"ഇന്ന് നിന്നെ സങ്കടപ്പെടുത്തിയത് എന്താണ്?" റാഹയോട് റൺബീറിന്റെ ചോദ്യം!

ആലിയ ഭട്ടും റൺബീർ കപൂറും റാഹയ്‌ക്കൊപ്പം
ആലിയ ഭട്ടും റൺബീർ കപൂറും റാഹയ്‌ക്കൊപ്പം

ബോളിവുഡിൽ ആരാധകർ ഉറ്റുനോക്കുന്ന മാതൃകാപരമായ അച്ഛനും മകളുമാണ് റൺബീർ കപൂറും മകൾ റാഹയും. മകളുടെ ഓരോ കുഞ്ഞു വിശേഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ റൺബീറിനും റാഹയ്ക്കുമുള്ള ഒരു ശീലത്തെക്കുറിച്ചും, ആ ശീലം കാരണം താൻ കുടുങ്ങിപ്പോയ ഒരു സംഭവത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് റൺബീറിന്റെ അമ്മയും നടിയുമായ നീതു കപൂർ.

'കേർളി ടെയിൽസ്' എന്ന പരിപാടിയിൽ മകൾ രിദ്ധിമയ്ക്കൊപ്പം പങ്കെടുക്കവേയാണ് നിതു ഈ രസകരമായ ഓർമ്മ പങ്കുവെച്ചത്. എല്ലാ ദിവസവും രാത്രി കിടക്കാൻ നേരത്ത് റൺബീർ റാഹയോട് സംസാരിക്കുന്ന ശീലമുണ്ടെന്ന് അവർ പറഞ്ഞു. ഇത്തരമൊരു വർത്തമാനത്തിനിടെയാണ് നീതുവിനെ അമ്പരപ്പിച്ച ആ സംഭവം നടക്കുന്നത്.

"ഒരിക്കൽ വീട്ടിൽ പൂജയും ആരതിയും ചെയ്യുന്നതിനിടെ അബദ്ധത്തിൽ റാഹയുടെ തലയിൽ തട്ടി. അന്ന് രാത്രി റൺബീർ പതിവുപോലെ ‘ഇന്ന് നിന്നെ സങ്കടപ്പെടുത്തിയത് എന്താണ്?’ എന്ന് ചോദിച്ചപ്പോൾ റാഹ നൽകിയ മറുപടി ഇതായിരുന്നു: ദീദ എന്റെ തലയിലടിച്ചു!” (മുത്തശ്ശി നിതു കപൂറിനെ 'ദീദ' എന്നാണ് റാഹ സ്നേഹത്തോടെ വിളിക്കുന്നത്).

മകളുടെ പരാതി കേട്ടതും റൺബീർ ഒട്ടും വൈകാതെ അമ്മയെ വീഡിയോകോളിൽ വിളിച്ചു. ഉറങ്ങാൻ കിടക്കുകയായിരുന്ന റൺബീർ, "അമ്മ എന്തിനാണ് എന്റെ കുഞ്ഞിന്റെ തലയിലടിച്ചത്?" എന്ന് നേരിട്ട് ചോദിക്കുകയായിരുന്നു. പെട്ടെന്ന് ഇതുകേട്ട് അമ്പരന്ന നീതു, താൻ ആരതി ഉഴിയുന്നതിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മകനോട് തമാശയായി വിശദീകരിക്കേണ്ടി വന്നു.

മകളോടുള്ള റൺബീറിന്റെ കരുതലും ശ്രദ്ധയും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. അടുത്തിടെയായിരുന്നു ആലിയ ഭട്ടും റൺബീറും ചേർന്ന് റാഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ranbir Kapoor has a special bedtime habit of asking Raha about her day., Raha complained to Ranbir that Neetu Kapoor accidentally hit her head during a prayer., Ranbir immediately video-called his mother Neetu Kapoor to question her about the incident., Neetu Kapoor shared this heartwarming family moment during an interview with Curly Tales.