ഇന്ത്യക്കാര്‍ക്ക് വിവാഹം ഇനി ഒരു നാഴികക്കല്ലല്ല, മറിച്ച് തിരഞ്ഞെടുപ്പ് മാത്രമെന്ന് സര്‍വേ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്‌നേഹം, പ്രണയം, പ്രതിബദ്ധത എന്നിവയെക്കുറിച്ചുള്ള ആധുനിക സങ്കല്‍പ്പങ്ങള്‍ സൂക്ഷ്മമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ക്വാക്ക്ക്വാക്ക് എന്ന ഡേറ്റിങ് ആപ്പ് അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം, ഓരോ 3 മില്ലേനിയല്‍ ഡേറ്റര്‍മാരില്‍ ഒരാളും വിശ്വസിക്കുന്നത്, അടുത്ത ദശകത്തില്‍ വിവാഹത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കുമെന്നാണ്.

ഇന്ത്യയിലെ മെട്രോ, നഗരപ്രാന്ത, ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള 22-നും 35-നും ഇടയില്‍ പ്രായമുള്ള, സജീവമായി ഡേറ്റിങ് നടത്തുന്ന 10,340 പേരില്‍ ഈ ആപ്പ് ഒരു സര്‍വേ നടത്തി. ഐടി പ്രൊഫഷണലുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ മുതല്‍ ഫിനാന്‍സ്, ബാങ്കിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, വിദ്യാഭ്യാസം, പരിശീലനം, സോഷ്യല്‍ മീഡിയ ക്രിയേറ്റര്‍മാര്‍ വരെ എല്ലാ തുറകളില്‍ നിന്നുമുള്ള ആളുകള്‍ ഇതില്‍ പങ്കെടുത്തു.

ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ആളുകള്‍ വൈകാരിക ബന്ധത്തെയും അടുപ്പത്തെയും എങ്ങനെ പുനര്‍നിര്‍വചിക്കുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 'ഇന്നത്തെ 5 ഡേറ്റര്‍മാരില്‍ 4 പേര്‍ക്കും അവരെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ട്. അവരുടെ മുന്‍ഗണനകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അവര്‍ വിവാഹ വിരോധികളോ പ്രതിബദ്ധതയ്ക്ക് എതിരായവരോ അല്ല; സമൂഹത്തിന്റെ സമയക്രമവും പ്രതീക്ഷകളും പിന്തുടരുന്നതിന് പകരം, തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.' ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ രവി മിത്തല്‍ പറയുന്നു.

ഒരുകാലത്ത് പ്രതീക്ഷയും ഏതാണ്ട് നിര്‍ബന്ധവുമായിരുന്ന വിവാഹങ്ങള്‍, ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പായി മാറുകയാണ്. 28 വയസ്സിന് മുകളിലുള്ള 39% ഡേറ്റര്‍മാരും വിവാഹം ഇനി ജീവിതത്തിലെ ഒരു നാഴികക്കല്ലല്ല, മറിച്ച് അതൊരു തിരഞ്ഞെടുപ്പ് മാത്രമാണ് എന്ന അഭിപ്രായക്കാരാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ആളുകള്‍ക്ക് പരസ്പരം സ്‌നേഹിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് വെര്‍ച്വല്‍ ഡേറ്റിങ്ങിന്റെ വളര്‍ച്ച.

ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പുകളില്‍ സജീവമായിട്ടും പങ്കാളിയെ കണ്ടെത്താത്തവര്‍, തങ്ങളുടെ ഒറ്റയ്ക്കായിരിക്കുന്ന കാലഘട്ടം സ്വയം വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള മികച്ച അവസരമായി ഉപയോഗിക്കുന്നുവെന്നും സര്‍വേ കണ്ടെത്തി. പ്രതികരിച്ച 10-ല്‍ 6 പേരും വിശദീകരിക്കുന്നത്, ശരിയാകാത്ത ഓരോ ബന്ധവും, തങ്ങള്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ചും, അതിലുപരിയായി തങ്ങളുടെ മുന്‍ഗണനകളെയും വിട്ടുവീഴ്ചയില്ലാത്ത കാര്യങ്ങളെയും കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നു എന്നാണ്.

25-നും 35-നും ഇടയില്‍ പ്രായമുള്ള ഡേറ്റിങ് ആപ്പ് ഉപയോക്താക്കളില്‍ ഏകദേശം 23% പേരും പറയുന്നത്, ഏതെങ്കിലും ആപ്പില്‍ അഞ്ച് മാസത്തിലധികം ചെലവഴിക്കുകയും വ്യത്യസ്ത ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നത്, നിരവധി കാഴ്ചപ്പാടുകളുമായി ഇടപഴകാന്‍ അവസരം നല്‍കുന്നതിനാല്‍ കൂടുതല്‍ സ്വയം ബോധവാന്മാരാക്കാന്‍ സഹായിക്കുമെന്നാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: survey reveals millennials` evolving views on love, romance, and commitment, challenging traditional notions of marriage and intimacy in the digital age.