'അത് സംഭവിക്കാൻ പാടില്ലായിരുന്നു;'ഹൃത്വിക് റോഷന്റെയും ഭാര്യയുടെയും വേർപിരിയലിനെക്കുറിച്ച് സയ്യദ് ഖാൻ

സുസെയ്ൻ ഖാൻ, ഹൃത്വിക് റോഷന്‍ | Instagram
സുസെയ്ൻ ഖാൻ, ഹൃത്വിക് റോഷന്‍ | Instagram

14 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2014-ലാണ് ഹൃത്വിക് റോഷനും ഭാര്യ സുസെയ്ൻ ഖാനും വിവാഹമോചിതരായത്. എന്നാൽ വർഷങ്ങൾക്കിപ്പുറം, പരസ്പരബഹുമാനത്തോടെയും മക്കളുടെ വളർച്ചയിൽ ഒരുമിച്ച് പങ്കുചേർന്നും തങ്ങളുടെ ബന്ധത്തിന് പുതിയൊരു നിർവചനം നൽകാൻ ഇവർക്ക് സാധിച്ചു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ സുസെയ്ന്റെ സഹോദരനും നടനുമായ സയ്യദ് ഖാൻ ഇവരുടെ വിവാഹമോചനത്തെക്കുറിച്ചും പുതിയ പങ്കാളികളെക്കുറിച്ചും ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ഒന്നിച്ചുപോകാൻ സാധിക്കാത്ത ഒരു ബന്ധം മുറുകെ പിടിക്കുന്നതിൽ അർത്ഥമില്ലെന്ന് സയ്യദ് ഖാൻ സൂചിപ്പിച്ചു. "അത് സംഭവിക്കേണ്ട ഒന്നായിരുന്നില്ല. മുറുകെ പിടിക്കാൻ ശ്രമിച്ചാൽ അത് കൂടുതൽ മോശമാകും; രണ്ട് വ്യക്തികളും ഒരുപോലെ കഷ്ടപ്പെടും. എന്തിനുവേണ്ടി? മക്കളുടെ ജീവിതത്തിൽ പങ്കുചേരാനും അവർ വളർന്ന് നല്ല യുവാക്കളാകുന്നത് കാണാനും നമുക്ക് സാധിക്കണം. അതായിരുന്നു ഞങ്ങളുടെ പ്രധാനലക്ഷ്യം," സയ്യദ് പറഞ്ഞു.

വേദനാജനകമായ കാര്യങ്ങളിൽ തങ്ങിക്കിടക്കാതെ, മെച്ചപ്പെട്ട ഭാവി ലക്ഷ്യമാക്കി രണ്ട് കുടുംബങ്ങളും ആ തീരുമാനത്തെ അംഗീകരിച്ചുവെന്ന് സയ്യദ് കൂട്ടിച്ചേർത്തു. ''ഞങ്ങൾ സാമൂഹിക സമ്മർദ്ദങ്ങൾക്ക് (Social pressure) വഴങ്ങുന്ന കുടുംബമല്ല. അത് കഴിഞ്ഞു, അവിടെ തീർന്നു. ഇനി സ്വന്തം സന്തോഷം കണ്ടെത്താനാണ് നോക്കേണ്ടത്.''

ഹൃത്വിക് റോഷൻ ഇപ്പോൾ നടിയും ഗായികയുമായ സബ ആസാദുമായി പ്രണയത്തിലാണ്. സുസെയ്ൻ ഖാൻ അർസ്‌ലാൻ ഗോനിയുമായും ഏറെ നാളായി ബന്ധത്തിലാണ്. ഇരുവരുടെയും പുതിയ പങ്കാളികളെക്കുറിച്ചും സയ്യദ് പോസിറ്റീവായാണ് സംസാരിച്ചത്.

"സ്നേഹം എന്നത് വളരെ വിശാലമായ ഒരു വാക്കാണ്. അവർക്കിടയിലുള്ള (ഹൃത്വികും സുസെയ്നും) ബഹുമാനവും കരുതലും അതിനേക്കാൾ അർത്ഥവത്താണ്. അവർക്ക് മികച്ച പങ്കാളികളെയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എനിക്ക് സബയെ ഒരുപാട് ഇഷ്ടമാണ്, അവൾ നല്ലൊരു വ്യക്തിയാണ്. അർസ്‌ലാൻ (ആഷിം) എനിക്ക് അനുജനെപ്പോലെയാണ്. ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കും," സയ്യദ് പറഞ്ഞു.

വിമർശനങ്ങൾക്കിടയിലും തനിക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന, സത്യസന്ധമായി കാര്യങ്ങൾ പറയാൻ സാധിക്കുന്ന ആളുകൾ കൂടെയുണ്ടാവുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2000-ൽ വിവാഹിതരായ ഹൃത്വികും സുസെയ്നും 2014-ലാണ് പിരിഞ്ഞത്. എങ്കിലും തങ്ങളുടെ മക്കളായ ഹൃദാൻ, ഹ്രെഹാൻ എന്നിവരുടെ കാര്യത്തിൽ ഇരുവരും ഒന്നിച്ച് പങ്കുചേരാറുണ്ട്. ഹൃത്വിക്, സബ, സുസെയ്ൻ, അർസ്‌ലാൻ എന്നിവർ പലപ്പോഴും കുടുംബചടങ്ങുകളിലും അവധിക്കാല യാത്രകളിലും ഒത്തുചേരാറുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Hrithik Roshan and Sussanne Khan demonstrate successful post-divorce co-parenting in 2026., Zayed Khan emphasizes prioritizing children's well-being over social pressure., Both individuals have found happiness in new relationships with Saba Azad and Arslan Goni., The families maintain mutual respect and attend social gatherings together.