നാണത്തോടെ അനിരുദ്ധ് രവിചന്ദർ, കാവ്യ മാരന്റെ പേര് ഉറക്കെ വിളിച്ച് ആരാധകർ

സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാവുന്നുവെന്ന തരത്തിൽ പലതവണ അഭ്യൂഹങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ അടുത്തിടെ മാത്രമാണ് ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചത്. ഇപ്പോഴിതാ വിവാഹം ഉറപ്പിച്ചിരിക്കെ കാവ്യാ മാരന്റെ പേര് കേട്ട് നാണത്തോടെ നിൽക്കുന്ന അനിരുദ്ധിന്റെ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ.
ഞായറാഴ്ച രാവിലെ നടന്ന 'ചെന്നൈ റൺസ് 2026' പരിപാടിയിൽ അനിരുദ്ധ് പങ്കെടുത്തിരുന്നു. അനിരുദ്ധ് പാടുന്നതിനിടെ, ആരാധകർ "കാവ്യ, കാവ്യ, കാവ്യ" എന്ന് ഉറക്കെ വിളിച്ചുപറയാൻ തുടങ്ങി. ഇത് അദ്ദേഹത്തെ ചിരിപ്പിക്കുകയും മുഖത്ത് നാണം പടർത്തുകയും ചെയ്യുകയായിരുന്നു. പരിപാടിയിൽ നിന്നുള്ള വീഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചടങ്ങിൽ, അദ്ദേഹത്തിന്റെ ജനപ്രിയ ഗാനമായ കല്യാണ വയസ്സ് തന്നെ പാടാൻ തിരഞ്ഞെടുത്തതും ആരാധകരിൽ കൗതുകം പടർത്തി. ആർപ്പുവിളികൾക്കിടയിൽ ഈ പാട്ട് പാടുമ്പോൾ അനിരുദ്ധും സന്തോഷവാനായിരുന്നു.
നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ വെച്ചായിരിക്കും ഇരുവരുടെയും സ്വകാര്യ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടക്കുക. ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒയും സൺ ടിവി നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ, സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളാണ്.
നവംബർ 21 ന് ചെന്നൈയിൽ വിവാഹസൽക്കാരവും ഉണ്ടാകും. കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ നേരിൽ കണ്ട് വിവാഹാഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നു. തീയതി സ്ഥിരീകരിച്ചതും തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസാണ്. വിവാഹസൽക്കാരത്തിൽ സിനിമാ, ക്രിക്കറ്റ്, വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എന്നവരടക്കം ചടങ്ങിനെത്തുമെന്നാണ് അറിയുന്നത്.
അതേസമയം, വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ തകൃതിയാണ്. ഐവറി, പൗഡർ ബ്ലൂ നിറത്തിൽ രൂപകൽപ്പന ചെയ്ത ദമ്പതികളുടെ വിവാഹക്ഷണക്കത്ത് ഇതിനകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. റിസപ്ഷൻ ക്ഷണക്കത്തുകൾ രൂപകൽപ്പന ചെയ്ത ഡിസൈനർ രഞ്ജിനി അയ്യങ്കാർ മിഡ്-ഡേയോട് സംസാരിക്കവെ, രൂപകൽപ്പനയിൽ അനിരുദ്ധും കാവ്യയും നേരിട്ട് പങ്കാളികളായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anirudh Ravichander and Kavya Maran confirmed their upcoming marriage., A viral video from Chennai Runs 2026 shows Anirudh blushing as fans chant Kavya's name.