"ആ ദാമ്പത്യം ആരോഗ്യകരമായിരുന്നില്ല;" വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇമ്രാൻ ഖാൻ

നീണ്ട ഇടവേളയ്ക്ക് ശേഷം വീർ ദാസ് സംവിധാനം ചെയ്ത 'ഹാപ്പി പട്ടേൽ: ഖത്തർനാക് ജാസൂസ്' എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും മുൻഭാര്യ അവന്തിക മാലിക്കുമായുള്ള വേർപിരിയലിനെക്കുറിച്ചും താരം വെളിപ്പെടുത്തി. തങ്ങൾക്കിടയിലെ ബന്ധം അത്ര സുഖകരമായിരുന്നില്ലെന്നും അത് മകൾ ഇമാരയെ ബാധിക്കുമെന്ന ഭയമാണ് വേർപിരിയലിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വേർപിരിയലിനെക്കുറിച്ച് ഇമ്രാൻ ഖാൻ പറയുന്നത് ഇങ്ങനെ: "വേർപിരിയൽ വേദനാജനകമാണ്, പങ്കാളികൾക്കും കുട്ടിക്കും കുടുംബത്തിനും അത് ഒരുപോലെ പ്രയാസമുണ്ടാക്കും. എങ്കിലും ഒരു മോശം സാഹചര്യം തുടരുന്നതിനേക്കാൾ നല്ലത് പിരിയുന്നതാണ്. ഒരു അനാരോഗ്യകരമായ ബന്ധത്തിൽ തുടരുന്നത് കുട്ടികൾക്ക് തെറ്റായ മാതൃക നൽകും. നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായിരിക്കില്ല അവിടെ."
അനാരോഗ്യകരമായ ദാമ്പത്യം തന്റെ ശാരീരിക-മാനസിക ആരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. "ഞാൻ ആരോഗ്യവാനല്ലെന്ന് എനിക്ക് മനസ്സിലായി. ഈ സാഹചര്യം തുടരുന്നത് എനിക്കോ അവൾക്കോ ഞങ്ങളുടെ കുട്ടിക്കോ നല്ലതല്ല. വിവാഹം വേർപിരിഞ്ഞിട്ട് എഴ് വർഷമായി. എന്റെ വൈകാരികവും മാനസികവുമായ ആരോഗ്യം വളരെയധികം മെച്ചപ്പെട്ടു. വിവാഹജീവിതത്തിന്റെ അവസാന വർഷങ്ങളിലെ എന്റെ ചിത്രങ്ങൾ നോക്കുമ്പോൾ ഗുരുതരമായ അസുഖം ബാധിച്ച ഒരാളെപ്പോലെയാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ ഈ തീരുമാനം ശരിയായിരുന്നു."
2011 ജനുവരി 10-നായിരുന്നു കോളേജ് സുഹൃത്തുക്കളായിരുന്ന ഇമ്രാനും അവന്തിക മാലിക്കും വിവാഹിതരായത്. 2014 ജൂൺ 9-ന് ഇവർക്ക് ഇമാര എന്ന മകൾ ജനിച്ചു. 2019-ലാണ് ഇരുവരും വേർപിരിഞ്ഞത്.നിലവിൽ ലേഖ വാഷിങ്ടണുമായി ആരോഗ്യകരമായ ഒരു ബന്ധത്തിലാണ് താനെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood actor Imran Khan discusses his unhealthy marriage, divorce from Avantika Malik, and finding a healthier relationship. Learn about his journey to well-being.