'എന്റെ പിറന്നാളിനാണ് ഞങ്ങളാദ്യമായി കണ്ടത്, വിവാഹദിവസം ഒരു പുഞ്ചിരി മുഖത്തൊട്ടിച്ചു ഞാന്‍'

എ.ആര്‍.റഹ്മാനും ഭാര്യ സൈറ ബാനുവും / ANI
എ.ആര്‍.റഹ്മാനും ഭാര്യ സൈറ ബാനുവും / ANI

എ.ആര്‍.റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാവുന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. സൈറ ബാനുവിന്റെ വക്കീല്‍ വന്ദന ഷായുടെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് വിവാഹമോചിതരാവുന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ''വര്‍ഷങ്ങളായുള്ള വിവാഹജീവിതത്തിനെടാുവില്‍ എ.ആര്‍.റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കും ഇടയിലുള്ള വൈകാരികബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്''. ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ല. പരസ്പരസ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം അകന്നുപോയി എന്നും കുറിപ്പ് പറഞ്ഞു.  

തൊട്ടുപിന്നാലെ റഹ്മാന്‍ വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് കുറിപ്പെഴുതി. ''ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ എല്ലാ കാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയ പടിയായില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്''.   

29 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും പിരിയുന്നത്. 1995 മാര്‍ച്ച് 12-നായിരുന്നു വിവാഹം. ഖദീജ, റഹീമ, എ.ആര്‍.അമീന്‍ എന്നിവരാണ് മക്കള്‍. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്ന് മുമ്പൊരു അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. തിരക്കുകള്‍ കാരണമാണ് അമ്മയെ അക്കാര്യം ഏല്‍പിച്ചതെന്നും അന്ന് റഹ്മാന്‍ പറഞ്ഞു. സിമി ഗരേവാളുമായുള്ള ഒരഭിമുഖത്തിലായിരുന്നു ഈ മനസ്സുതുറക്കല്‍, ''ഒരു വധുവിനെ കണ്ടെത്തൂവെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. അങ്ങനെയാണ് സൈറയെ കണ്ടെത്തുന്നത്. ആദ്യമൊക്കെ അവള്‍ക്ക് ഈ ജീവിതം ഒരു പ്രശ്‌നമായിരുന്നു. അതായത് പുറത്തുപോകാന്‍ പറ്റുന്നില്ല, ഒരുമിച്ച് ഷോപ്പിങ് നടത്താനാവുന്നില്ല''. 

വിവാഹചിത്രം / mathrubhumi library

ഒരു സൂഫി ആശ്രമത്തില്‍വെച്ച് അമ്മയും സഹോദരിയുമാണ് സൈറയെ പരിചയപ്പെടുത്തിയതെന്നും റഹ്മാന്‍ ഓര്‍ത്തു. ''വിവാഹം കഴിക്കാന്‍ സമയമായന്ന് ഞാനുറപ്പിച്ചു. എന്തൊക്കെയോ കാരണങ്ങളാല്‍ പ്രായമേറുന്നതായി എനിക്ക് തോന്നിയിരുന്നു''. 

സൈറയെ ആദ്യം കണ്ടതിനെക്കുറിച്ച് റഹ്മാന്‍ പറഞ്ഞതിങ്ങനെ, ''സുന്ദരിയും സൗമ്യയുമായിരുന്നു. എന്റെ  28-ാമത്തെ പിറന്നാളിനാണ് ആദ്യമായി കാണുന്നത്. വളരെ കുറച്ചുനേരം മാത്രം. ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചത് ഫോണിലൂടെയാണ്. സൈറ ഇംഗ്ലീഷും കഛിയും സംസാരിക്കും. ഞാനവളോട് ഇംഗ്ലീഷിലാണ് ചോദിച്ചത്, എന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്ന്''.

''ചെന്നൈയിലെ ഒരു ചെറിയ കെട്ടിടത്തില്‍വെച്ചായിരുന്നു വിവാഹം. ഒരു പുഞ്ചിരി മുഖത്തൊട്ടിച്ചുവെച്ചു അന്ന് മുഴുവന്‍. അതുകഴിഞ്ഞപ്പോള്‍ മുഖത്തെ മസിലുകളെല്ലാം വേദനിക്കുന്നതുപോലെ തോന്നി''. അതേ കെട്ടിടത്തില്‍ തന്നെയാണ് പിന്നീട് റഹ്മാന്‍ എ.എം സ്റ്റുഡിയോസ് സ്ഥാപിച്ചതും. 

Content Highlights: ar rahman and wife saira banu announced seperation