍പ്പസ്സ് ഉണ്ടായിരിക്കണമെന്നു സാരം.
സാമൂഹ്യവത്ക്കരണത്തിലൂടെ നമ്മള്‍ പഠിച്ചെടുക്കുന്ന മര്യാദകളും മാന്യതകളും സമാന്തര സോഷ്യലൈസേഷനിലൂടെ നമ്മള്‍ സ്വായത്തമാക്കിയ തെറിയുടെ വ്യവഹാരങ്ങളെ ഉള്ളില്‍ തന്നെ നിശബ്ദമാക്കാറാണ് പതിവ്. സാംസ്‌കാരിക ഔന്നിത്യം മനുഷ്യനില്‍ ഉണ്ടാകും തോറും ഇത്തരത്തിലുള്ള തെറിയും അശ്ലീലവും വിരുദ്ധതകളും പറയുവാനുള്ള ചോദന പൊതുവെ കുറഞ്ഞു കുറഞ്ഞു വരും.
ലൈംഗികത, പ്രതിരോധം, കല എന്നിവയല്ലാതെ ഒരാള്‍ പതിവായി അകാരണമായി തെറിയുപയോഗിക്കുന്നുവെങ്കില്‍ നമ്മള്‍ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. അത് ഡീവിയന്‍സ്സിന്റെയും ഡെലിങ്ക്വന്‍സിയുടെയും മാനസിക പ്രശ്‌നങ്ങളുടെയും അനുരണനമാവാം. തൊപ്പി മൂന്നാമത്തെ കാറ്റഗറിയിലാണ് വരുന്നത്.
ഉണ്ണി എന്താണോ ഈ നാട്ടിലും വീട്ടിലും ചെയ്തിരുന്നത് എന്റെ മരിച്ചുപോയ അമ്മാവന്‍ എന്തായിരുന്നുവോ അദ്ദേഹത്തിന്റെ രോഗാതുരതയില്‍ ചെയ്തിരുന്നത് അതുതന്നെയാണ് തൊപ്പിയിപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്.
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസം എന്നതുപോലെയുള്ള ഒരു സംഘം ആരാധകരായും വിമര്‍ശകരായും തൊപ്പിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. അവന്റെ ഉള്ളിലെ വെകിളിയെ നെഗറ്റീവായ ഘടകങ്ങളെ പുറത്തെടുക്കുന്നു. അവന്റെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങളെ തീ കത്തിച്ചെടുക്കുന്നു. അവന്റെ സ്വത്വ പ്രതിസന്ധികളെ പ്രശനത്തിലാക്കുന്നു. അവനെ ചൊടിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നു. അവനെ വിമര്‍ശിക്കുന്നു. ലോകം മുഴുവന്‍ തന്നെ ഉപദ്രവിക്കുന്നു എന്ന് വിശ്വസിക്കുന്നതുപോലെയുള്ള മനോനിലയുള്ള ഒരു വ്യക്തിയുടെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് ഇവര്‍ ഇത്തരത്തില്‍ നേരിടുന്നത് എന്ന് ഓര്‍ക്കണം.
ടോക്‌സിക്കായ പാരന്റിങ് ആണ് തന്റെ പ്രശ്‌നങ്ങളുടെ എല്ലാം കാരണമെന്ന് അറിഞ്ഞോ അറിയാതെയോ തൊപ്പി പറഞ്ഞു വെക്കുന്നുണ്ട്. മകന്‍ പണം മോഷ്ടിച്ച് കടന്നുകളഞ്ഞപ്പോള്‍, നാട്ടുകാരെല്ലാം പിടികൂടി എന്നറിഞ്ഞ് റോഡില്‍ ബോധംകെട്ട് വീഴുന്ന അമ്മ ചിലപ്പോള്‍ ദേഷ്യപ്പെട്ടു എന്നു വരും. അച്ഛന്‍ സംസാരിക്കാതെ ഇരുന്നു എന്നു വരും. അതിന് ടോക്‌സിക്ക് പാരന്റിങ് എന്നാണോ എന്താണ് വിളിക്കേണ്ടത് എന്ന് എനിക്കറിയില്ല.
എനിക്ക് ഈ ചെറുപ്പക്കാരനോട് വെറുപ്പോ ദേഷ്യമോ ഒന്നും തോന്നുന്നില്ല. കേരളത്തിന്റെ സാംസ്‌കാരികമായ ഔന്നിത്യം ഇടിഞ്ഞുവീണു എന്ന് തോന്നുന്നില്ല. തൊപ്പി ഒരു സാമൂഹ്യവിരുദ്ധനാണ് എന്നും തോന്നുന്നില്ല. സാമൂഹ്യ നിയമങ്ങള്‍ക്കും ക്രമങ്ങള്‍ക്കും സോഷ്യല്‍ നോംസിനും എതിരായിട്ടുള്ള പെരുമാറ്റങ്ങളുള്ള വൈകല്യമുള്ള ഒരു കുട്ടി ഡീവിയന്‍സ്സിന്റേതായ എല്ലാ തരം സ്വഭാവ സവിശേഷതകളും ഉള്ള ഒരു കുട്ടി ഡെലിന്‍ക്വസിയുടെയും കുറ്റകൃത്യങ്ങളുടെയും കൗമാരവാസനയുള്ള ഒരു കുട്ടി. അവന്‍ ഇപ്പോള്‍ അവന്റെ മാനസികാരോഗ്യ പ്രതിസന്ധികള്‍ക്കൊപ്പം തന്നെ വളര്‍ന്നു എന്നേയുള്ളൂ. അവന്‍ തന്റെ കുഴപ്പങ്ങളെ വീഡിയോ ചെയ്തു പണമായി മാറ്റുന്നുവെന്നു മാത്രം. കുടുംബത്തിന്റെ പിന്തുണയില്ലാതെ ലോകത്തിന്റെ പിന്തുണയില്ലാതെ ഇരിക്കുന്ന ഒരുവനു അവന്റെ നിലനില്‍പ്പിനുള്ള സാമ്പത്തികവും സാമൂഹികവുമായ പിന്തുണയാവുകയാണ് അവന്റെ വൈകല്യ കണ്ടന്റുകള്‍.
അവന്റെ സംസാരത്തില്‍ പലപ്പോഴും ഉള്ള നിഷ്‌കളങ്കമായ ചിരിയും ചില ചോദ്യങ്ങളും ഭാവങ്ങളും എന്നെ കൂടുതല്‍ വിഷമിപ്പിച്ചു. ചെറിയ കുട്ടി തന്നെയാണ് എന്നു വെളിവാക്കുന്ന പലഭാവങ്ങളും കാണാം. അവന്‍ പല കാരണങ്ങളാല്‍ പ്രതിസന്ധിയിലും പ്രശ്‌നത്തിലും ആയിപ്പോയ ഒരുവനാണെന്നും കാണാം.
അവന്റെ പെരുമാറ്റ വൈകല്യങ്ങളും പ്രതിസന്ധികളും യൂട്യൂബിലൂടെ വരുമാനമാര്‍ഗം ആക്കാന്‍ അവന്‍ കഴിഞ്ഞു എന്നതാണ് വിജയം. അവനെ സാമൂഹ്യവിരുദ്ധനായ, പ്രശ്‌നക്കാരനായി
മുദ്രകുത്തുന്നതിന് മുമ്പ് അവന് ആവശ്യമുള്ള മാനസിക പരിചരണവും രോഗത്തിനുള്ള ചികിത്സയും കൗണ്‍സിലിംഗും നല്‍കേണ്ടതുണ്ട്. പുരുഷനെന്ന നിലയില്‍ അവന്‍ ഈ സമൂഹത്തില്‍ നിന്നും സ്വാംശീകരിച്ച സ്ത്രീവിരുദ്ധതയും ഭിന്നശേഷിവിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയുമൊക്കെ രാഷ്ട്രീയകൃത്യതയില്ലാത്ത മനോരോഗത്തിന്റെ സ്‌പെക്ട്രത്തില്‍ അഭിരമിച്ചു ജീവിക്കുന്നവനെന്ന നിലയില്‍ പരസ്യമാക്കുന്നതില്‍ തെറ്റില്ലെന്നു കരുതുക കൂടിയവന്‍ ചെയ്യുന്നുണ്ട്.
അവന് ആരാധകരുണ്ട്. അതുകൊണ്ട് ലോകം നശിച്ചുപോയെന്ന് നിലവിളിയ്‌ക്കേണ്ട കാര്യമില്ല. പലരും നെഗറ്റീവ് കമന്റുകള്‍ പറഞ്ഞു നെഗറ്റീവ് സംഗതികള്‍ പറഞ്ഞു അവനെ വിറളി പിടിപ്പിക്കുന്നവരാണ്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ നല്ല രസം എന്ന് ഞാന്‍ മുമ്പ് പറഞ്ഞല്ലോ രസത്തില്‍ അഭിരമിക്കുന്നവരാണ്.മാനസിക രോഗത്തിന്റെ തുടക്കകാലങ്ങളില്‍ ജീവിക്കുന്ന പ്രശ്‌നഭരിതമായ ബാല്യകാലവും കൗമാരവും ഉള്ള ഒരു പക്ഷേ വളരെ ചെറുപ്പകാലം മുതല്‍ തന്നെ ഈ മാനസികമായ പ്രതിസന്ധികള്‍ നേരിടുന്ന ഒരാളായിരുന്നിരിക്കണം തൊപ്പി.
അവനെ വെറുക്കുകയല്ല അവനെ ഇഷ്ടത്തോടെ ചേര്‍ത്ത് പിടിക്കുകയാണ് വേണ്ടത്. അവനെ തള്ളിക്കളയുകയല്ല, സ്‌നേഹത്തോടെ ഒരു ഡോക്ടറുടെ അരികിലേക്ക് കൊണ്ടുപോവുകയാണ് വേണ്ടത്. ഒപ്പം യൂട്യൂബിലെ കണ്ടന്റുകള്‍ പരിശോധിയ്ക്കാനും സെന്‍സര്‍ ചെയ്യാനും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇത്തരം കണ്ടന്റുകള്‍ ലഭിയ്ക്കുന്നത് നിയന്ത്രിക്കാനുമുള്ള നിയമനടപടികള്‍ നോക്കുകയാണ് വേണ്ടത്.
Content Highlights: Indumenon Writes about an Opinion about current social media influvencer thoppi