ശരീരശുചിത്വത്തെപ്പറ്റി പങ്കാളിയോട് പറയാന്‍ മടിക്കുന്നവരുണ്ട് ; വിവാഹജീവിതത്തിലെ അഡ്ജസ്റ്റുമെന്റുകള്‍

#ആര്‍ രാജശ്രീ
പ്രതീകാത്മകചിത്രം | വര : ബാലകൃഷ്ണന്‍ ഉള്ള്യേരി
പ്രതീകാത്മകചിത്രം | വര : ബാലകൃഷ്ണന്‍ ഉള്ള്യേരി

വിവാഹാനന്തരജീവിതത്തിന്റെ  നിഘണ്ടുവിലെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് 'അഡ്ജസ്റ്റ്‌മെന്റ്.' അത് ഏറ്റവും സ്വാഭാവികമായിത്തന്നെ നാം അംഗീകരിച്ചു പോന്നിട്ടുണ്ട്. പക്ഷേ, എന്തിനോടൊക്കെ ഏതളവില്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനങ്ങളുണ്ടാവുന്നത് എവിടെ നിന്നാണ്? മിക്കവാറും ഈ അഡ്ജസ്റ്റ്‌മെന്റ് വിവാഹത്തിനു മുമ്പേ തുടങ്ങുന്ന ഒന്നാണെന്നു കാണാം. പെണ്‍കുട്ടികള്‍ക്ക് ഇണയെ തെരഞ്ഞെടുക്കാനുള്ള അവകാശമോ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമോ ഇല്ലാത്ത ഒരു സമൂഹത്തില്‍ ഇത് കൃത്യമായ കീഴടങ്ങലാണ്. നേരത്തേ നാം സൂചിപ്പിച്ച, ഭാവി വരന്റെ വീട്ടിലെ അസൗകര്യങ്ങളെക്കുറിച്ച് ആകുലയായ കൂട്ടുകാരിയോട്  (തല്‍ക്കാലം നമുക്കവളെ സുചിത്ര എന്നു വിളിക്കാം) അഡ്ജസ്റ്റ് ചെയ്താല്‍ മതിയെന്നാണ് സ്വന്തം വീട്ടുകാര്‍ നിര്‍ദേശിച്ചത്. വരന്റെ വീട്ടില്‍ അവള്‍ കിണറ്റില്‍ നിന്ന് വെള്ളം കോരി തൂക്കിയെടുത്ത് അടുക്കളയില്‍ കൊണ്ടുചെന്നു വെക്കുകയും മുറ്റത്ത് കുന്തിച്ചിരുന്ന് പാത്രം കഴുകുകയും ചെയ്തു. 

വിവാഹം പ്രമാണിച്ച് അവളുടെ സ്വന്തം വീട്ടില്‍ പൈപ്പുകളും കിച്ചണ്‍ സിങ്കും എത്തിയിരുന്നു. വരന്റെ വീട്ടില്‍ രണ്ടു ബക്കറ്റ് വെള്ളത്തില്‍ അഡ്ജസ്റ്റ് ചെയ്ത് കുളിക്കുന്ന താന്‍ സ്വന്തം വീട്ടില്‍ അതിഥിയായി ചെല്ലുമ്പോള്‍ ഷവറിനു താഴെ ഏറെ സമയം നില്ക്കാറുണ്ടെന്ന് അവള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് എങ്ങനെയും പോയാല്‍ മതിയെന്ന ഒറ്റ ലക്ഷ്യമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. താന്‍ വരുന്നതുവരെ എങ്ങനെയാണ് അയാളുടെ വീട്ടിലെ ജോലികള്‍ നടന്നിരുന്നതെന്ന് അവള്‍ പല്ലുകടിച്ചു. പരാമര്‍ശം പോലുമര്‍ഹിക്കാത്ത നിസ്സാരവിഷയങ്ങളായതിനാല്‍ അവളുടെ അമ്മ, അച്ഛനോടോ മറ്റു ബന്ധുക്കളോടോ അതൊന്നും പങ്കുവച്ചില്ല.  കോഴിക്കറിയിലെ കഴുത്തുഭാഗം, പഴകിയതോ ചീത്തയായിത്തുടങ്ങിയതോ ആയ ഭക്ഷണം, പ്രാതലിലെ മിച്ചം വന്ന വകകളെല്ലാം ഒന്നിച്ചിട്ടുള്ള അത്താഴം തുടങ്ങിയവ തനിക്ക് ശരിയാകുന്നില്ലെന്ന് അവള്‍ ഞങ്ങളോട് കണ്ണുതുടച്ചു. ഒരു വിധത്തില്‍ ഭര്‍ത്താവിന്റെ ജോലിസ്ഥലത്തെ ഒറ്റമുറിയിലേക്കുള്ള പറിച്ചുനടല്‍ അവളുടെ ശാപമോക്ഷം കൂടിയായിരുന്നു. ആ  മുറിയിലെ മണ്ണെണ്ണ സ്റ്റൗവില്‍ അവള്‍ ദീര്‍ഘകാലം ഭക്ഷണമുണ്ടാക്കി. ഗ്യാസിലേക്ക് മാറിയ ദിവസം ജീവിതം അല്പം മെച്ചപ്പെട്ടതായി തോന്നിയെന്നും അവള്‍ പറഞ്ഞു.
 
ജീവിതം മുഴുവന്‍ അഡ്ജസ്റ്റ്‌മെന്റായിരുന്ന അവള്‍ വാസ്തവത്തില്‍ പത്തൊമ്പതു വയസ്സിലെ വിവാഹം കൊണ്ട് മുപ്പത്തെട്ടു വയസായപ്പോഴേക്കും വാര്‍ധക്യം സമ്പാദിച്ചു. ഒരു ചടങ്ങിന് ദീര്‍ഘകാലത്തിനു ശേഷം കണ്ടപ്പോള്‍ അവള്‍ എന്റെ മക്കളെക്കുറിച്ച് അന്വേഷിച്ചു. അവര്‍ ചെറിയ കുട്ടികളാണെന്നറിഞ്ഞപ്പോള്‍ 'എന്റെ  മോള് പ്രസവിച്ചെടോ, അമ്മമ്മയായി' എന്നു പറഞ്ഞു. എന്റെ കൈത്തണ്ടയില്‍ മുറുകിയ പിടിത്തത്തിന് ഒരു ജന്മത്തിന്റെ വിഹ്വലതകള്‍ മുഴുവനും ഉണ്ടായിരുന്നു. തന്നെ ചെറുപ്രായത്തില്‍ ഭാര്യയാക്കാനും അമ്മയാക്കാനും ഇറങ്ങിപ്പുറപ്പെട്ടവരെ മുഴുവന്‍ വെറുക്കുന്നുവെന്ന മാധവിക്കുട്ടിയുടെ വരികള്‍ വെറുതേ ഓര്‍ത്തു. ഇത് ഒരു സ്ത്രീയുടെ ഒറ്റപ്പെട്ട അനുഭവമല്ല. ഭൂരിപക്ഷം സ്ത്രീകളുടെ അനുഭവമാണ്. ജീവിതമാണ് കൈവിരലുകള്‍ക്കിടയിലൂടെ വാര്‍ന്നു പോകുന്നതറിയാതെ ഞൊടിയിടയില്‍ ജീവിച്ചു തീര്‍ന്നുപോയ ഒരു പറ്റം സ്ത്രീകള്‍. അവര്‍ നേരത്തേ നാം പറഞ്ഞ 'വിവാഹം നടക്കുക' എന്ന ഹിമാലയന്‍ ടാസ്‌കിനിടയില്‍ കുടുങ്ങിപ്പോയവരാണ്. കഴിഞ്ഞ കഥയല്ലേ എന്ന് സമാധാനിക്കാന്‍ വരട്ടെ... ഇരുപത്തിമൂന്നിനിടയില്‍ വിവാഹം നടന്നില്ലെങ്കില്‍ പിന്നെ മുപ്പത്തഞ്ചു കഴിയുമെന്ന് ആധിപിടിക്കുന്ന വീട്ടുകാര്‍ ചിലര്‍ക്കെങ്കിലുമില്ലേ? 

മുപ്പത്തഞ്ചു കഴിഞ്ഞാല്‍ പ്രസവം പ്രയാസമാണെന്ന് ശാസ്ത്രീയമായി ഭീഷണിപ്പെടുത്തുന്ന നാട്ടുകാരില്ലേ? കല്യാണം കഴിഞ്ഞും അമ്മയായ ശേഷവും  പഠിച്ചുയര്‍ന്ന വിരലിലെണ്ണാവുന്ന സ്ത്രീകളെ ചൂണ്ടിക്കാട്ടിത്തരുന്ന വേണ്ടപ്പെട്ടവരില്ലേ? വിവാഹം നടക്കാന്‍ പ്രത്യേകമാര്‍ഗങ്ങളും പൂജകളും നിര്‍ദേശിക്കുന്ന ശാസ്ത്രജ്ഞര്‍ തന്നെയില്ലേ? വിവാഹം നടക്കല്‍ എന്നത് മറികടക്കാന്‍ പ്രയാസമുള്ള ഹര്‍ഡിലുകളിലൊന്നു തന്നെയാണ് ഇപ്പോഴും നമ്മുടെ നാട്ടില്‍. രണ്ടു മനുഷ്യര്‍ക്കു പകരം വിഭിന്നരുചികളുടെ അനേകം ഭൂഖണ്ഡങ്ങള്‍ തന്നെ പങ്കെടുക്കുന്ന ഒന്ന് എന്നതുകൊണ്ടു കൂടി അതിന്റെ വിപണി മൂല്യം കുറയാതെ നില്‍ക്കും. അതുകൊണ്ടാണ് അഡ്ജസ്റ്റ്‌മെന്റ് വിവാഹജീവിതത്തിലെ പ്രധാന പദമാകുന്നത്. അതില്‍ എല്ലാമുണ്ട്... സ്വത്ത്, പണം, കുടുംബത്തിന്റെ അഭിമാനം... എല്ലാം. ഒരിക്കല്‍ അകപ്പെട്ടു പോയാല്‍ പരിക്കേല്‍ക്കാതെ പുറത്തിറങ്ങാനാവാത്ത രാവണന്‍കോട്ടയാണത്. ആ നിസ്സഹായതയുടെ ആഴം കുറയ്ക്കാനായാണ് പലപ്പോഴും ഏറ്റവും അടുത്തവര്‍ പോലും അഡ്ജസ്റ്റ്‌മെന്റ് എന്ന പദം ഉപയോഗിക്കുന്നത്. ഉച്ചരിക്കപ്പെട്ടില്ലെങ്കില്‍പ്പോലും തൂണിലും തുരുമ്പിലും  ചുറ്റുമുള്ളവരുടെ ശരീരഭാഷയിലും ആ പദത്തെ കണ്ടെത്താനാവും വിവാഹിതയായ ഒരു സ്ത്രീക്ക്.

സുചിത്രയുടെ വിവാഹത്തിനു ശേഷം ഏകദേശം എട്ടുവര്‍ഷം കഴിഞ്ഞാണ് ഞാന്‍ വിവാഹിതയായത്. നമ്മുടെ ചുറ്റുമുള്ള ലോകത്തിന് അത്ഭുതകരമായ പുരോഗതികളും മാറ്റങ്ങളുമുണ്ടാകാന്‍ പര്യാപ്തമായ കാലയളവാണത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ വിവാഹത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്നത്  അപ്‌ഗ്രേഡ് ചെയ്യാന്‍ വളരെ പ്രയാസമുള്ളതും കാലം ചെന്നതുമായ പഴയ സോഫ്റ്റ്‌വെയറാണ്. വൃത്തിയില്‍ നിന്നു തന്നെ തുടങ്ങാം. വൃത്തി സ്ത്രീക്ക് മാത്രം ബാധകമായ ഒന്നാണ് എന്ന ധാരണയില്‍ നിന്നു കടി വിടാന്‍ കൂട്ടാക്കാതിരുന്ന മനുഷ്യരെ എന്താണു ചെയ്യുക? വീട് നവീകരിക്കുന്നതില്‍ ഇടക്കാലത്തുണ്ടായ വലിയൊരു പരിഷ്‌കാരം വരാന്തയും മുന്‍ഭാഗത്തെ മുറ്റവും മാത്രം ഭംഗിയാക്കി വയ്ക്കലായിരുന്നു. അടുക്കള അപരിഷ്‌കൃതമായും പ്രാചീനമായും തുടര്‍ന്നു പോന്നു. അപൂര്‍വം സ്ത്രീകള്‍ അടുക്കളയിലേക്ക് ഒരു പൈപ്പ് ഒപ്പിച്ചെന്നു വരും. അത്ര തന്നെ. സ്ത്രീകള്‍ പെരുമാറുന്ന ആ ഇടം ഭംഗിയുള്ളതാക്കി വെക്കണമെന്ന് വീട്ടിലുള്ളവര്‍ക്കു പോലും തോന്നില്ല. പുതിയ അടുക്കളകള്‍ ആധുനിക സൗകര്യങ്ങളോടെ  ചെടികളാലും ദീപങ്ങളാലും അലങ്കരിക്കപ്പെട്ട് കാണുമ്പോള്‍ ആഡംബരം എന്നു പരിഹസിക്കാന്‍ എനിക്ക് സാധിക്കാത്തത്  പ്രാകൃതമായ ഒരു അടുക്കളയില്‍ പെരുമാറേണ്ടി വന്ന അനുഭവം കൊണ്ടുകൂടിയാണ്. 

ജീവിതാശ നശിപ്പിച്ചുകളയും ചില അടുക്കളകളും വീടുകളും. ഒപ്പമുള്ള മനുഷ്യര്‍ അസാധാരണമാം വിധം മനുഷ്യത്വമുള്ളവരാണെങ്കില്‍ മാത്രം ഒരുവിധം പിടിച്ചു നില്‍ക്കാനായേക്കും. എനിക്ക് വൃത്തിയാക്കാന്‍ ആവശ്യത്തിലധികം ആ വീട്ടിലുണ്ടായിരുന്നു. നാലുപാത്രം അധികം കഴുകിയാല്‍ അടുക്കള കുളമാകുന്ന താല്‍ക്കാലിക കിച്ചന്‍സിങ്കിനോട് മല്ലിട്ട് ഞാന്‍ വിയര്‍ത്തു. ടോയ്‌ലറ്റിന്റെ കുഴിയില്‍ കൃത്യമായി  രണ്ടു കപ്പ് വെള്ളമൊഴിച്ച് എല്ലാം മംഗളമായി  എന്നുറപ്പിച്ച്  ഇറങ്ങി വരുന്നവരെ എങ്ങനെ തിരുത്തണമെന്നറിയാതെ കുഴങ്ങി. ബീഡിക്കുറ്റികള്‍ ക്ലോസറ്റിലിടരുത്  എന്നു പറഞ്ഞത് വലിയ പ്രശ്‌നമായി. അത്തരം കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. അതുകൊണ്ടാണ് ആവര്‍ത്തിച്ചു പറയേണ്ടി വരുന്നത്.
 
അതിനെക്കാള്‍ പ്രധാനമാണ്  വ്യക്തിശുചിത്വം. പ്രത്യേകിച്ച് ദമ്പതികളുടെ ശരീരശുചിത്വം.  അത് നവവരനോട് എങ്ങനെയാണ് ആവശ്യപ്പെടേണ്ടത് എന്നറിയാത്ത മണവാട്ടിമാര്‍ എത്രയോ ഉണ്ട്. മത്തിയുടെ മണമുള്ള മീശരോമങ്ങളും അലക്കാതെ വീണ്ടും ഉപയോഗിക്കുന്ന അടിയുടുപ്പുകളും മധുവിധുക്കാലത്തുപോലും ഓക്കാനമുണ്ടാക്കിയെന്നു വരാം. ഞങ്ങള്‍ക്ക് മൂത്രമൊഴിച്ചാല്‍ കഴുകണ്ടല്ലോ, രണ്ടു തവണ ഞൊട്ടിയാല്‍ മതി എന്ന പ്രഖ്യാപനം കേട്ടപ്പോഴത്തെ അമ്പരപ്പ് ഓര്‍ക്കുന്നു. പൂര്‍ണമായി ഫ്‌ളഷ് ചെയ്യപ്പെടാത്ത ടോയ്‌ലറ്റ് ഉപയോഗിക്കുകയും മൂത്രമൊഴിച്ചാല്‍ കഴുകാതിരിക്കുകയും ചെയ്യുന്ന പങ്കാളിയുമൊത്തുള്ള ശാരീരികബന്ധം സ്ത്രീയില്‍ യാതൊരു ആവേശവുമുണ്ടാക്കില്ല. ശരീരത്തില്‍ ഒച്ചിഴയുന്നതുപോലുള്ള അറപ്പല്ലാതെ.

'നീര്‍മാതളം പൂത്ത കാലം' എന്ന കൃതിയില്‍ മാധവിക്കുട്ടി തന്റെ ഒരു മുത്തശ്ശിയെ ഓര്‍ക്കുന്നുണ്ട്.  ദാമ്പത്യം അവസാനിപ്പിച്ച് കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയവളായിരുന്നു മുത്തശ്ശി. വൃത്തിബോധമാവാം പത്തൊമ്പതു വയസ്സില്‍ ബ്രഹ്‌മചര്യം സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് പിന്നീടോര്‍ക്കുമ്പോള്‍ തോന്നിയെന്ന് മാധവിക്കുട്ടി എഴുതുന്നു. അതത്ര നിസ്സാര കാര്യമല്ല. മറ്റൊരു വീട്ടില്‍ സാധ്യമായ സൗകര്യങ്ങളില്‍ വളര്‍ന്നവളും രക്ഷിതാക്കള്‍ക്ക് പ്രിയപ്പെട്ടവളുമായിരുന്ന ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് വരുമ്പോള്‍  അവളെക്കൊണ്ട് അടിവസ്ത്രങ്ങള്‍ കഴുകിക്കാതിരിക്കുന്നതാണ് മര്യാദ.  ഇനി മുതല്‍ അവ നീ കഴുകിയാല്‍ മതി എന്ന പ്രസ്താവന സ്‌നേഹമല്ല.  അവന്റെ കാര്യങ്ങള്‍ ഇനി നീ നോക്കണം എന്ന നിര്‍ദേശത്തിനകത്ത് സ്വയം നോക്കാന്‍ കഴിവില്ലാത്തവനാണവന്‍ എന്ന ജാമ്യമെടുക്കലുണ്ട്. 

വ്യക്തിശുചിത്വം പാലിക്കാതിരിക്കുന്നതും സാധനങ്ങള്‍ വലിച്ചുവാരിയിടുന്നതും താമസിക്കുന്ന സ്ഥലം അലമ്പാക്കിയിടുന്നതും  പൗരുഷമുദ്രകളായി കാണുന്ന ഏര്‍പ്പാടിനെക്കുറിച്ച് നാം നേരത്തേ പറഞ്ഞു. അത്തരം മുദ്രകള്‍ സഹിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്ക് ഇല്ല. അതു തുറന്നു പറയുന്നത് സ്‌നേഹരാഹിത്യം കൊണ്ടോ അന്യപുരുഷനോടുള്ള താല്‍പര്യം കൊണ്ടോ അല്ല. തന്റെ ശരീരത്തെയും പുരുഷനെന്ന നിലയിലുള്ള അധികാരത്തെയും നിരസിക്കുകയാണ് അതുകൊണ്ട് സ്ത്രീ ചെയ്യുന്നത് എന്ന് വിറളി പിടിക്കുന്നതിനെക്കാള്‍, അതിലും അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെടുന്നതിനെക്കാള്‍, വൃത്തിയായി ഒന്നു കുളിച്ചിട്ടു വരുന്നതാണ് പുരുഷന് കരണീയം.'മഴ നനഞ്ഞ പട്ടിയുടെ നാറ്റമുള്ള കൈലിയൊക്കെ ഇപ്പഴാണ്  ഒന്നു മെനയായത് 'എന്നൊരു കോംപ്ലിമെന്റ് ഭര്‍തൃപിതാവില്‍ നിന്ന് ഒരിക്കല്‍ എനിക്ക് കിട്ടിയിരുന്നു.  അയയില്‍ കഴുകിയിട്ട, മകന്റെ ലുങ്കിക്ക് അടുത്തുകൂടെ പോവുകയായിരുന്നു അദ്ദേഹം. ഞാന്‍ അഭിമാനപൂര്‍വം ചിരിച്ചിട്ടുണ്ടാവണം. അത്തരം കോംപ്ലിമെന്റുകളെ അങ്ങനെ സ്വീകരിക്കാനാണല്ലോ നമ്മുടെ വംശം പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത്. ചില കോംപ്ലിമെന്റുകള്‍ അറിഞ്ഞീല്‍ മീന്‍ പോലെയാണ്. തൊണ്ടയ്ക്ക് കുടുങ്ങി മുള്ളു വിടര്‍ത്തി കൊന്നുകളയും.

Content Highlights: after marriage adjustments in couples like personal hygine