അഭിഷേകിന്റെയും ശ്വേതയുടെയും കുട്ടിക്കാലം ആസ്വദിക്കാനായില്ല, കുറ്റബോധമെന്ന് ബച്ചൻ

ഏകദേശം ആറ് പതിറ്റാണ്ടോളമായി ചലച്ചിത്ര ലോകത്ത് നിറഞ്ഞുനിൽക്കുകയാണ് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. വെള്ളിത്തിരയിലെ തുടർച്ചയായ വിജയങ്ങൾക്കിടയിലും ബച്ചന് ഒരു ദുഖമുണ്ട്. മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും വളർന്നുവരുമ്പോൾ അവർക്കൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിയാത്തതിലാണത്. അടുത്തിടെ കോൻ ബനേഗാ ക്രോർപതിയുടെ ഒരു എപ്പിസോഡിലാണ് ബച്ചൻ മനസ്സുതുറന്നത്. തൻ്റെ ഷൂട്ടിങ് ദിനങ്ങളെപ്പറ്റിയും ഭാര്യ ജയ ബച്ചൻ മക്കളുടെ കാര്യങ്ങളുമായി തിരക്കിലായിരുന്നതിനെപ്പറ്റിയും ഒരു മത്സരാർഥിയോട് സംസാരിക്കവെ അദ്ദേഹം തുറന്നുപറഞ്ഞു.
"ഞങ്ങളുടെ ജീവിതം വളരെ ലളിതമായിരുന്നു. ജയ കുട്ടികളെ നോക്കും, ഞാൻ ജോലിക്ക് പോകും"-ബച്ചൻ പറഞ്ഞു. "പക്ഷേ എനിക്ക് ശരിക്കും ഖേദമുള്ള ഒരു കാര്യമുണ്ട്, എൻ്റെ മക്കൾ ചെറുതായിരുന്നപ്പോൾ എനിക്കവരുടെ കൂടെ സമയം ചെലവഴിക്കാൻ കഴിഞ്ഞില്ല. ഞാൻ രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്യുമായിരുന്നു. രാവിലെ ജോലിക്ക് പോകുമ്പോൾ അവർ ഉറങ്ങുകയായിരിക്കും, വൈകീട്ട് തിരിച്ചെത്തുമ്പോഴും അവർ ഉറങ്ങുകയായിരിക്കും. ജയ അവരെ പൂർണമായും പരിപാലിച്ചു."
ബച്ചൻ തുടർന്നു, "ചിലപ്പോൾ അഭിഷേകിനും ശ്വേതയ്ക്കുമൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. പിന്നീട് ഞായറാഴ്ചകളിൽ ഞാൻ ജോലി ചെയ്യില്ലെന്നും ആ ദിവസം പൂർണമായും കുടുംബത്തിനായി മാറ്റിവയ്ക്കുമെന്നും തീരുമാനിച്ചു. ഞങ്ങൾ കുട്ടികൾക്കായി ഭക്ഷണം ഉണ്ടാക്കുകയും അന്ന് അവരോടൊപ്പം കഴിക്കുകയും ചെയ്യുമായിരുന്നു. ഇന്നും ഞങ്ങളത് പിന്തുടരുന്നു, എല്ലാ ഞായറാഴ്ചയും കുടുംബം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും."
അഭിഷേക് ബച്ചൻ അച്ഛൻ്റെ പാത പിന്തുടർന്ന് 2000-ലാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. 2007-ൽ ഐശ്വര്യ റായിയെ വിവാഹം കഴിച്ചു. അതേസമയം, ശ്വേത ബച്ചൻ സിനിമാരംഗത്തേക്ക് വന്നതേയില്ല. വളരെ നേരത്തേതന്നെ നിഖിൽ നന്ദയെ വിവാഹം കഴിച്ചിരുന്നു. കരിയറിൻ്റെ ഏറ്റവും ഉയർച്ചയിൽ നിൽക്കുമ്പോഴാണ് ജയ ബച്ചൻ കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യങ്ങൾക്കായി അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുന്നത്. 70-കളിലായിരുന്നു അത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Amitabh Bachchan shares regret of not spending enough time with Abhishek and Shweta during their childhood due to his busy work schedule.