ബ്രസീലിയൻ മോഡലുമായി ആര്യൻ ഖാൻ പ്രണയത്തിലോ; ആരാണ് ലറീസ ബൊണേസീ?

ആര്യൻ ഖാന്റെ നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ പ്രീമിയർ ചെയ്തിരുന്നു. ബോളിവുഡ് ഒന്നടങ്കം പങ്കെടുത്തെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഒരു ബ്രസീലിയൻ മോഡലാണ്. ലറീസ ബൊണേസീ എന്നാണവരുടെ പേര്.
ലറീസയുമായി ആര്യൻ പ്രണയത്തിലാണെന്ന വാർത്തകൾക്കിടെയാണ് അവർ മുംബൈയിൽ സീരീസ് കാണാനെത്തിയത്. ഒരു ബ്ലാക്ക് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രം ധരിച്ചാണ് ലറീസ കടന്നുവന്നത്. പാപ്പരാസികൾക്കായി അവർ പോസ് ചെയ്ത മോഡൽ, പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്.
ബ്രസീലിൽ ജനിച്ച ലറീസ, ചെറുപ്പത്തിൽ തന്നെ മോഡലിങ് തുടങ്ങി. 2011-ഓടെയാണ് കൂടുതൽ മോഡലിങ് അവസരങ്ങൾക്കായി അവർ മുംബൈയിലെത്തുന്നത്. അതേവർഷം തന്നെ 'ദേസീ ബോയ്‌സ്' എന്ന അക്ഷയ്കുമാർ ചിത്രത്തിലെ 'സുബഹ് ഹോനെ നാ ദേ' എന്ന പാട്ടിൽ ഐറ്റംഗേളായെത്തി. രണ്ടുവർഷം കഴിഞ്ഞ് സെയ്ഫ് അലി ഖാന്റെ 'ഗോ ഗോവ ഗോൺ' എന്ന സിനിമയിൽ വളരെ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതുകഴിഞ്ഞ് രണ്ട് തെലുഗുസിനിമകളിൽ അഭിനയിച്ചു. 'തിക്ക' എന്ന സിനിമയിൽ സായ് ധരം തേജിന്റെ നായികയായിട്ടാണ് ലറീസ എത്തിയത്. അതുകഴിഞ്ഞ് 'നെക്സ്റ്റ് എന്റി' എന്ന സിനിമയിലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. യോ യോ ഹണി സിങ്, ടെറൻസ് ലൂവിസ് തുടങ്ങിയവരുടെ മ്യൂസിക് വീഡിയോകളിലാണ് ലറീസ പ്രത്യക്ഷപ്പെട്ടത്.
ആര്യൻ ഖാനുമായി പ്രണയത്തിലാണെന്ന വാർത്തകൾ വന്നുതുടങ്ങിയത് 2023-ലാണ്. ആര്യൻ ലറീസയെയും അമ്മ റെണറ്റയെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങിയതോടെയാണ് ആളുകൾ ഇക്കാര്യം ശ്രദ്ധിച്ചത്. ലറീസയും സുഹാന ഖാനും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യാനും ആരംഭിച്ചു. അതിനുശേഷം പല സ്ഥലങ്ങളിലായി ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. ആദ്യം ഒരു സംഗീതനിശയിലായിരുന്നു. പിന്നാലെ ആര്യന്റെ ബ്രാൻഡ് സംഘടിപ്പിച്ച 2025-ലെ ന്യൂഇയർ പാർട്ടിയിലും ലറീസയെത്തിയത് അഭ്യൂഹങ്ങൾക്ക് ഊർജം പകർന്നു. 'ദ ബാഡ്‌സ് ഓഫ് ബോളിവുഡി'ന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ, ലറീസ അത് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു. 'അൺസ്‌റ്റോപ്പബിൾ', 'വേൾഡ് നമ്പർ 1' എന്നൊക്കെയാണ് പോസ്റ്റിൽ ലറീസ ആര്യനെ വിശേഷിപ്പിച്ചത്. ഈ പോസ്റ്റ് ആര്യൻ റീ-ഷെയർ ചെയ്യുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rumours swirl around Aryan Khan and Brazilian model Larissa Bonesi`s relationship. Learn more about Larissa and their alleged romance