നിരന്തരം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്ന പങ്കാളികളാണോ?

സോഷ്യൽമീഡിയയിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യാത്ത പങ്കാളികൾ തമ്മിൽ അടുപ്പവും പ്രണയവും കൂടുതലാണെന്ന് പഠനങ്ങൾ. സന്തുഷ്ടരായ, വൈകാരികമായി സുരക്ഷിതരായ ദമ്പതികൾ റീൽ ലൈഫിനേക്കാൾ, റിയൽ ലൈഫിനാണത്രെ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. അവർക്കത് ഓൺലൈനായി തെളിയിക്കേണ്ട ആവശ്യവുമില്ല. ലൈക്കുകളിലും കമന്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അവർ തങ്ങളുടെ സ്വകാര്യജീവിതത്തിനാണ് മുൻഗണന നൽകുന്നത്.
സോഷ്യൽ മീഡിയയിൽ നിരന്തരം ചിത്രങ്ങളിടുകയും അതിനുകിട്ടുന്ന ലൈക്കുകളുടെയും കമന്റുകളുടെയും എണ്ണമെടുക്കുകയും ചെയ്യുന്നവർ ആ ബന്ധത്തിൽ അരക്ഷിതരാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇത് പൊതുവായ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പറയുന്നുണ്ട്. സന്തുഷ്ടരായ പങ്കാളികൾ സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ അധികം പങ്കുവെക്കാത്തതിനു കാരണമെന്താവാം?
ആരെയും ബോധിപ്പിക്കേണ്ടതില്ല
സന്തോഷത്തോടെ ജീവിക്കുന്ന പങ്കാളികൾക്ക് ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല. എന്നാൽ, അങ്ങനെയല്ലാത്തവർ തങ്ങൾ സംതൃപ്തരാണെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് ശ്രമിക്കുന്നത്. പ്രണയത്തെക്കുറിച്ചുള്ള കുറിപ്പുകളും വാചകങ്ങളും പോസ്റ്റുകളും അവർ നിരന്തരം പങ്കുവെച്ചുകൊണ്ടേയിരിക്കും. അങ്ങനെ തങ്ങൾ സന്തോഷത്തിലാണ് ജീവിക്കുന്നതെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും.
ബന്ധം ആസ്വദിക്കുന്നു
പാർട്ടിയിലെ സെൽഫി പങ്കിട്ടില്ലെന്നോ, അവധിക്കാലം ചെലവഴിച്ചതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തില്ലെന്നോ തോന്നുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നത് രസകരമാണ്, അങ്ങനെ ചെയ്യുന്നത് സാധാരണവുമാണ്. എന്നാൽ, അത് പോസ്റ്റ് ചെയ്തയുടൻ അതിന് എത്ര ലൈക്കുകളും കമന്റുകളും കിട്ടിയെന്നറിയാനായി കൂടെക്കൂടെ ഇൻസ്റ്റഗ്രാമിൽ കയറുന്നുണ്ടോ? എങ്കിൽ മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടിയാണ് നിങ്ങൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നുറപ്പ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Studies suggest happy couples prioritize real-life connection over social media validation