ഹാർദിക് പാണ്ഡ്യയുടെ പ്രണയം ഏറെക്കുറെ ഉറപ്പിച്ചു, 24-കാരിയായ മോഡൽ ആരാണ്?

ഹാർദികും മഹികയും | AFP, Instagram
ഹാർദികും മഹികയും | AFP, Instagram

പൊതുവേദിയിൽ കാമുകിയുമായെത്തി ഹാർദിക് പാണ്ഡ്യ പുതിയ പ്രണയം സ്ഥിരീകരിക്കുകയാണോ? ആണെന്നു പറയുകയാണ് സോഷ്യൽ മീഡിയ. ക്രിക്കറ്റ് താരം ഹാർദികിന്റെ പുതിയ പ്രണയിനി 24-കാരിയായ മോഡൽ മഹിക ശർമ്മയാണ്. വിവാഹമോചനത്തിനുശേഷം ഗായിക ജാസ്മിൻ വാലിയയുമായി ഹാർദിക്കിന് പ്രണയത്തകർച്ചയുണ്ടായെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ, മാസങ്ങളായി മഹിക ശർമയെ ചുറ്റിപ്പറ്റിയും ഊഹാപോഹങ്ങളുണ്ടായി. ഇപ്പോൾ ഇത് ശരിവെച്ചുകൊണ്ട് ഇരുവരും ആദ്യമായി ഒന്നിച്ച് പൊതുവേദിയിലെത്തി.

വെള്ളിയാഴ്ച രാവിലെ, തൻ്റെ മഞ്ഞ ലംബോർഗിനി ഉറൂസ് എസ്ഇ-യിൽ മുംബൈ എയർപോർട്ടിൽ വന്നിറങ്ങിയ ഹാർദിക്കും മഹികയും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഒരേപോലെയുള്ള കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ ഇരുവരും തമ്മിലുള്ള അടുപ്പവും പ്രകടമായിരുന്നു.

റെഡ്ഡിറ്റിലാണ് ഹാർദിക്കും മഹികയും പ്രണയത്തിലാണെന്ന പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. മഹികയുടെ ഒരു സെൽഫി വീഡിയോയിൽ, ഹാർദിക്കുമുണ്ടെന്നാണ് ആ പോസ്റ്റിൽ പറഞ്ഞത്.

അതിനുപിന്നാലെ ഏഷ്യ കപ്പിലെ ഇന്ത്യ-പാക് മത്സരം കാണാൻ, മഹികയും ഗ്യാലറിയിലുണ്ടായിരുന്നു. അതോടെയാണ് പ്രണയം തന്നെയെന്ന് ആരാധകർ ഉറപ്പിച്ചത്.

മോഡലെന്ന നിലയിൽ മഹികയുടെ പശ്ചാത്തലം വളരെ മികച്ചതാണ്. ഡൽഹി, ഗുജറാത്ത്, യുഎസ് എന്നിവിടങ്ങളിലായി കുട്ടിക്കാലം ചെലവിട്ട അവർ സർട്ടിഫൈഡ് ലീൻ സിക്സ് സിഗ്മ ബ്ലാക്ക് ബെൽറ്റും അഡ്വാൻസ്ഡ് യോഗ പരിശീലകയുമാണ്. മാതാപിതാക്കൾക്ക് മകളൊരു ഡോക്ടറോ എൻജിനീയറോ ആവണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ചെറുപ്പത്തിൽ തന്നെ മോഡലിങ് ആണ് തന്റെ വഴിയെന്ന് ആ പെൺകുട്ടി ഉറപ്പിച്ചു.

മുൻനിര ഡിസൈനർമാർക്ക് വേണ്ടി മോഡലിങ് ചെയ്യുന്നത് തൊട്ട് പരസ്യങ്ങളിലും സിനിമകളിലും അഭിനയിക്കുന്നത് വരെ നീളുന്നു മഹികയുടെ പ്രൊഫഷണൽ ജീവിതം. ഒമങ് കുമാറിൻ്റെ 'പിഎം നരേന്ദ്ര മോദി' (2019), ഒർലാൻഡോ വോൺ ഐൻസീഡലിൻ്റെ ഷോർട്ട് ഫിലിം 'ഇൻറ്റു ദ ഡസ്ക്' എന്നിവയിൽ മഹികയും ഭാഗമായിരുന്നു. ഇന്ത്യൻ ഫാഷൻ അവാർഡ്‌സിൽ മോഡൽ ഓഫ് ദ ഇയർ പുരസ്‌കാരം നേടിയതാണ് അവരുടെ കരിയറിലെ വഴിത്തിരിവായത്.

അരലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള മഹിക ഫാഷൻ ലോകത്ത് ഇതിനകം തന്നെ ശ്രദ്ധേയമായ വ്യക്തിത്വമാണ്. മാസങ്ങൾക്കുമുമ്പ് താനൊരു ശരാശരി ഇന്ത്യൻ മോഡലാണെന്നാണ് മഹിക സ്വയം വിശേഷിപ്പിച്ചിരുന്നത്. അതേസമയം, ഫാഷനിൽ വൈവിധ്യം പുലർത്തുന്ന വ്യക്തിയാണ് മഹിക. സബ്യസാചിയുടെ ഹെറിറ്റേജ് ബ്രൈഡൽ കാമ്പെയ്‌നിനായി അവർ മോഡലായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ ബിക്കിനി ലുക്കുകൾ അവർ പങ്കുവെച്ചിട്ടുണ്ട്.

സെർബിയൻ നർത്തകിയും മോഡലുമായ നതാഷ സ്റ്റാൻകോവിക്കിനെയാണ് ഹാർദിക് പാണ്ഡ്യ നേരത്തേ വിവാഹംചെയ്തിരുന്നത്. 2020-ൽ ഒരു മകനും പിറന്നു. 2024-ൽ ഇരുവരും തങ്ങൾ പിരിയുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Cricketer Hardik Pandya makes first public appearance with model Maheika Sharma. Discover her impressive background, career, and stunning fashion sense.