'അവളെ കല്യാണം കഴിച്ചില്ലെങ്കിൽ, ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കും'; അന്ന് സൂര്യ അച്ഛനോട് പറഞ്ഞു

1999-ൽ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ചാണ് താരങ്ങളായ ജ്യോതികയും സൂര്യയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ കണ്ടുമുട്ടൽ അധികം വൈകാതെ പ്രണയത്തിലെത്തി. അതിനിടെ ഉയിരിലെ കലന്തത്, കാക്ക കാക്ക, മായാവി, സില്ലുന്നു ഒരു കാതൽ തുടങ്ങി ഒട്ടേറെ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.
2006-ൽ സൂര്യയും ജ്യോതികയും വിവാഹിതരായി. വിവാഹത്തോടെ സിനിമയിൽനിന്ന് അകന്നുനിൽക്കാനായിരുന്നു ജ്യോതികയുടെ തീരുമാനം. കരിയറിൽ ഏറ്റവും ഉയർച്ചയിൽ നിൽക്കുമ്പോഴായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ആ തീരുമാനം. സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്ന് അകന്ന് പൂർണമായും കുടുംബത്തിലേക്കൊതുങ്ങി ജ്യോതിക. അതിനിടെ ദമ്പതികൾക്ക് ദിയ, ദേവ് എന്നീ രണ്ടുമക്കൾ ജനിച്ചു.
സൂര്യ-ജ്യോതിക വിവാഹത്തെക്കുറിച്ച് സൂര്യയുടെ അച്ഛനും ശിവകുമാർ പറഞ്ഞ വാക്കുകൾ ഇപ്പോൾ ചർച്ചയാവുകയാണ്. ''തുടക്കത്തിൽ എനിക്ക് സൂര്യയുടെ പ്രണയത്തോട് എതിർപ്പായിരുന്നു. ആ വിവാഹത്തിന് ഞാൻ സമ്മതിക്കില്ലെന്നും പറഞ്ഞു. പക്ഷേ അവൻ തീരുമാനത്തിൽ ഉറച്ചുനിന്നു, 'അവളോടൊപ്പം മാത്രമേ ജീവിക്കൂ, ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കും' എന്നാണ് സൂര്യ പറഞ്ഞത്. ഞാൻ കുറേ ചിന്തിച്ചു. ഞാൻ 150-ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവയിലേറെയും പ്രണയവിവാഹങ്ങൾ എന്ന ആശയം ഉള്ളതായിരുന്നു. അങ്ങനെ ഒടുവിൽ സമ്മതിച്ചു'', അദ്ദേഹം ഓർക്കുന്നു.
സൂര്യ വളരെ ലജ്ജാശീലനായ വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ''തുടക്കകാലത്ത് ലജ്ജാശീലനായ വ്യക്തിയായിരുന്നു. ആരോടും അങ്ങനെ മിണ്ടില്ല. ജ്യോതികയുമായി ആദ്യമായി സംസാരിക്കാൻ അവനെ പ്രേരിപ്പിച്ചത് രാധിക ശരത്കുമാർ ആണ്. അതാണ് പിന്നീട് ഒരു മനോഹരമായ ബന്ധമായി വളർന്നത്''.
വിവാഹശേഷം സിനിമയിൽ നിന്ന് അകന്ന ജ്യോതിക, നീണ്ട 9 വർഷങ്ങൾക്കുശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോൾ സൂര്യയും ജ്യോതികയും സിനിമയിൽ ഒരുപോലെ സജീവമാണ്. രണ്ടാം വരവിൽ കൂടുതൽ നല്ല കഥാപാത്രങ്ങളുമായി, ഭാഷയും ദേശവും കടക്കുകയാണ് ജ്യോതിക. സീരീസുകളിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു അവർ. 'ദബ്ബാ കാർട്ടൽ' ആണ് അവരുടേതായി അവസാനമിറങ്ങിയ ചിത്രം. സൂര്യ 46, സൂര്യ 47 എന്ന് താത്കാലികമായി പേരിട്ട സിനിമകളിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the heartwarming love story of Suriya and Jyotika, from their first meeting to their marriage and father Sivakumar`s initial reluctance