വിവാഹം കഴിക്കാന്‍ ഏറ്റവും നല്ല പ്രായം 28 മുതല്‍ 32 വരെ

വിവാഹം കഴിക്കാന്‍ ഏറ്റവും നല്ല പ്രായമേതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? വൈവാഹിക ജീവിതത്തിന് സ്ഥിരത ലഭിക്കാന്‍ ഏത് പ്രായത്തില്‍ വിവാഹം കഴിക്കുന്നതാണ് നല്ലത്?
വര്‍ഷങ്ങളായി സമൂഹത്തില്‍ ചര്‍ച്ചയായിരുന്ന ഈ ചോദ്യം പുതിയൊരു പഠനത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഉട്ടാഹിലെ(University of Utah) സാമൂഹ്യശാസ്ത്രജ്ഞന്‍ നിക്ക് വുള്‍ഫിംഗര്‍ നടത്തിയ പഠനം പ്രകാരം, 28 മുതല്‍ 32 വയസ് വരെയുളള പ്രായത്തില്‍ വിവാഹിതരാകുന്നവര്ക്കാണ് വിവാഹമോചന സാധ്യത ഏറ്റവും കുറവെന്ന് കണ്ടെത്തിയിട്ടുണ്ട്.
നാഷണല്‍ സര്‍വ്വേ ഓഫ് ഫാമിലി ഗ്രോത്ത് 2006 മുതല്‍ 2010 വരെയും, 2011 മുതല്‍ 2013 വരെയും ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്. യുവത്വകാലം പിന്നിട്ട് ഇരുപതുകളുടെ അവസാനം മുതല്‍ മുപ്പതിന്റെ തുടക്കം വരെ വിവാഹം കഴിക്കുന്നവര്‍ക്കാണ് ബന്ധങ്ങളില്‍ സ്ഥിരത കൂടുതലെന്നും, എന്നാല്‍ മുപ്പതുകളുടെ അവസാനം മുതല്‍ നാല്പതിന്റെ തുടക്കം വരെയുള്ളവര്‍ക്ക് വിവാഹമോചനം നേടാനുള്ള സാധ്യത വീണ്ടും ഉയരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
എന്തുകൊണ്ട് ഈ പ്രായപരിധി?
ജീവിതത്തിലെ ഇരുപതുകളുടെ അവസാനം മുതല്‍ മുപ്പതിന്റെ തുടക്കം വരെയുള്ള കാലഘട്ടം ഒരാളുടെ വ്യക്തിപരമായ തിരിച്ചറിവുകളും സാമ്പത്തിക സ്ഥിരതയും ഉറപ്പിക്കുന്ന സമയമാണ്. പ്രണയമോ, സമൂഹത്തിന്റെ സമ്മര്‍ദ്ദമോ ഇല്ലാതെ ബോധപൂര്‍വ്വമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഘട്ടമാണിത്.
സാമ്പത്തിക ഭദ്രത, വ്യക്തിത്വ വികാസം, എന്നിവ വിവാഹ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. പക്വതയോട്കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും ജീവിതം മുന്നോട്ട് കൊണ്ട് പോകാനും സാധിക്കുന്നു.
എന്നാല്‍, വുള്ഫിംഗറിന്റെ കണ്ടെത്തലിനോട് എല്ലാവരും യോജിക്കുന്നില്ല. പ്രായം കൂടുന്നതോടെ വിവാഹ ബന്ധങ്ങളുടെ സ്ഥിരത കുറയുന്നില്ല. മറിച്ച്, 45 മുതല്‍ 49 വയസ് വരെയാണ് വിവാഹത്തിന് ഏറ്റവും ഉചിതമായ പ്രായം എന്ന് മേരിലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ സാമൂഹ്യശാസ്ത്രജ്ഞന്‍ ഫിലിപ്പ് കോഹന് പറയുന്നു
കണക്കുകളിലെ വെല്ലുവിളി
വിവാഹവും വിവാഹമോചനവും സംബന്ധിച്ച കണക്കുകള്‍ തന്നെ കൃത്യമല്ലാത്തതാണ് മറ്റൊരു വെല്ലുവിളി. പല സംസ്ഥാനങ്ങളും വിവാഹമോചന വിവരങ്ങള്‍ ശേഖരിക്കുന്നില്ല. കൂടാതെ, വിവാഹ രജിസ്ട്രേഷന് നടത്താതെ ഒരുമിച്ച് താമസിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനാല്‍, വിവാഹ ബന്ധങ്ങളുടെയും വേര്‍പിരിയലുകളുടെയും യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കുക തന്നെ പ്രയാസമാണ്.
സമൂഹത്തിന്റെയോ, ബന്ധുക്കളുടെയോ സമ്മര്‍ദ്ദം കൊണ്ടല്ല കല്ല്യാണം കഴിക്കേണ്ടത്.വിവാഹത്തിന് ഏറ്റവും നല്ല പ്രായം ഏതെന്ന് കൃത്യമായി പറയാന്‍ പരിമിതികളുണ്ടെങ്കിലും, വിവാഹം സമയക്രമത്തിന്റേതല്ല, മറിച്ച് സാമ്പത്തിക പരമായും, മാനസികപരമായുമുളള തയ്യാറെടുപ്പുകളും, ശരിയായ പങ്കാളിയോടൊപ്പം ജീവിതം തുടങ്ങുന്നതുമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: New study reveals the ideal age for marriage with lowest divorce risk. Find out when couples are most likely to stay together.