പ്രളയവും ചുഴലിക്കാറ്റും ചൈനയിൽ കനത്തനാശമാണ് വിതച്ചത്. ഒട്ടേറെ പേർ മരിക്കുകയും വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു. അതിനിടെ പ്രളയത്തിൽ മൃഗശാലയും പാമ്പ് വളർത്തൽ കേന്ദ്രങ്ങളും തകർന്നിരുന്നു. പിന്നാലെ അവിടെനിന്നുള്ള മൃഗങ്ങളും പാമ്പുകളും പുഴകളിലേക്കും ജനവാസമേഖലകളിലേക്കും ഒഴുകിയെത്തി. അതിരൂക്ഷമായ വെള്ളപ്പൊക്കത്തിൽ പലയിടങ്ങളിലും ആളുകൾ ഒറ്റപ്പെട്ടു.

അവരെയെല്ലാം രക്ഷിക്കാനെത്തിയത് വമ്പൻ പോണ്ടൂൺ ബാർജുകളാണ് (Pontoon Barge). പോണ്ടൂൺ ബ്രിഡ്ജ് എന്നും ഇവയ്ക്ക് പേരുണ്ട്. ഗുവാങ്‌സിയിൽ കനത്ത വെള്ളപ്പൊക്കത്തിൽനിന്ന് ആളുകളെ രക്ഷിക്കാനായിട്ടാണ് ആദ്യം പോണ്ടൂൺ ബാർജുകളെത്തിച്ചത്.

മയ്സാക് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിൽ ഗുവാങ്‌സിയിലെ ഒരു വൊക്കേഷണൽ കാമ്പസ് വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് വിദ്യാർഥികൾ വൈദ്യുതിയും ശുദ്ധജലവും ഇല്ലാതെ കുടുങ്ങിയതിനെ തുടർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നാലെ മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാനും ഇവയെ ആശ്രയിച്ചു. ഗതാഗതം പൂർണമായും നിലച്ച ഇടങ്ങളിലാണ് പോണ്ടൂൺ കൂടുതലായി സഹായകമായത്.

ചൈനീസ് സ്റ്റേറ്റ് മീഡിയ കമ്പനിയായ ഷിൻവാ (Xinhua) പോണ്ടൂണിനെ വിശേഷിപ്പിച്ചത് 'നോഹയുടെ പെട്ടകം' എന്നാണ്. ഒരേസമയം 500-ഓളം പേരെ വഹിക്കാനുള്ള ശക്തി ഇതിനുണ്ടെന്നാണ് പറയപ്പെടുന്നത്. ഗുവാങ്‌സിയിൽ കുടുങ്ങിയ 6000-ത്തോളം വിദ്യാർഥികളെ സുരക്ഷിതസ്ഥലങ്ങളിലേക്കെത്തിക്കാൻ ഇത്തരം പോണ്ടൂണുകളാണ് അവർ ഉപയോഗിച്ചത്. പിന്നാലെ ഇതിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പട്ടാള ട്രക്കുകളിലാണ് ഇത്തരം പോണ്ടൂണുകൾ ആവശ്യമായ സ്ഥലങ്ങളിലേക്കെത്തിച്ചത്.

ഒറ്റനോട്ടത്തിൽ ചുരുണ്ടുകിടക്കുന്നൊരു ഇരുമ്പുകവചം പോലെയാണിത്. എന്നാൽ വെള്ളത്തിലേക്കിറക്കുമ്പോഴേക്കും അത് സ്വയം നിവർന്ന് ഒരു ബാർജ് പോലെയാവും. ആവശ്യമില്ലാത്തപ്പോൾ മടക്കാനും ചുരുട്ടാനും കഴിയും. ആവശ്യമുള്ളപ്പോൾ പല ഭാഗങ്ങളായി ഒരുമിച്ചുചേർക്കാനും കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അതിൽ ഒട്ടേറെ ആളുകൾക്ക് സുരക്ഷിതമായി നിൽക്കാൻ പറ്റും. ഒരു ബോട്ടിനോ വഞ്ചിക്കോ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ എത്രയോ ഇരട്ടി ആളുകളെ ഇതിൽ ഉൾക്കൊള്ളിക്കാൻ കഴിയും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi