52-ാം വയസ്സിൽ ഗർഭിണിയെന്ന് താരം; കുട്ടികൾ പിന്നെ മതിയെന്ന് തീരുമാനിച്ചതിനുപിന്നിലെ കാരണമിതാണ്

അമേരിക്കൻ നടിയും നിർമാതാവുമാണ് ഹിലരി ആൻ സ്വാങ്ക്. ബോയ്‌സ് ഡോണ്ട് ക്രൈ, മില്യൺ ഡോളർ ബേബി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടുതവണ ഓസ്‌കർ പുരസ്‌കാരം നേടിയിട്ടുമുണ്ട് താരം. ക്രിട്ടിക്‌സ് ചോയ്‌സ്, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. അത് വളരെ പെട്ടെന്ന് ചർച്ചയാവുകയും ചെയ്തു.

52-ാം വയസ്സിൽ താൻ മൂന്നാമതൊരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായാണ് അവർ വെളിപ്പെടുത്തിയത്. ഈ പ്രഖ്യാപനം 50-കളിൽ ഗർഭം ധരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്. തന്റെ ഭർത്താവ് ഫിലിപ്പ് ഷ്‌നൈഡറിനും കുട്ടികൾക്കുമൊപ്പമുള്ള ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ശരീരത്തിൽ 'ഗ്ലോ സ്റ്റിക്ക്' ഘടിപ്പിച്ച് ഇരുട്ടിൽ നൃത്തം ചെയ്യുന്ന കുടുംബത്തെ വീഡിയോയിൽ കാണാം. ഹിലരിയുടെ വയറ്റിൽ പ്രകാശിക്കുന്ന ഒരു ചെറിയ കുഞ്ഞിന്റെ രൂപം കാണിച്ചുകൊണ്ടാണ് അവർ ഗർഭവാർത്ത വെളിപ്പെടുത്തിയത്. ''അടുത്തതായി ഏത് പ്രോജക്റ്റിലാണ് അഭിനയിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്; ഇതാ, ഡിസംബറിൽ ഇത് പുറത്തിറങ്ങും'', എന്നായിരുന്നു വീഡിയോയ്ക്കൊപ്പം നൽകിയ അടിക്കുറിപ്പ്.

ഹിലരിക്കും ഫിലിപ്പിനും രണ്ടുകുട്ടികളാണ് ഇപ്പോഴുള്ളത്. 2023-ലാണ് അവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചത്. 40-കളിലും 50-കളിലും ഗർഭം ധരിക്കുന്നതിനെയും അമ്മയാകുന്നതിനെയും കുറിച്ച് ഹിലരി മുമ്പും സംസാരിച്ചിട്ടുണ്ട്. കരിയറിലെ സ്ഥിരതയും വ്യക്തിപരമായ വളർച്ചയും കൂടുതൽ ക്ഷമയുള്ളൊരു അമ്മയാക്കി തന്നെ മാറ്റിയെന്നും അവർ പറഞ്ഞിരുന്നു.

ഈ വർഷമാദ്യം 'പീപ്പിൾ' മാസികയുമായുള്ള സംഭാഷണത്തിനിടെ, തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിട്ടാണ് കുട്ടികൾ പിന്നെ മതിയെന്ന തീരുമാനത്തിലെത്തിയതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ''എപ്പോഴെങ്കിലും കുട്ടികൾ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അത് എങ്ങനെയായിരിക്കണം എന്ന് ഞാൻ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നില്ല. ഓരോരുത്തരുടെയും കാര്യത്തിൽ ഇത് വ്യത്യസ്തമായിരിക്കാം, എങ്കിലും എന്റെ കാര്യമെടുത്താൽ, ഇരുപതുകളിലോ മുപ്പതുകളിലോ എനിക്ക് ഒരു കുട്ടി ഉണ്ടായിരുന്നെങ്കിൽ, ഇപ്പോൾ ഞാൻ ആയിരിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തയായ ഒരു രക്ഷിതാവാകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Oscar-winning actress Hilary Swank announced she is pregnant with her third child at 52., She shared the news via an Instagram video featuring her husband Philip Schneider and their glowing baby bump., The couple previously welcomed twins in 2023