2018-സിനിമയിലെ പോലെ അനീറ്റ വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു വന്നു ഫ്യൂവന്റസ് പക്ഷേ ടൊവിനോ ആയില്ല

ബുഡാപ്പെസ്റ്റില്‍ വേള്‍ഡ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനായി നീന്തല്ക്കുളത്തിലിറങ്ങിയതായിരുന്നു അനീറ്റ. വെള്ളത്തിനടിയിലേക്ക് ഊളിയിട്ട അനീറ്റയേയും അവളുടെ ചലനങ്ങളേയും നിരീക്ഷിച്ച് കരയിലിരുന്നു ആന്‍ഡ്രിയ. ജലപ്പരപ്പില്‍ ചലനം നിലച്ചത് പെട്ടെന്നായിരുന്നു. മറ്റാരാലും ശ്രദ്ധിക്കപ്പെടാതെപോയ ആ നിശ്ചലത ആന്‍ഡ്രിയയെ അസ്വസ്ഥയാക്കി. ഏതാഴത്തിലും ഉഴറാതെ നീന്തിക്കയറുന്ന ഇവള്ക്കിതെന്തു പറ്റി? സംശയിച്ചുനില്ക്കാതെ ആന്‍ഡ്രിയ കുളത്തിലേക്ക് എടുത്തുചാടി. അവരുടെ സംശയം ശരിയായിരുന്നു. ബോധം നഷ്ടപ്പെട്ട് ശരീരം കുഴഞ്ഞ് അടിത്തട്ടില്‍ അനീറ്റ.
ആന്‍ഡ്രിയ അവളെ ഉടലോടുചേര്ത്ത് മുകള്‍പ്പരപ്പിലേക്ക് കുതിച്ചു. കൃത്യസമയത്ത് വൈദ്യസഹായം നല്കിയതുകൊണ്ടുമാത്രം ദുരന്തം ഒഴിവായി. നീന്തല്‍ക്കുളത്തില്‍ നിന്ന് അനീറ്റയേയും ഉടലിലേന്തി ജലോപരിതലത്തിലേക്ക് കുതിച്ച ആന്‍ഡ്രിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കൈയടക്കി. അതിനൊപ്പം ഒരുപാട് കുറിപ്പുകളും വൈറലായി ലോകം ചുറ്റി. അതിലൊന്നിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു...
നിങ്ങളുടെ അസാന്നിധ്യത്തില്‍ ആശങ്കപ്പെടുന്നവരായി ആരെങ്കിലുമുണ്ടോ ജീവിതത്തില്‍. ജീവിതപ്പരപ്പില്‍ നിന്ന് നിങ്ങള്‍ ഊളിയിടുമ്പോള്‍ കരയില്‍ നിങ്ങളെ കാത്തിരിക്കുന്ന ഒരാള്‍. നിങ്ങള്‍ ചലനങ്ങള്‍ ഉതിര്ക്കാതെയാകുമ്പോള്, മറ്റൊന്നും ചിന്തിച്ചു നേരം കളയാതെ നിങ്ങളെത്തിരഞ്ഞ് എടുത്തുചാടുന്നവര്‍. നീന്തിക്കയറാനുള്ള ശക്തി നിങ്ങളില്‍ അവശേഷിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ് നിങ്ങള്‍ക്കായി സ്വയം ശക്തി സംഭരിക്കുന്നവര്‍. അടിത്തട്ടില്‍ ആശയറ്റ് പതിക്കുമ്പോഴൊക്കെയും സ്നേഹം ഇന്ധനമാക്കി ജീവിതത്തിന്റെ കരുത്തുറ്റ തിരക്കുത്തില്‍ നിന്ന് കരയ്ക്കടുപ്പിക്കുന്ന ഒരാള്‍...
അനീറ്റയുടെ ജീവിതത്തില്‍ ആന്‍ഡ്രിയ പ്രവര്‍ത്തിച്ചതുപോലെ ചില മായാജാലങ്ങളാല്‍ വന്പതനങ്ങളില് നിന്ന് കൈപിടിച്ചുകയറ്റാന്‍ ആരെങ്കിലുമൊക്കെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. അവരുടെ ആ പരിശ്രമത്തെ ഒരിക്കലും മറവിക്ക് വിട്ടുകൊടുക്കരുത്. കാരണം, ബോധമറ്റ് ആഴങ്ങളില്‍ വീണുപോയ ഒരാളേയും ഏന്തി മുകളിലേക്ക് നീന്തുക ഒട്ടും എളുപ്പമല്ല. സ്വയം അപകടത്തിലാകലാണ് അത്. ചുഴികള്‍ അതിന്റെ മടിത്തട്ടിലേക്ക് പിടിച്ചടുപ്പിച്ചേക്കാം. കൈയിലേന്തിയ ഉടലിന്റെ ഭാരം മുകളിലേക്കുള്ള പ്രയാണത്തെ തടസ്സപ്പെടുത്തിയേക്കാം.
2018 എന്ന സിനിമയുടെ രണ്ടാംപാതിയിലെ ഒരു രംഗം പോലെ ആശയറ്റ ഒരു മനുഷ്യജീവിയെ തന്നോടു ചേര്‍ത്തുള്ള യാത്രയില്‍ സഹായിക്കാനിറങ്ങുന്നയാള്ക്ക് അയാളോളം തന്നെ പരിക്കുപറ്റാനുള്ള സാധ്യതയുണ്ട്. നീന്തല്‍ക്കുളത്തില്‍ നിന്ന് അനീറ്റയേയും ചേര്‍ത്തുപിടിച്ച് ആന്‍ഡ്രിയ ഉയര്‍ന്നു വന്നപ്പോള്‍ ലോകം ഒരുപക്ഷേ ഓര്‍ത്തത് മുറിവേറ്റ മനുഷ്യരേയും ആ മുറിവുകളുടെ നീറ്റല്‍ ആറ്റിത്തണുപ്പിച്ചവരേയുമാകാം.
മനസ്സിനേല്‍ക്കുന്ന മുറിവ് അടുത്തിടപഴകുന്നവരിലേക്ക് പകരുന്ന സാംക്രമിക രോഗം പോലെയാണ്. അക്കാരണത്താല്‍, മുറിവേറ്റ മനുഷ്യര്‍ അപകടകാരികളാണ്. സ്വയം ഏറ്റുവാങ്ങിയ മുറിവിന്റെ വേദന അവര്‍ പ്രിയപ്പെട്ടവരിലേക്ക് പകര്‍ന്നേക്കാം. അവരെ തിരികെ ജീവിതത്തിലേക്ക്, അതിന്റെ സ്വാഭാവിക വര്ണങ്ങളിലേക്ക് പിടിച്ചു നടത്താന്‍ അവരേന്തിയ ഭാരം മറ്റൊരാള്‍ ചുമക്കേണ്ടതുണ്ട്. ഭൂതകാലബാധകള്ക്കുള്ള മികച്ച ചികിത്സാലയമായി നല്ല ബന്ധങ്ങള്‍ മാറുന്നത് അതുകൊണ്ടുകൂടിയാണ്.
ടി. എസ്. എലിയറ്റും എസ്രാ പൗണ്ടും പോലെ ഈവാ ബ്രൗണും ഹിറ്റ്ലറും പോലെ വാന്‍ഗോഗും തിയോയും പോലെ... എഴുത്തുകാരുടേയും ചിത്രംവരക്കാരുടേയും ഫാസിസ്റ്റുകളുടേയുമൊക്കെ ജീവിതത്തിലുണ്ട് ആശയറ്റ് വീണുപോയ ആഴങ്ങളില്‍ നിന്ന് ആയാസത്തോടെ അവരെ ചുമന്ന് മുകള്പ്പരപ്പിലേക്കെത്തിച്ച ആരെങ്കിലുമൊക്കെ. രഹസ്യങ്ങളുടെ ഊരാക്കുടുക്കുകള്‍ അഴിച്ചെടുക്കാന്‍ സാക്ഷാല്‍ ഷെര്‍ലക് ഹോംസിന് വാട്സന് തുണയായതുപോലെ വേദനകളുടെയും തിരസ്കാരങ്ങളുടെയും വഞ്ചനകളുടെയും ഇല്ലായ്മകളുടെയും രാവണന് കോട്ടകളില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ജീവന്റെ തിരിവുകളില്‍ കാത്തുനില്‍ക്കുന്നത് ആരെന്ന് ആര്‍ക്കറിയാം.
Content Highlights: Anita Alvarez saved from drowning by Andrea Fuentes