ങാമാ എന്ന വിളി കേട്ടില്ലേല്‍ നീലൂ എന്ന് നീട്ടിവിളിക്കും, ഉപ്പും മുളകിലും ബാലു വിളിക്കുന്ന പോലെ

തിരക്കുകളെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുന്ന ഒരു കാലമുണ്ട് ജീവിതത്തില്‍. മക്കള്‍ വളര്‍ന്ന് പറന്നുപോകുന്ന, അവരുടെ കുഞ്ഞുങ്ങള്‍ കുഞ്ഞിക്കണ്ണ് മിഴിച്ച്, ചെഞ്ചോരിവായ തുറന്ന് ലോകത്തെ കാണുന്ന സമയം. എല്ലാം മാറിമറിയുകയാണ്. ഭിത്തിയില്‍ കോറിയതിന് മകനെ തല്ലിയ കൈകൊണ്ട് അവന്റെ മകനെ നമ്മളോമനിക്കും. 'നീ വരച്ചോടാ' എന്ന് പ്രോത്സാഹിപ്പിക്കും. മണ്ണില്‍ കളിച്ചതിന് ചെവി പൊന്നായ മകളുടെ കുഞ്ഞിനൊപ്പം മഴവെള്ളത്തില്‍ തുള്ളിക്കളിക്കും. ആനമുതല്‍ ഉറുമ്പുവരെയുള്ള പ്രപഞ്ചത്തെ പുതിയ കണ്ണുകൊണ്ട് കാണും. ആ കൈകളില്‍ നമ്മളും പിച്ചനടക്കും. ഒരു കുഞ്ഞ് പിറക്കുന്നതോടെ അച്ഛനും അമ്മയും മാത്രമല്ല ജനിക്കുന്നത്, പുതിയൊരു മുത്തശ്ശനും മുത്തശ്ശിയും കൂടിയാണ്. കാലം ചുളിവുകള്‍ വീഴ്ത്തിയ കൈകളില്‍ ആ കുഞ്ഞിവിരലുകള്‍ പിടിമുറുക്കും. നിസ്സാരമെന്ന് തോന്നുന്ന കുഞ്ഞുവര്‍ത്താനങ്ങളില്‍ അവര്‍ കണ്ടെത്തുന്ന കഥകള്‍ ഏറെയാണ്.
ഞാന്‍ ഈ കാലം ആസ്വദിക്കുകയാണ്
എത്ര തിരക്കാണെങ്കിലും കുടുംബത്തെ ചേര്‍ത്തുപിടിക്കാതെ മുന്നോട്ടുപോകാനാവില്ല. അമ്മക്കാലത്തിന്റെയും അമ്മൂമ്മക്കാലത്തിന്റെയും സന്തോഷങ്ങളെ ആ തിരക്കുകള്‍ തല്ലിക്കെടുത്തരുതെന്ന നിര്‍ബന്ധമുള്ളയാളാണ് ഞാന്‍. അവിടെയാണ് എന്റെയും റിച്ചു ബേബിയുടെയും ലോകം ഞങ്ങള്‍ കണ്ടെത്തുന്നത്. റയാന്‍ എന്നാണ് മോന്റെ ശരിക്കുള്ള പേര്. കാക്കനാട് ഹൊറൈസണ്‍ പബ്ലിക് സ്‌കൂളില്‍ എല്‍.കെ.ജി.യില്‍ പഠിക്കുന്നു. 'ങാമ' എന്നാണ് അവനെന്നെ വിളിക്കുന്നത്. ങാമയ്ക്ക് പിന്നിലൊരു കഥയുണ്ട്. മൂത്തമോളാണ്, (രേവതി, ചിഞ്ചു എന്ന് വിളിക്കും) എന്നെ ഇഷാമ്മാ എന്ന് വിളിച്ചുതുടങ്ങിയത്. മക്കള്‍ എന്റെ അമ്മയെയാണ് അമ്മ എന്ന് വിളിച്ചിരുന്നത്, എന്നെ ഇഷാമ്മാ എന്നും. അവളുടെ മോന്‍ അത് ങാമയാക്കി. 'ഉപ്പും മുളകി'ലെ കുട്ടികളും ഇഷാമ്മയെന്നാണ് വിളിക്കുക.
എല്ലാവരും കാക്കനാട്ടായതുകൊണ്ട് എപ്പോഴും മോനെ അരികില്‍ കിട്ടും. ഷൂട്ട് കഴിഞ്ഞ് ഓടി അവന്റെ അടുത്തേക്ക് പോകും. എന്റെ വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ അകലമേയുള്ളൂ മോള്‍ടെ അടുത്തേക്ക്. എല്ലാ ദിവസവും ഇത്തിരി നേരമെങ്കിലും അവന്റെയടുത്ത് ഇരിക്കാന്‍ സമയം കണ്ടുപിടിക്കും.
ഇളയവള്‍ ചിന്നു (രവിത) രണ്ടാംക്ലാസിലെത്തിയപ്പോഴാണ് ഞാന്‍ അഭിനയത്തിന്റെ തിരക്കുകളിലേക്ക് വീണത്. അതുകൊണ്ട് അവരുടെ കുഞ്ഞുപ്രായമെല്ലാം ഞാനൊപ്പമുണ്ടായിരുന്നു. സ്‌കൂളില്‍ ഒരു ആറാംക്ലാസ് ഒക്കെ ആയപ്പോഴേക്കും എനിക്കും തിരക്കായി. ഒന്‍പത് സീരിയലുകളുടെ വരെ ഷൂട്ട് ഉണ്ട് അന്ന്. സിനിമയുമുണ്ട്. വീട്ടില്‍ വരാന്‍പോലും സമയമില്ലാത്ത കാലം. അപ്പോള്‍ ഞാനവരെ കോണ്‍വെന്റ് സ്‌കൂളിലാക്കി. അന്നൊക്കെ ഹോസ്റ്റലിലാക്കി പോരുമ്പോള്‍ ഭയങ്കര കരച്ചിലായിരുന്നു രണ്ടാളും. ഇന്നലെക്കൂടി അതിനെപ്പറ്റി അവര്‍ പരാതി പറഞ്ഞിട്ടേയുള്ളൂ.
ഇപ്പോ മോന്റെയൊപ്പം സമയം ചെലവിടുമ്പോള്‍ രണ്ടാളും കുശുമ്പുകുത്തും. ഷൂട്ടിനിടയ്ക്ക് അഞ്ച് മിനിറ്റ് കിട്ടിയാല്‍ ഞാന്‍ വിളിക്കും. ''കൊച്ചെണീറ്റോ, കൊച്ചെന്തെടുക്കുന്നു...'' എന്നൊക്കെ ചോദിക്കാനാണ്. ഇപ്പോള്‍ അവള്‍ ഫോണ്‍ എടുക്കുമ്പോഴേ പറയും ''കൊച്ചെണീറ്റു, ഫുഡ് കഴിച്ചു, കുളിച്ചു, എല്ലാം ചെയ്തുകേട്ടോ, വേറെ വിശേഷമൊന്നുമില്ലല്ലോ...'' ഇളയമോള്‍ ഇടയ്ക്ക് പരിഭവം പറയും. അമ്മ കൂടിപ്പോയാല്‍ എന്നെയൊക്കെ രണ്ടുപ്രാവശ്യമേ വിളിക്കൂ എന്ന്. ഇപ്പോള്‍ എന്റെ അമ്മപോലും പറഞ്ഞുതുടങ്ങി, നിഷാ നീ ഭയങ്കര ഓവറാണ് കേട്ടോ എന്ന്.
അവന്റെ കാര്യത്തിലാണ് ഞാന്‍ ഏറ്റവും ടെന്‍ഷനടിക്കുക. ഒരു ചെറിയ ജലദോഷം വന്നാല്‍പോലും എന്റെ ഭാവം മാറും. കുടുംബത്തോടൊപ്പം ഞാനാദ്യമായി ട്രിപ്പ് പോയത് ഈയടുത്താണ്. നെല്ലിയാമ്പതിക്ക്. പോയി വന്നപ്പോള്‍ മോന് ചെറിയ ക്ഷീണമുണ്ട്. അവനൊന്ന് ചുമയ്ക്കുകകൂടി ചെയ്തതോടെ ഞാന്‍ ടെന്‍ഷനടിച്ചുതുടങ്ങി. മക്കളെങ്ങാനും ചുമച്ചാല്‍ യൂക്കാലി ഇരിക്കുന്നുണ്ട് ആവി പിടിച്ചോ എന്ന് പറയുന്ന ഞാനാണ്.
അവനെന്നെ കാണുമ്പോഴേ പറയും ങാമാ വാ നമുക്ക് ലുലുവില്‍ പോകാമെന്ന്. അവിടെ കറങ്ങലാണ് ഞങ്ങളുടെ സമയം പോകല്‍. എനിക്കവനെ വീട്ടിലിരുന്ന് നോക്കണമെന്നൊക്കെ ചിലപ്പോള്‍ ആഗ്രഹം തോന്നാറുണ്ട്. എന്നാല്‍ ജോലിചെയ്ത് ബിസിയായി ജീവിക്കുന്നതാണ് ആരോഗ്യത്തിനും നല്ലത് എന്ന് ഓര്‍ക്കുമ്പോള്‍ ആ ആഗ്രഹമങ്ങ് മാറ്റിവയ്ക്കും.
റിച്ചു 'ഉപ്പും മുളകി'ന്റെ വലിയ ഫാനാണ്. ആദ്യമൊക്കെ ഞാനും നീലുവും ഒരാളാണോ എന്ന മട്ടില്‍ മാറിമാറി നോക്കും. മനസ്സിലായിത്തുടങ്ങിയപ്പോള്‍ ഒരു കള്ളച്ചിരി സമ്മാനിക്കും. ഇപ്പോള്‍ ആള് ലൊക്കേഷനില്‍ വരും. പാറൂന്റെ ഒപ്പമാണ് കളിയൊക്കെ. അവള്‍ ഇടയ്ക്ക് ഇവിടെ വീട്ടില്‍ വന്നു നില്‍ക്കും. രണ്ടുപേരും വലിയ കൂട്ടാണ്. ങാമാ എന്ന് വിളിച്ചിട്ട് വിളി കേട്ടില്ലേല്‍ നീലൂ എന്ന് നീട്ടിയൊരുവിളിയുണ്ട്, ബാലു വിളിക്കുന്ന പോലെ.
മോന്റെ സ്‌കൂളില്‍ ഗ്രാന്‍ഡ്പേരന്റ് ഡേക്ക് ഞാന്‍ പോയിരുന്നു. അവിടെ വന്ന ഒരുപാട് ആളുകളും റിട്ടയര്‍മെന്റൊക്കെ കഴിഞ്ഞ് കൊച്ചുമക്കളെ നോക്കി വീട്ടിലിരിക്കുന്നവരാണ്. മിക്കവരും പറഞ്ഞ ഒരുകാര്യം, ഞങ്ങള്‍ക്കൊട്ടും സമയമില്ല ഇപ്പോള്‍, ജോലിക്ക് പോയിരുന്നപ്പോള്‍ ഇതില്‍ കൂടുതല്‍ സമയമുണ്ടായിരുന്നു എന്നാണ്. പക്ഷേ, ആ സമയം എന്‍ജോയ് ചെയ്യണം എന്നാണ് ഞാന്‍ പറഞ്ഞത്. എന്റെ ജീവിതത്തിലെ രണ്ടാമത്തെ ഘട്ടമാണ് ഇത്. അമ്മകഴിഞ്ഞ് അമ്മൂമ്മ എന്ന പദവി. ആദ്യത്തെ ഘട്ടത്തില്‍ സംഘര്‍ഷത്തിന്റെ കാലമാണ്. ജീവിതം സുരക്ഷിതമാക്കണം, മക്കളുടെ ജീവിതം നല്ലതായി വരണം എന്നൊക്കെ. അതിന്റെ ഓട്ടപ്പാച്ചിലായിരിക്കും. ഇപ്പോള്‍ ആ ടെന്‍ഷന്‍ അവരുടെ മാതാപിതാക്കളുടേതാണ്. നമുക്ക് അവര്‍ക്കൊപ്പമുള്ള സമയം ആസ്വദിച്ചാല്‍ മതി. അതുകൊണ്ട് ആ സമയം എന്‍ജോയ് ചെയ്യണം. ഞാനത് ചെയ്യുന്നുണ്ട്.
Content Highlights: actress nisha sarangh about her grandchild richu