‘ആമിർ ഹൃദയംപൊട്ടി കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്’; വിമർശനങ്ങളിൽ ആമിർ ഖാനെ പിന്തുണച്ച് സുഹൃത്ത്

ഗൗരി സ്പ്രാറ്റുമായുള്ള മൂന്നാം വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുന്ന ബോളിവുഡ് താരം ആമിർ ഖാനെ പിന്തുണച്ച് അടുത്ത സുഹൃത്തും നടനുമായ അമിൻ ഹാജി. 35 വർഷത്തിലേറെയായി ആമിറിനെ അറിയുന്ന ആളെന്ന നിലയിൽ, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പുറത്തുള്ളവർക്ക് അറിയാത്ത പല കാര്യങ്ങളും അമിൻ റെഡിഫിന് (Rediff) നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.
“ആമിറിനെ 35 വർഷത്തിലേറെയായി അറിയാം. ഒരു ബന്ധം അവസാനിച്ചാലും വിവാഹബന്ധത്തോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം ഒരിക്കലും കുറഞ്ഞിട്ടില്ല. വ്യക്തിജീവിതത്തെക്കുറിച്ച് പലരും തമാശ പറയാറുണ്ട്. എന്നാൽ ഓരോ ബന്ധത്തിൽ നിന്നുമുള്ള അനുഭവയാത്രയിൽ അദ്ദേഹം ഉത്തരവാദിത്തത്തോടെയും സത്യസന്ധവുമായാണ് മുന്നോട്ടുപോയത്. മുൻ കുടുംബത്തിന്റെയും മക്കളുടെയും എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അത് പലരും കാണുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല,” അമിൻ പറഞ്ഞു.
ആമിർ അതീവ വികാരാധീനനായ വ്യക്തിയാണെന്നും പ്രണയപരാജയത്തിന്റെ വേദനയിലൂടെ കടന്നുപോകുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അമിൻ പറഞ്ഞു.
“വീണ്ടും പ്രണയം കണ്ടെത്തിയെന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ പരിഹസിക്കുന്നു. പക്ഷേ, 15 വർഷം എന്നത് ചെറിയ കാലയളവല്ല. ഹൃദയഭംഗം അനുഭവിച്ച് അദ്ദേഹം കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു വിവാഹബന്ധം അവസാനിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഒരാളിൽ മാത്രം ചുമത്തുന്നത് ശരിയല്ല. ആമിർ തന്റെ ജോലിയോട് അതിയായ ആത്മാർഥതയും സമർപ്പണവുമുള്ള ആളാണ്. ആ സമർപ്പണം ചിലപ്പോൾ വ്യക്തിബന്ധങ്ങളെ ബാധിക്കാം. ജോലിയിൽ ഇത്രയേറെ മുഴുകിയ ഒരാളോടൊപ്പം ജീവിക്കുന്നവർക്ക് ചിലപ്പോൾ അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ ഉണ്ടാകാനും സാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു.
ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിൽ മുൻ ഭാര്യമാരായ റീന ദത്തയും കിരൺ റാവുവും പങ്കെടുക്കാതിരുന്നതിനെക്കുറിച്ചും അമിൻ വിശദീകരിച്ചു. കിരൺ റാവു അന്ന് യുകെയിലായിരുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും മകൻ അസാദ് വിവാഹത്തിനായി മുംബൈയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. റീന ദത്തയുടെ അഭാവം ആമിറുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്നതിന്റെ സൂചനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ചില അഭാവങ്ങൾ സ്വാഭാവികമാണ്. ഒരാൾക്ക് സ്വന്തം ഇടം നൽകുന്നതും സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഭാഗമാണ്. അത്ര പ്രധാനപ്പെട്ട ഒരു അവസരത്തിൽ ആരെയും അസ്വസ്ഥരാക്കാൻ ആഗ്രഹിക്കില്ല,” അമിൻ പറഞ്ഞു.
റീന ദത്തയുമായും കിരൺ റാവുവുമായും ആമിർ ഇന്നും സൗഹൃദപരമായ ബന്ധമാണ് പുലർത്തുന്നതെന്നും അമിൻ പറഞ്ഞു. പാനി ഫൗണ്ടേഷനിലൂടെ ആമിർ, കിരൺ റാവു, റീന ദത്ത, സത്യജിത് ഭട്കൽ എന്നിവർ ഇന്നും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീനയുടെ പിതാവ് അന്തരിച്ചപ്പോൾ അവർ യാത്രയിലായിരുന്നതിനാൽ, അന്ത്യകർമങ്ങൾ പൂർത്തിയാകുന്നതുവരെ ആമിർ അവിടെ തുടർന്നുനിന്ന സംഭവവും അമിൻ ഓർമിച്ചു.
ജൂലൈ 5-ന് മുംബൈയിലെ ആമിറിന്റെ വസതിയിൽവെച്ചായിരുന്നു ആമിറിന്റെയും ഗൗരിയുടെയും രജിസ്റ്റർ വിവാഹച്ചടങ്ങ് നടന്നത്. “രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷത്തിൽ ആദ്യ ദിവസം ഇരുകുടുംബങ്ങളും പരസ്പരം പരിചയപ്പെട്ടു. ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിച്ചു, സംസാരിച്ചു, ചിരിച്ചു, സന്തോഷിച്ചു. ഗൗരിയുടെ കുടുംബം വളരെ സ്നേഹമുള്ളവരാണ്. ആദ്യമായാണ് അവരെ കാണുന്നതെങ്കിലും വർഷങ്ങളായി പരിചയമുള്ളവരെപ്പോലെയാണ് തോന്നിയത്. വളരെ ലാളിത്യമുള്ള ആളുകളാണ് അവർ. ആമിറിനെ അവർ ആത്മാർത്ഥമായി സ്നേഹിക്കുകയും അദ്ദേഹത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു,” അമിൻ കൂട്ടിച്ചേർത്തു.
1986-ൽ ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആമിർ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ജൂനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. പിന്നീട് 2002-ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് ‘ലഗാൻ’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കിരൺ റാവുവുമായി ആമിർ അടുക്കുന്നത്. 2005-ൽ ഇരുവരും വിവാഹിതരായി. സറോഗസിയിലൂടെ അസാദ് റാവു ഖാൻ എന്ന കുഞ്ഞും ജനിച്ചു. 2021-ൽ വേർപിരിഞ്ഞെങ്കിലും ഇരുവരും ഇന്നും മകന്റെ രക്ഷിതാക്കളായും അടുത്ത സുഹൃത്തുക്കളായും തുടരുകയാണ്. ഏകദേശം രണ്ട് പതിറ്റാണ്ടായി പരിചയമുണ്ടായിരുന്ന ആമിർ ഖാനും ഗൗരി സ്പ്രാറ്റും പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: aamir-khan-marriage-criticism-amin-hajee-interview