‘എന്റെ നമ്പറിനായി ഹർഭജൻ, യുവരാജ് സിങ്ങിനെ സമീപിച്ചു. 'യെസ്' പറയാന്‍ ഞാന്‍ ഒരു നിബന്ധന വെച്ചിരുന്നു’- ഗീത ബസ്ര

ഹർഭജൻ സിങ്ങും ഗീത ബസ്രയും / instagram:geetabasra
ഹർഭജൻ സിങ്ങും ഗീത ബസ്രയും / instagram:geetabasra

സെലിബ്രിറ്റി ദമ്പതികളുടെ പ്രണയകഥകള്‍ ആളുകള്‍ക്ക് എന്നും കേള്‍ക്കാനും പങ്കുവെക്കാനും ഇഷ്ടമുള്ളവയാണ്. അത്തരത്തിലുള്ള ഒന്നാണ് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെയും നടിയും പങ്കാളിയുമായ ഗീത ബസ്രയുടെയും കഥ. 2015-ല്‍ വിവാഹിതരായ ഇവര്‍ ഇപ്പോള്‍ രണ്ടുകുട്ടികളുടെ മാതാപിതാക്കളാണ്. എന്നാല്‍ ഹര്‍ഭജനോട് 'യെസ്' പറയുന്നതിന് മുമ്പ് താന്‍ നേരിട്ട തടസ്സങ്ങളെക്കുറിച്ചും, മടിയെക്കുറിച്ചും, മുന്നോട്ടുവെച്ച ഒരു പ്രത്യേക നിബന്ധനയെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് ഗീത ബസ്ര. ഭാരതി സിങ്ങിന്റെ പോഡ്കാസ്റ്റിലാണ് വെളിപ്പെടുത്തല്‍.

തന്റെ ഒരു പോസ്റ്റ് കണ്ടാണ് ഹര്‍ഭജന് തന്നോട് ആദ്യമായി ഇഷ്ടം തോന്നിയതെന്ന് അവര്‍ പറയുന്നു. പിന്നീട് ഗീതയുടെ നമ്പര്‍ ലഭിക്കാനായി ഹര്‍ഭജന്‍ സുഹൃത്തും സഹതാരവുമായ യുവരാജ് സിങ്ങിനെ സമീപിച്ചു. 'യുവരാജ് സിങ്ങിന് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നതുകൊണ്ട് ഹര്‍ഭജന്‍ അദ്ദേഹത്തോടാണ് എന്റെ നമ്പര്‍ ചോദിച്ചത്. അതിനുശേഷം ഹര്‍ഭജന്‍ എനിക്ക് മെസ്സേജ് അയച്ചു. എന്നാല്‍ എനിക്ക് ക്രിക്കറ്റിനെക്കുറിച്ചോ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചോ യാതൊരു അറിവോ താല്‍പ്പര്യമോ ഇല്ലാത്തതുകൊണ്ട് ഞാന്‍ ആ സന്ദേശത്തിന് മറുപടി നല്‍കിയില്ല. അവര്‍ ലോകകപ്പ് നേടിയ സമയമായിരുന്നു അത്.' പ്രണയത്തിന്റെ ആദ്യനാളുകള്‍ ഓര്‍ത്തെടുത്ത ഗീത പറഞ്ഞു.

ഒടുവില്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടാണ് ഗീത മെസ്സേജിനു മറുപടി നല്‍കിയത്. അതോടെ അവരുടെ സംഭാഷണങ്ങള്‍ പതുക്കെ ആരംഭിച്ചു. നേരില്‍ കണ്ടപ്പോള്‍, താന്‍ വെറും സൗഹൃദം മാത്രമല്ല ആഗ്രഹിക്കുന്നതെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കുകയായിരുന്നു. ഗീതയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര ലളിതമായിരുന്നില്ല. ഒരു ക്രിക്കറ്റ് താരവുമായി പേര് ചേര്‍ക്കപ്പെട്ടാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്ന് നടി ഭയപ്പെട്ടു. വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികള്‍ കാരണം കുറച്ച് സിനിമകള്‍ അതിനകം തന്നെ നഷ്ടപ്പെട്ടിരുന്നു.

ഏകദേശം പത്ത് മാസങ്ങള്‍ക്ക് ശേഷം ഗീത, ഹര്‍ഭജനെ വിവാഹം കഴിക്കാന്‍ സമ്മതിച്ചു. പക്ഷേ ഒരു നിബന്ധനയോടെ മാത്രം. ക്രിക്കറ്റില്‍ അദ്ദേഹം മുന്നൂറ് വിക്കറ്റ് തികയ്ക്കുന്ന ദിവസം കല്യാണത്തിനു സമ്മതിക്കാമെന്നായിരുന്നു ഗീതയുടെ വ്യത്യസ്തമായ നിബന്ധന. ഭാഗ്യവശാല്‍ ആ നേട്ടം ഹർഭജനെ തേടി പെട്ടെന്നെത്തി. പറഞ്ഞതുപോലെ ഗീത കല്യാണത്തിനു സമ്മതവും മൂളി. അങ്ങനെ 2015-ല്‍ ആര്‍ഭാടപൂര്‍വ്വം അവരുടെ കല്യാണം നടക്കുകയായിരുന്നു.

'അദ്ദേഹം എന്നെപ്പോലെ തന്നെ മനസ്സുകൊണ്ട് ഒരു യഥാര്‍ത്ഥ പഞ്ചാബിയായിരുന്നു. ഒരു ക്രിക്കറ്റ് താരമായിരുന്നിട്ടും, ഹര്‍ഭജന്‍ ഒരിക്കലും തന്റെ പെരുമാറ്റത്തില്‍ താരപരിവേഷം കാണിച്ചിരുന്നില്ല. പകരം, അദ്ദേഹത്തിന്റെ ലാളിത്യവും പഞ്ചാബി വേരുകളും സ്വന്തം വീട്ടിലെന്ന പോലുള്ള അനുഭവം നല്‍കി.' ഗീത പറയുന്നു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: actress geeta basra reveals her initial hesitation, the unique condition she put forth before marrying cricketer Harbhajan Singh.