'ആ വ്യക്തിയെ ഞാൻ വിവാഹം കഴിക്കും; ആളുകളെ ആദ്യം അറിയിക്കുന്നതും ഞാനായിരിക്കും': മൃണാൾ താക്കൂർ

മൃണാൾ താക്കൂർ / ANI
മൃണാൾ താക്കൂർ / ANI

നടൻ ധനുഷിനെ ഫെബ്രുവരി 14-ന് വിവാഹം കഴിക്കുന്നുവെന്ന പ്രചരണം ഇക്കഴിഞ്ഞ ദിവസമാണ് നടി മൃണാൾ താക്കൂർ തള്ളിക്കളഞ്ഞത്. വാലന്റൈൻസ് ദിനത്തിൽ ഏറ്റവും അടുപ്പമുള്ളവരുടെ സാന്നിധ്യത്തിൽ താരങ്ങൾ വിവാഹിതരാവുമെന്നായിരുന്നു ഗോസിപ്പുകൾ പുറത്തുവന്നത്. അതിനുള്ള മറുപടിയായി മൃണാൾ പറഞ്ഞതിങ്ങനെ, ''ഫെബ്രുവരി 14, പലർക്കും ഏപ്രിൽ ഒന്നായി മാറും. ഏപ്രിൽ ഫൂൾ ദിനം''.

ഇപ്പോഴിതാ വിവാഹവും തന്റെ മനസ്സിലുണ്ടെന്ന് തുറന്നുപറയുകയാണ് മൃണാൾ താക്കൂർ. വിവാഹത്തിന് ഒരുക്കമാണെന്നും എന്നാൽ അതിന് ചില നിബന്ധനകൾ ഉണ്ടെന്നും അവർ പറയുന്നു. വാർത്താ ഏജൻസിയായ പി.ടി.ഐ.യോട് സംസാരിക്കുകയായിരുന്നു താരം. തന്റെ ജീവിതത്തിലേക്ക് വരുന്ന ഏറ്റവും യോജ്യനായ വ്യക്തിക്കായുള്ള കാത്തിരിപ്പിലാണെന്നും താരം പറയുന്നു.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, വിവാഹം കഴിക്കാൻ പദ്ധതിയുണ്ടെന്ന് മൃണാൾ പറഞ്ഞു. ''അതെ, വിവാഹം കഴിക്കും. ശരിയായ ദിവസം, ശരിയായ സമയം, ശരിയായ വ്യക്തി എന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ, എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആദ്യം അതിനെക്കുറിച്ച് പ്രഖ്യാപിക്കുന്നത് ഞാനായിരിക്കും'', അവർ പറയുന്നു.

ഇന്നത്തെ തലമുറ സാമൂഹിക പദവി, ബാഹ്യസമ്മർദം എന്നിവയേക്കാൾ യഥാർത്ഥ ബന്ധത്തിനാണ് മുൻഗണന നൽകുന്നതെന്നും മൃണാൾ കൂട്ടിച്ചേർക്കുന്നു. ''മുമ്പൊക്കെ ആളുകൾക്ക് വിവാഹം കഴിക്കാൻ ചില കാരണങ്ങളുണ്ടായിരുന്നിരിക്കാം, എന്നാൽ ഇന്ന്, ആളുകൾ അവർക്ക് ഇഷ്ടമുള്ളതുകൊണ്ടും ശരിയായ വ്യക്തിയുമായി ജീവിതം പങ്കുവെക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടുമാണ് വിവാഹം കഴിക്കുന്നത്''.

സിദ്ധാന്ത് ചതുർവേദിക്കൊപ്പം അഭിനയിക്കുന്ന 'ദോ ദീവാനെ ശെഹർ മേം' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് മൃണാൾ. ഫെബ്രുവരി 20-നാണ് സിനിമ തിയേറ്ററുകളിലെത്തുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mrunal Thakur clarifies marriage rumours with Dhanush, opens up about her ideal partner and future wedding plans