രണ്ടുവർഷത്തെ പ്രണയമവസാനിപ്പിച്ച് അനന്യ പാണ്ഡെയും വാക്കർ ബ്ലാങ്കോയും

ബോളിവുഡ് താരം അനന്യ പാണ്ഡെയും മുൻ മോഡൽ വാക്കർ ബ്ലാങ്കോയും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പരസ്യമായി ഇരുവരും ബന്ധം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇരുവരും ഇപ്പോൾ അകന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ചയോടെ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത് അനന്യയാണെന്നും വേർപിരിയൽ പരസ്പര സമ്മതത്തോടെയാണെന്നും ഇടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളൊന്നുമില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
ഒരു ഹൈ-പ്രൊഫൈൽ വിവാഹത്തിനിടയിലാണ് അനന്യയും വാക്കർ ബ്ലാങ്കോയും കണ്ടുമുട്ടുന്നത്. പിന്നീട് പലതവണ ഇരുവരേയും പൊതുവേദികളിൽ ഒന്നിച്ചുകണ്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് തങ്ങൾ പ്രണയത്തിലാണെന്നതിന്റെ സൂചനകളും ഇവർ ആരാധകർക്ക് നൽകി.
അനന്യ പാണ്ഡെയുടെ സ്വകാര്യ പിറന്നാൾ ആഘോഷത്തിലേക്കും വാക്കർക്ക് ക്ഷണമുണ്ടായിരുന്നു. നടിക്കായി ഹൃദയസ്പർശിയായ ഒരു കുറിപ്പും അദ്ദേഹം പങ്കിട്ടു. “ജന്മദിനാശംസകൾ, സുന്ദരി. നീ വളരെ പ്രത്യേകതയുള്ളവളാണ്. ഐ ലവ് യു, ആനി”. പ്രണയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണമായിട്ടാണ് ആരാധകർ ഈ കുറിപ്പിനെ എടുത്തത്. മാത്രമല്ല, വാക്കറുടെ പേരിന്റെ ആദ്യാക്ഷരമുള്ള ഒരു നെക്ലേസും അനന്യ ധരിച്ചിരുന്നു.
മുമ്പൊരു അഭിമുഖത്തിൽ, അനന്യ സ്നേഹത്തെയും ബന്ധങ്ങളെയും പറ്റിയുള്ള തന്റെ ചിന്തകൾ തുറന്നുപറഞ്ഞതിങ്ങനെയാണ്. “എന്നെ സംബന്ധിച്ചിടത്തോളം സ്നേഹം സൗഹൃദമാണ് (ഷാരൂഖ് ഖാൻ സർ പറയുന്നതുപോലെ 'മേരെ ലിയേ പ്യാർ ദോസ്തി ഹെ'). അത് പരസ്പര ബന്ധത്തെക്കുറിച്ചും, വിശ്വാസത്തെക്കുറിച്ചും, നിങ്ങളായിരിക്കാനുള്ള കഴിവിനെക്കുറിച്ചുമുള്ളതാണ്. പ്രണയബന്ധങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല സ്നേഹമെന്ന് ഞാൻ കരുതുന്നു. സ്നേഹം എല്ലായിടത്തുമുണ്ട്. ഞാൻ ചെറുപ്പമായിരുന്നപ്പോൾ, നിലവിലുള്ള ഒരേയൊരു വലിയ സ്നേഹം അതാണെന്നും മറ്റാരോടും നിങ്ങൾക്കാ സ്നേഹം തോന്നില്ലെന്നും ഞാൻ കരുതി. എന്നാലെനിക്ക് ഒരുപാടുപേരോട് സ്നേഹം തോന്നാറുണ്ട്, എന്റെ സുഹൃത്തുക്കൾ, കുടുംബം, എല്ലാവരോടും. അതുകൊണ്ട്, ഒരേയൊരു സോൾമേറ്റിലേക്ക് (soulmate) മാത്രം ഒതുങ്ങിനിൽക്കുകയെന്ന നിർവചനത്തിൽ നിന്നും വളർന്നുവരുമ്പോൾ ഞാൻ മാറി."
ചിക്കാഗോയിൽ നിന്നുള്ള മുൻ മോഡലാണ് വാക്കർ ബ്ലാങ്കോ. സെലിബ്രിറ്റികളുമായി വലിയ സൗഹൃദമുള്ള അദ്ദേഹം ബോളിവുഡ് വൃത്തങ്ങളുമായി അടുത്തുനിൽക്കുന്നയാളാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ananya Panday and Walker Blanco have reportedly ended their two-year relationship., Reports indicate the decision was made by Ananya, but the split is mutual with no hard feelings., The couple never officially confirmed their romance, though they frequently appeared on social media together., Walker Blanco previously posted a birthday wish for Ananya, which fans took as confirmation of their relationship.