'എനിക്ക് എയ്ഡ്‌സ് ഉണ്ടോ എന്നയാൾ ചോദിച്ചു, മറ്റൊരു സ്ത്രീയുമായും അയാൾക്ക് ബന്ധമുണ്ടായിരുന്നു'

മോഹൻലാൽ അവതരിപ്പിക്കുന്ന മലയാളം ബിഗ് ബോസിന്റെ എട്ടാമത്തെ സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 6-നാണ് സീസൺ സംപ്രേഷണം ചെയ്തുതുടങ്ങിയത്. 27 പേരാണ് ഇത്തവണ മത്സരാർഥികളായുള്ളത്. ഏറ്റവും കൂടുതൽ മത്സരാർഥികളുള്ളതും ഇത്തവണത്തെ സീസണിൽ തന്നെ. താരങ്ങളായ ഗായത്രി സുരേഷ്, മൃദുല വിജയ്, ശ്രീലയ, സുമേഷ് ചന്ദ്രൻ, നോബി ബിനു തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.
രണ്ടുദിവസം മുമ്പാണ് ഗായത്രി സുരേഷ് ഉൾപ്പെടെയുള്ളവർ ഹൗസിൽനിന്ന് പുറത്തേക്കുപോയത്. ഷോയുടെ ഒമ്പതാം ദിവസം തന്നെ ഗായത്രിയെ പുറത്താക്കിയിരുന്നുവെങ്കിലും, വീക്കെൻഡിൽ അവർ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തി. അതിനുപിന്നാലെയാണ് അവർ വീണ്ടും പുറത്താവുന്നത്.
പുറത്തുപോവുന്നതിനുമുമ്പ് തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു ഘട്ടത്തെക്കുറിച്ച് അവർ മനസ്സുതുറന്നിരുന്നു. തന്റെ മനസ്സിൽ മായാത്ത മുറിവേൽപ്പിച്ച 'ടോക്‌സിക് സിറ്റ്വേഷൻഷിപ്പി'നെ കുറിച്ചാണ് ഗായത്രി അന്ന് സംസാരിച്ചത്. ഒരു ടാസ്‌കിനിടെ ബിഗ് ബോസ് ഗായത്രിയോട് ഒരു ചോദ്യം ചോദിച്ചു, ''ജീവിതത്തിൽ നിങ്ങളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച വ്യക്തിയോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ, നിങ്ങൾ എന്തായിരിക്കും പറയുക?''
അതിന് താരം നൽകിയ മറുപടിയിങ്ങനെ, ''ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്, അല്ലെങ്കിൽ എന്നിൽ ഏറ്റവും വലിയ മാനസികാഘാതം ഉണ്ടാക്കിയൊരു സംഭവമുണ്ട്. 2021-ൽ ഞാൻ ഒരു വിവാദത്തിൽ അകപ്പെട്ട സമയത്താണ് അത് സംഭവിച്ചത്. അന്ന് ഞാൻ ഒരു 'സിറ്റ്വേഷൻഷിപ്പി'ൽ ആയിരുന്നു. അതൊരു യഥാർത്ഥ പ്രണയബന്ധമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാലിപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അതൊരു 'സിറ്റ്വേഷൻഷിപ്പ്' മാത്രമായിരുന്നുവെന്ന് തോന്നുന്നു'', അവർ ഓർത്തെടുത്തു.
തന്റെ അന്നത്തെ പങ്കാളിയുടെ പെരുമാറ്റത്തിലെ പ്രശ്‌നസൂചനകൾ (red flags) വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും, എങ്കിലും സ്വയം തിരുത്താൻ അവസരങ്ങൾ നൽകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഗായത്രി തുറന്നുപറഞ്ഞു.
''മറ്റുള്ളവരുടെ പെരുമാറ്റത്തിലെ റെഡ് ഫ്‌ളാഗുകൾ പെട്ടെന്ന് തിരിച്ചറിയുന്ന ഒരാളാണ് ഞാൻ. എന്നിരുന്നാലും, ഞാൻ ആളുകൾക്ക് മൂന്ന് അവസരങ്ങൾ നൽകാറുണ്ട്; അതിനുശേഷവും തിരുത്തിയില്ലെങ്കിൽ അവരെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കും. ഞങ്ങളുടെ 'ബന്ധത്തിന്റെ' ആദ്യ ആഴ്ചയിൽ തന്നെ, എനിക്ക് എയ്ഡ്‌സ് ഉണ്ടോ എന്നയാൾ ചോദിച്ചു. ആ നിമിഷം തന്നെ അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു'', അവർ പറഞ്ഞു.
''എന്നാൽ, എപ്പോഴും ഇത്തരം പ്രശ്‌നകരമായ സൂചനകൾ മാത്രം തേടി നടക്കുന്നത് അമിതമായ നെഗറ്റീവ് ചിന്താഗതിയാണോ എന്ന് സംശയം തോന്നാം. അതുകൊണ്ട് ഞാൻ വീണ്ടും ആ 'ബന്ധം' തുടർന്നു. പിന്നീട്, അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ തൃശൂരിലാണ് താമസിക്കുന്നതെങ്കിൽ, എറണാകുളത്തുള്ള മറ്റൊരു പെൺകുട്ടിയുമായി അയാൾക്ക് ബന്ധമുണ്ടായിരുന്നു'', ഗായത്രി വെളിപ്പെടുത്തി.
''ആ സമയത്ത് ഞാനും ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു. അതെ, എനിക്കും ധാരാളം മോശം ശീലങ്ങളുണ്ട്, അതുകൊണ്ട് ഞാൻ ഒരു കുറ്റമറ്റ വ്യക്തിയാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും എനിക്കൊരു നല്ല മനസ്സുണ്ട്, ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നീട് അവൻ എന്നെ പൂർണ്ണമായും അവഗണിക്കാൻ തുടങ്ങി. ഒരു ദിവസം ഞാൻ ഉറച്ച നിലപാടെടുത്ത് അവനെ കാണണമെന്ന് ആവശ്യപ്പെട്ടു; അങ്ങനെ അവൻ വന്നു''. അവരൊരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് 2021-ൽ ഗായത്രിയും ആ വ്യക്തിയും ഒരു കാറപകടത്തിൽ പെടുന്നത്. കാര്യമായൊന്നും സംഭവിച്ചില്ലെങ്കിലും കാർ നിർത്താത്തതിനാൽ, ആളുകൾ അവരെ തടഞ്ഞുവെച്ചു. ''പോലീസെത്തി അയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തിരിച്ചുവന്നശേഷം എന്നെ ഒറ്റയ്ക്കാക്കി, മറ്റേ ഗേൾഫ്രണ്ടിനെ കാണാൻ അയാൾ പോയി. ഇപ്പോൾ കാണുകയാണെങ്കിൽ, ഞാൻ അയാളോട് നന്ദി പറയും.
അവന്റെ കാമുകി എന്തിലൂടെയാണ് കടന്നുപോയതെന്ന് എനിക്ക് വ്യക്തമായി ഊഹിക്കാൻ കഴിയും. കാരണം അത് ഒരു നാർസിസിസ്റ്റിക് ബന്ധമായിരുന്നു. അതുകൊണ്ട് ഞാൻ അവനെ ഇപ്പോൾ കണ്ടാൽ, 'മറ്റൊരാളുടെ പിന്നാലെ പോയതിന് വളരെ നന്ദി' എന്ന് പറയും. ഇല്ലെങ്കിൽ ആ ബന്ധത്തിൽ ഞാൻ കഷ്ടപ്പെടേണ്ടി വന്നേനെ''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Gayathri Suresh shared her painful past relationship experience inside the Bigg Boss Malayalam Season 8 house., She revealed how her former partner asked if she had AIDS and cheated on her with another woman., Gayathri opened up about the car accident in 2021 and how she eventually found closure from the toxic dynamic.