മകളുടെ ട്രാന്‍സ് വ്യക്തിത്വം അംഗീകരിക്കാതെ ഇലോണ്‍ മസ്‌ക്, പ്രതികരിച്ച് മകള്‍

സ്‌പേസ് എക്‌സ് സ്ഥാപകനും ടെസ്ല സി.ഇ.ഒ.യുമായ ഇലോണ്‍ മസ്‌കും മകളും തമ്മിലുള്ള തര്‍ക്കം വലിയ വാര്‍ത്തയാവുകയാണ്. അച്ഛനുമായി അടുപ്പമില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളയാളാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ മകള്‍. സേവ്യര്‍ മസ്‌ക് എന്ന പേരുമാറ്റി വിവിയന്‍ ജന്ന വില്‍സണ്‍ എന്ന പേരു സ്വീകരിക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാവുകയും ചെയ്തിരുന്നു അവര്‍. എന്നാല്‍ സേവ്യര്‍ എന്ന മകനായി മാത്രമേ അവളെ കാണാനാവൂവെന്ന നിലപാടാണ് എലണ്‍ മസ്‌കിന്. മാത്രമല്ല, മകളുടെ ഐഡന്റിറ്റിയില്‍ അസ്വസ്ഥത പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് മസ്‌ക്.
തന്റെ മകന്‍ സേവ്യറെ നഷ്ടമായത് 'വോക്ക് വൈറസ്' കാരണമാണെന്നും മകന്‍ മരിച്ചുവെന്നും ഒരു അഭിമുഖത്തില്‍ മസ്‌ക് പറഞ്ഞിരുന്നു. അത്തരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവരെ ജയിലില്‍ അടയ്ക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ആശയങ്ങള്‍ വളര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും മസ്‌ക് ആരോപിച്ചിരുന്നു. പ്രസ്താവന വിവാദമാവുകയും ചെയ്തു. എന്നാല്‍ വിവിയന്‍ അതിന് ശക്തമായ മറുപടിയും നല്‍കി. ക്രൂരനായ പിതാവാണ് തന്റേതെന്നും മസ്‌കുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും അദ്ദേഹം മയക്കുമരുന്നിന് അടിമയാണെന്നും വിവിയന്‍ പറഞ്ഞു. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന്റെ പ്രധാന എതിരാളിയായ ത്രഡ്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിവിയന്റെ പ്രതികരണം.
ലിബറല്‍ പ്രത്യയ ശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാണ് വോക്ക് മൈന്‍ഡ് വൈറസ്. 2021-ല്‍ തന്റെ 18-ാം വയസ്സിന്റെ പിറ്റേന്നാണ് താനൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണെന്ന് വിവിയന്‍ പ്രഖ്യാപിക്കുന്നത്. ശേഷം പേരു മാറ്റണമെന്നും പേരില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പേരു മാറ്റാന്‍ അനുമതി നല്‍കിയ കോടതി മകള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
പിതാവുമായി തനിക്കുള്ള അകല്‍ച്ചയെപ്പറ്റി തുറന്നുപറഞ്ഞ വിവിയന്‍ അദ്ദേഹത്തിനൊപ്പം ഇനി താമസിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. പകരം കനേഡിയന്‍ എഴുത്തുകാരിയായ അമ്മ ജസ്റ്റിന്‍ വില്‍സണിന്റെ പേരിലെ വില്‍സണ്‍ പേരിനൊപ്പം ചേര്‍ക്കുകയും ചെയ്തു.
2000-ത്തിലാണ് എഴുത്തുകാരിയായ ജസ്റ്റിന്‍ വില്‍സണെ മസ്‌ക് വിവാഹം ചെയ്തത്. 2008-ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ മസ്‌കിന് അഞ്ച് കുട്ടികള്‍ പിറന്നു. മുതിര്‍ന്ന കുട്ടി ചെറുപ്പത്തിലേ മരിച്ചിരുന്നു. വിവിയന് ഒരു ഇരട്ടസഹോദരനുണ്ട്.
അതിനിടെ, ഇലോണ്‍ മസ്‌കിന്റെ മുന്‍ പങ്കാളി ഗ്രിംസ് വിവിയന്‍ ജെന്ന വില്‍സണെ പിന്തുണച്ച് രംഗത്തെത്തി. 'ഞാന്‍ വിവിയനെ സ്‌നേഹിക്കുന്നു, എന്നേക്കും അഭിമാനിക്കുന്നു' എന്നാണ് സംഗീതജ്ഞയായ അവര്‍ വ്യാഴാഴ്ച എക്സില്‍ കുറിച്ചത്.
Content Highlights: elon musk treated me badly, says daughter vivian jenna wilson