പങ്കാളികള്‍ മൂന്ന്,കുഞ്ഞുങ്ങള്‍ 14; തന്റെ കുഞ്ഞിന്റെ പിതാവ് മസ്‌ക് ആണെന്നുപറഞ്ഞ് ഇന്‍ഫ്‌ളുവന്‍സറും

മകന്‍ എക്‌സിനൊപ്പം ഇലോണ്‍ മസ്‌ക് / GettyImages
മകന്‍ എക്‌സിനൊപ്പം ഇലോണ്‍ മസ്‌ക് / GettyImages

പതിനാലാമത്തെ കുഞ്ഞിനെ വരവേറ്റ് ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ പങ്കാളിയായ ഷിവോണ്‍ സിലിസ് ആണ് എക്‌സിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചു. സെല്‍ഡണ്‍ എന്നാണ് കുഞ്ഞിന്റെ പേര്. മൂന്നു പങ്കാളികളില്‍നിന്നാണ് മസ്‌കിന് 14 കുട്ടികളുള്ളത്. 

2021-ല്‍ മസ്‌കിന് ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. അപ്പോഴാണ് ഷിവോണ്‍ സിലിസിനെക്കുറിച്ച് പുറംലോകം അറിയുന്നത്. ന്യൂറാലിങ്ക് എന്ന മസ്‌കിന്റെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയില്‍ എക്സിക്യുട്ടീവാണ് ഷിവോണ്‍. ഐ.വി.എഫ് വഴിയാണ് ഇരട്ടകള്‍ ജനിച്ചത്. 2024-ല്‍ അര്‍ക്കേഡിയ എന്ന മൂന്നാമത്തെ കുഞ്ഞിന് ഷിവോണ്‍ ജന്‍മം നല്‍കി. അര്‍ക്കേഡിയയുടെ പിറന്നാള്‍ദിവസമാണ് നാലാമത്തെ കുഞ്ഞുണ്ടായ കാര്യം ഷിവോണ്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. 

കനേഡിയന്‍ എഴുത്തുകാരിയായ ജസ്റ്റിന്‍ വില്‍സണ്‍ ആണ് ആദ്യഭാര്യ. 2000-ലാണ് ഇരുവരും വിവാഹിതരായത്. ആ വിവാഹത്തില്‍ ആറുമക്കളുണ്ടായെങ്കിലും, അതിലൊരാള്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചു. ആ കുട്ടിയുടെ മരണശേഷം ഐ.വി.എഫിലൂടെ അഞ്ച് കുട്ടികള്‍ കൂടി ജനിച്ചു. ആദ്യത്തേത് ഇരട്ടക്കുട്ടികളും അടുത്തത് ഒറ്റപ്രസവത്തില്‍ മൂന്നുകുട്ടികളും. 2008-ല്‍ ഈ ദമ്പതികള്‍ വിവാഹമോചിതരായി. പക്ഷേ, കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഇവര്‍ ഒരുമിച്ചാണ്.

ഇരട്ടക്കുട്ടികളിലൊരാളായ സേവ്യര്‍ മസ്‌ക് 2022-ല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പേരുമാറ്റിയതിന്റെ പേരിലായിരുന്നുവത്. ട്രാന്‍സ് ജെന്‍ഡറായ അവര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും, വിവിയന്‍ ജെന്ന വില്‍സണ്‍ എന്ന് പേരുമാറ്റുകയും ചെയ്തിരുന്നു. തന്നോട് പിതാവ് ക്രൂരമായി പെരുമാറിയിരുന്നുവെന്നും തന്റെ വ്യക്തിത്വം അംഗീകരിക്കുന്നില്ലെന്നും അന്ന് വിവിയന്‍ ആരോപിച്ചിരുന്നു. അതിനോടുള്ള പ്രതിഷേധസൂചകമായാണ് സ്വന്തം പേരില്‍നിന്ന് അച്ഛന്റെ പേര് അവര്‍ എടുത്തുമാറ്റിയത്.

ബ്രിട്ടീഷ് അഭിനേത്രിയും എഴുത്തുകാരിയുമാണ് ടുലൂല റൈലിയാണ് രണ്ടാമത്തെ ഭാര്യ. ഇരുവരും രണ്ടുതവണയാണ് വിവാഹിതരായത്. 2010-ല്‍ വിവാഹിതരായ ടുലൂലയും മസ്‌കും 2012-ല്‍ വിവാഹമോചിതരായി. 2013-ല്‍ വീണ്ടും വിവാഹം കഴിച്ചെങ്കിലും, അത് മൂന്നുവര്‍ഷമേ നീണ്ടുനിന്നുള്ളൂ. ആ ബന്ധത്തില്‍ മക്കളില്ല.

കനേഡിയന്‍ സംഗീതജ്ഞയായ ക്ലെയര്‍ എലിസില്‍ (ഗ്രൈംസ്) മൂന്ന് കുട്ടികളാണ് മസ്‌കിനുള്ളത്. 2018-ലാണ് എലിസും മസ്‌കും ഡേറ്റിങ് തുടങ്ങുന്നത്. 2020-ല്‍ ആദ്യത്തെ കുട്ടി ജനിച്ചു. പിന്നീട് രണ്ടുകുട്ടികളും. എക്സ്, വൈ, തൗ എന്നീ ഓമനപ്പേരുകളിലാണ് ആ കുട്ടികള്‍ അറിയപ്പെടുന്നത്. നിലവില്‍ മക്കള്‍ക്കുവേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് എലിസും മസ്‌കും.

ടുലൂല റൈലിയും ഗ്രൈംസും ഇലോണ്‍ മസ്‌കിനൊപ്പം / GettyImages

മസ്‌കിന്റെ 13-ാമത്തെ കുട്ടിയുടെ അമ്മയാണെന്ന് അവകാശപ്പെട്ട് ഇന്‍ഫ്‌ളുവന്‍സറായ ആഷ്‌ലി സെയ്ന്റ് ക്ലെയര്‍ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാല്‍, ആഷ്‌ലിയുടെ ഈ വാദങ്ങളെ മസ്‌ക് അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല. തന്റെ കുഞ്ഞിന്റെ പിതൃത്വം സ്ഥാപിച്ചെടുക്കുന്നതിനായി ന്യൂയോര്‍ക്ക് കോടതിയെ സമീപിക്കുകയും ചെയ്തു ആഷ്‌ലി. മാത്രമല്ല കുഞ്ഞിനെ വളര്‍ത്തുന്നതില്‍ മസ്‌ക് ഒരു പങ്കും വഹിച്ചില്ലെന്നും അവര്‍ ആരോപിച്ചു. പറ്റേണിറ്റി ടെസ്റ്റ് നടത്തണമെന്നും ആഷ്‌ലി അപേക്ഷിച്ചിട്ടുണ്ട്. ഈ അപേക്ഷയോട് മേയ് 2025-നുമുമ്പായി പ്രതികരിക്കണമെന്ന് കോടതി മസ്‌കിനോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.

നേരത്തെ കുട്ടികളും ഭാര്യമാരുമടങ്ങുന്ന കുടുംബത്തിനായി മസ്‌ക് അത്യാഡംബര വില്ല വാങ്ങിയത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. 35 മില്യണ്‍ ഡോളറിന് വാങ്ങിയ വില്ലയ്ക്ക്, 14,400 ചതുരശ്രയടിയാണ് വലുപ്പം. അതിനോട് ചേര്‍ന്നുതന്നെ ആറ് ബെഡ്റൂമുള്ള മറ്റൊരു വസതിയും മസ്‌ക് വാങ്ങിയിട്ടുണ്ട്. എല്ലാ കുട്ടികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും മസ്‌കിന് കുട്ടികള്‍ക്കൊപ്പം ഒരുപോലെ സമയം ചെലവഴിക്കാനുമാണത്രേ ഇങ്ങനെയൊരു വില്ല കോംപ്ലക്സ് വാങ്ങിയത്.

Content Highlights: elon musk and partner welcomes 14th child