വിളിച്ചാല്‍ എടുക്കില്ല, മെസേജിന് മറുപടിയില്ല, കാരണമില്ലാതെ ബന്ധങ്ങളില്‍ നിന്ന് അപ്രത്യക്ഷരാകുന്നവര്‍; ഗോസ്റ്റിങ്

അവന്‍ ദിവസവും വിളിക്കുമായിരുന്നു. രാവിലെ ഗുഡ്‌മോണിങ്, രാത്രി ഉറങ്ങും മുന്‍പുമുളള ഗുഡ്‌നൈറ്റ്, എന്നും വിളിച്ച് വിശേഷങ്ങള്‍ പങ്കുവെക്കും. പെട്ടന്നൊരു ദിവസം ഇതെല്ലാം അപ്രത്യക്ഷമാവുന്നു. കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടിയില്ല. ഒരു തരത്തിലും അവനെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. പ്രണയബന്ധത്തില്‍ ആയിരുന്ന ഒരാള്‍ കാണാമറയത്താകുന്നു. ജീവിതത്തില്‍ അയാളുടെ സാന്നിധ്യം ഇല്ലാതാകുന്നു. ആധുനിക പ്രണയബന്ധങ്ങളിലെ വില്ലനാവുകയാണ് 'ഗോസ്റ്റിങ്'.
സമൂഹമാധ്യമങ്ങളിലും ഡേറ്റിങ് ആപ്പുകളിലൂടെയുമുളള പ്രണയബന്ധങ്ങളിലെ പുതിയ ട്രെന്‍ഡാണിത്. പ്രണയത്തിന്റെ ആദ്യനാളുകളില്‍ ചാറ്റുകളുടെയും കോളുകളുടെയും പ്രളയമായിരിക്കും. എത്ര ആഴത്തിലുളള ബന്ധങ്ങളും പെട്ടന്നൊരു ദിവസം ഇല്ലാതാകുന്നു. എന്താണിതിന് കാരണമെന്നുപോലും അറിയില്ല. ലോങ് ഡിസ്റ്റന്‍സ് റിലേഷനുകളെയാണ് ഇത് മിക്കപ്പോഴും ബാധിക്കുന്നത്. സ്നേഹത്തിലായിരുന്ന വ്യക്തികളിലൊരാള്‍ കാരണമൊന്നും പറയാതെ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമാവുന്നത് മറ്റേയാള്‍ക്ക് മാനസികമായി വലിയ ആഘാതമുണ്ടാക്കുന്നു. സമൂഹ മാധ്യമങ്ങളും, ഡേറ്റിങ് ആപ്പുകളും ഈ ട്രന്‍ഡും ആഘോഷിക്കുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിയുളളതും സ്‌നേഹബന്ധങ്ങള്‍ ശിഥിലമാകുന്നതുമാണ് ഗോസ്റ്റിങ്ങിന്റെ പ്രധാനകാരണം. പങ്കാളിയോടു തോന്നുന്ന താല്‍പ്പര്യക്കുറവ്, കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനുളള മടി എന്നിവയാണ് മറ്റുകാരണങ്ങള്‍. ഇത്തരം ട്രെന്‍ഡുകള്‍ മനുഷ്യബന്ധങ്ങളുടെ മൂല്യശോഷണത്തിനും കാരണമാകുന്നു.
ഇതിനെ മറികടക്കാന്‍ കാര്യങ്ങള്‍ തുറന്ന് സംസാരിക്കുകയേ നിര്‍വ്വാഹമുളളൂ. രണ്ട് വ്യക്തികള്‍ വൃത്യസ്തരാണെന്ന് പരസ്പരം മനസ്സിലാക്കാനുളള ശ്രമം ഇരുഭാഗത്തുനിന്നും വേണം. മനസ്സിലുളളത് തുറന്നുപറയുന്നത് ആരോഗ്യകരമായ ബന്ധങ്ങള്‍ക്ക് അടിത്തറയേകും. ഒന്നിച്ച് മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ അത് പങ്കാളിയോട് തുറന്നുപറഞ്ഞ് ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്. ബന്ധങ്ങളുടെ അടിസ്ഥാനം സ്നേഹവും ബഹുമാനവുമാണ്. അതില്ലാതെ ബന്ധങ്ങള്‍ നിലനില്‍ക്കില്ല. രണ്ട് വ്യക്തികളുടെ തുല്യപങ്കാളിത്തവും സ്നേഹവുമാണ് ബന്ധങ്ങളെ മനോഹരമാക്കുന്നത്, ജീവിതം സന്തോഷമുളളതാക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: ghosting is a modern trend where one partner disappears without explanation