‘ഞങ്ങൾ ഇങ്ങനെയാവാൻ കാരണം അച്ഛൻ ധർമ്മേന്ദ്രയാണെന്ന് ആളുകൾ കരുതുന്നു, അങ്ങനെയല്ല’

ഇതിഹാസതാരം ധർമ്മേന്ദ്രയുടെ നാലുമക്കളിൽ ഒരാളാണ് നടൻ ബോബി ഡിയോൾ. ആദ്യഭാര്യ പ്രകാശ് കൗറുമായി വിവാഹബന്ധം നിലനിൽക്കെ തന്നെ, ധർമ്മേന്ദ്ര ഹേമാ മാലിനിയെ വിവാഹം ചെയ്തത് വലിയ വിവാദമായിരുന്നു. അച്ഛൻ സിനിമാ ജീവിതം കൈകാര്യം ചെയ്യുമ്പോൾ കുടുംബത്തെ വിജയകരമായി നയിച്ചതിന് അമ്മയെ പ്രശംസിക്കുകയാണ് ഇപ്പോൾ ബോബി ഡിയോൾ.
രൺവീർ അല്ലാഹ്ബാദിയയുമായുള്ള പോഡ്‌കാസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ അമ്മ പ്രകാശ് കൗർ സിനിമാരംഗത്തുനിന്നുള്ള ആളല്ലാത്തതിനാൽ, അവർ തങ്ങളെയെങ്ങനെ വളർത്തിയെന്ന കാര്യം ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. "എന്റെ അമ്മ ജീവിതകാലം മുഴുവൻ ഒരു വീട്ടമ്മയായിരുന്നു. ഞങ്ങൾ ഇങ്ങനെയായതിന്റെ ഏറ്റവും വലിയ കാരണം ഞങ്ങളുടെ അച്ഛനാണെന്ന് ആളുകൾ ചിന്തിക്കും, പക്ഷെ അത് അങ്ങനെയല്ല. കുട്ടികൾ എങ്ങനെയായിരിക്കണം എന്നതിൽ അമ്മയാണ് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. എന്റെ അമ്മ നടിയല്ലാത്തതുകൊണ്ട്, ഞങ്ങൾ കൂടുതൽ സംസാരിക്കുന്നത് എന്റെ അച്ഛനെക്കുറിച്ചാണ്. പക്ഷെ എന്റെ അമ്മ ഒരു അത്ഭുതകരമായ സ്ത്രീയാണ്. വിവാഹം കഴിക്കുമ്പോൾ വളരെ ചെറുപ്പമായിരുന്നു. വന്ന പ്രശസ്തിയും മഹത്വവും അവരെ ഒരിക്കലും ബാധിച്ചില്ല. അവൾ ഒരു വിനയമുള്ള സ്ത്രീയായിരുന്നു, ഇപ്പോഴും അങ്ങനെയാണ്... totally grounded" അദ്ദേഹം പറഞ്ഞു.
ധർമ്മേന്ദ്രയും പ്രകാശ് കൗറും 1954-ലാണ് വിവാഹിതരായത്, ശേഷമാണ് ദമ്പതികൾ മുംബൈയിലേക്ക് താമസം മാറുന്നതും അദ്ദേഹം അഭിനയത്തിലേക്ക് കടക്കുന്നതും. സണ്ണി, ബോബി, അജീത, വിജയ്ത എന്നിവരാണ് മക്കൾ. ധർമ്മേന്ദ്ര 1980-ലാണ് ഹേമ മാലിനിയെ വിവാഹം കഴിച്ചത്.
തന്റെ കുടുംബത്തിലേക്കു വന്നാൽ ഭാര്യ ടാന്യ ഡിയോളിലും അമ്മയിലുള്ള അതേ കാര്യമാണുള്ളതെന്ന് ബോബി പറഞ്ഞു. "എന്റെ ഭാര്യ ജോലി ചെയ്യുന്നു. സ്ത്രീകൾ ജോലി ചെയ്യാത്തതും പുരുഷന്മാർ പുറത്ത് ജോലിക്ക് പോകുന്നതുമായ ഒരു കർശനമായ സംസ്കാരത്തിൽ നിന്നാണ് ഞങ്ങൾ വരുന്നത്. സ്ത്രീകൾ ജോലി ചെയ്യുന്നില്ലെന്ന് ആളുകൾ പറയുന്നത് കേൾക്കാറുണ്ട്, പക്ഷെ, അവർ ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്- വീട് പരിപാലിക്കുന്നു. സ്ത്രീകൾക്ക് വീടിനെക്കുറിച്ച് എപ്പോഴും ശ്രദ്ധിക്കണം. അവർ വളരെ ശക്തരാണ്, എനിക്ക് അവരോട് വലിയ ബഹുമാനമാണ്."
കഠിനമായ സമയങ്ങളിൽ ഭാര്യ തനിക്ക് താങ്ങായിരുന്നതിനെക്കുറിച്ച് നടൻ ഓർത്തു. "ഞാൻ എന്റെ അമ്മയിൽ നിന്നും എന്റെ ഭാര്യയിൽ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. എന്റെ ഭാര്യ എന്റെ നട്ടെല്ലാണ്. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ അത് എന്റെ ഭാര്യ കൂടെ നിന്നതുകൊണ്ടാണ്. അവളില്ലായിരുന്നെങ്കിൽ ഞാൻ ചിതറിപ്പോകുമായിരുന്നു. ഭാര്യക്ക് നിങ്ങളെ കാണാൻ കഴിയും, നിങ്ങൾ എന്തെല്ലാം ചെയ്യാൻ കഴിവുള്ളവരാണെന്ന് അവൾക്കറിയാം. ആ ഇരുണ്ട കാലഘട്ടങ്ങളിൽ, ആ 10-15 വർഷം മുഴുവൻ അവൾ എന്റെ കൂടെ നിന്നു, അവൾ ജോലി ചെയ്യുകയും കാര്യങ്ങൾ നോക്കുകയും ചെയ്തു, സാമ്പത്തികമായും മറ്റെല്ലാ രീതിയിലും. അവൾ എന്റെ ആൺമക്കളെ വളരെ നന്നായി വളർത്തി"- അദ്ദേഹം പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bobby Deol reflects on the vital role of his mother, Prakash Kaur, in his upbringing., The actor credits his wife, Tanya Deol, for being his backbone during his 10-15 year career slump., Bobby discusses the importance of mutual respect and compromise in their 30-year marriage., Insight into Bobby Deol's personal growth and overcoming his past struggles with alcohol., Updates on his current work projects, including the film Alpha.