വിവാഹദിനത്തില്‍ തിളങ്ങാം രാജകുമാരിയെപ്പോലെ

Representative Image
Representative Image

ഒരു പൊട്ടും അല്പം ലിപ്സ്റ്റിക്കും കണ്ണിലിത്തിരി കരിമഷിയും എഴുതി വിവാഹത്തിനൊരുങ്ങിയ പഴയകാലം മുത്തശ്ശിക്കഥപോലെ നമ്മള്‍ കേട്ടിട്ടുണ്ടാവും. ഏതുകാലത്തും ഏറ്റവും സുന്ദരിയായി, മനോഹരിയായി അണിഞ്ഞൊരുങ്ങാന്‍ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്ന ദിനം അവരുടെ വിവാഹമാണ്. എല്ലാക്കണ്ണുകളും അന്ന് തന്നിലായിരിക്കുമെന്ന് അവള്‍ക്കറിയാം. അതുകൊണ്ട് തന്നെ വിവാഹദിനത്തില്‍ തിളങ്ങാനുള്ള തയ്യാറെടുപ്പുകള്‍ മാസങ്ങള്‍ക്കു മുമ്പേ തുടങ്ങാം. യോജിച്ച മേക്കപ്പും വസ്ത്രവും ഹെയര്‍സ്റ്റൈലും തിരഞ്ഞെടുക്കാന്‍ ഇത് സഹായിക്കും. മനസ്സിനും ശരീരത്തിനും ഒരുപോലെ സംരക്ഷണം നല്‍കണം. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതു മുതല്‍ നല്ല ഉറക്കം വരെ ഇതില്‍ ഉള്‍പ്പെടും. ശൈത്യകാലത്ത് വിവാഹത്തിന് ഒരുങ്ങുമ്പോള്‍ ചര്‍മത്തിന് പ്രത്യേക സംരക്ഷണം നല്‍കണം. 

നേരത്തെ തുടങ്ങാം

ചര്‍മസംരക്ഷണത്തിനായി അവസാന നിമിഷം വരെ കാത്തിരിക്കരുത്. ബ്യൂട്ടീഷനെ നേരത്തെ തീരുമാനിക്കുക. മൂന്ന് മുതല്‍ ആറ് മാസം വരെ മുമ്പേ ചര്‍മ, സൗന്ദര്യ സംരക്ഷണവും മേക്കപ്പ് ട്രയലും തുടങ്ങണം. വരണ്ടതാണോ, സെന്‍സിറ്റീവാണോ, എണ്ണമയമുള്ളതാണോ.. എന്നിങ്ങനെ തിരിച്ചറിഞ്ഞ് വേണം ചര്‍മസംരക്ഷണമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍. അലര്‍ജിയോ ചര്‍മപ്രശ്‌നങ്ങളോ ഉണ്ടായാല്‍ അത് മനസ്സിലാക്കാനും ഒഴിവാക്കാനും ഈ സമയം ഉപയോഗപ്പെടുത്താം. മുഖക്കുരു കൂടുതലുള്ള എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ആറ് മാസം മുതല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങണം. ഫേഷ്യല്‍, ക്ലീന്‍അപ് തുടങ്ങിയവ ആഴ്ചകള്‍ക്കു മുമ്പേ ചെയ്യുക. വരണ്ട പാടുകള്‍, ടാനിങ്, പിഗ്മെന്റേഷന്‍, മൃതകോശങ്ങള്‍ തുടങ്ങി ചര്‍മത്തിന് പല പ്രശ്‌നങ്ങളുമുണ്ടാകും. ഇവയെല്ലാം പരിഹരിക്കാന്‍ സമയം ഏറെ വേണം. കണ്‍പുരികങ്ങള്‍ക്ക് അത്ര ആകൃതി ഇല്ലാത്തവര്‍ക്ക് ത്രെഡിങ് മാത്രമല്ല മൈക്രോ ബ്ലേഡിങ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും കഴിയും. 

ചര്‍മം തിളങ്ങട്ടേ

വിവാഹദിനത്തില്‍ മുഖത്ത് കൂടിയ അളവില്‍ മേക്കപ്പ് ഇടേണ്ടതായി വരും. അതിനുമുമ്പ് ചര്‍മം മൃദുവും മിനുസവുള്ളതാക്കി തീര്‍ക്കണം. എല്ലാ ചര്‍മത്തിനും ഡീപ് ക്ലെന്‍സിങ് ട്രീറ്റ്‌മെന്റ് ആവശ്യമാണ്. ചര്‍മത്തിന് ജലാംശം നല്‍കുന്ന സീറം ഉപയോഗിക്കുന്നത് ദിനചര്യയാക്കാം. ചര്‍മത്തിലെ പാടുകള്‍ മേക്കപ് കൊണ്ടു മറച്ചുപിടിക്കാന്‍ സാധിക്കും. എന്നാല്‍ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളില്‍ മേക്കപ് അത്ര ഫലപ്രദമാവില്ല. അതിനാല്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് നേരത്തെ ചികിത്സ തേടണം. ചര്‍മത്തിന്റെ അവസ്ഥ മനസ്സിലാക്കി അനുയോജ്യമായ ഫേഷ്യല്‍  തിരഞ്ഞെടുക്കാം. ക്രീം ബേസ്ഡ് ഫേഷ്യലിനേക്കാള്‍ ജെല്‍ ബേസ്ഡ് ഫേഷ്യല്‍ ആയിരിക്കും നാച്വറല്‍ ലുക്ക് നല്‍കാന്‍ സഹായിക്കുക. സെന്‍സറ്റീവ് ചര്‍മം ഉള്ളവര്‍ ബ്ലീച്ച് ഉപയോഗിക്കരുത്. പുറത്തുപോകുമ്പോള്‍ എസ്.പി.എഫ് 30 ന് മുകളിലുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. 15 മിനിറ്റ് മുമ്പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടിയശേഷം വേണം പുറത്തിറങ്ങാന്‍. ഈ സമയങ്ങളില്‍ കഴിയുന്നതും കഠിനമായ വെയില്‍ കൊള്ളുന്നതും ഒഴിവാക്കാം. 

മേക്കപ്പ് 

വെളുപ്പിക്കുക എന്ന രീതിയാണ് പണ്ട് നിലനിന്നിരുന്നതെങ്കില്‍ ഇന്ന് ഏതു നിറത്തിനും ഭംഗിയുണ്ടെന്ന തിരിച്ചറിവിലാണ് ആളുകള്‍. തങ്ങളുടെ  അതേ സ്‌കിന്‍ ടോണ്‍ അങ്ങനെ തന്നെ നിലനിര്‍ത്തി, മുഖത്തെ ഫീച്ചറുകള്‍ കൂടുതല്‍ ഹൈലൈറ്റ് ചെയ്യുന്ന മേക്കപ്പാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഹൈ ഡെഫിനിഷന്‍ മേക്കപ്പ്, എയര്‍ബ്രഷ് മേക്കപ്പ്, ഡിജിറ്റല്‍ കോംപ്ലക്ഷന്‍ 4K, ഗ്ലോസിമേക്കപ്പ്, മാറ്റ്ഫിനിഷ് മേക്കപ്പ് എന്നിങ്ങനെ മുഖത്തിന്റെ ആകൃതിക്കും ചര്‍മഘടനയ്ക്കും നിറത്തിനും യോജിക്കുന്ന മേക്കപ്പ് തിരഞ്ഞെടുക്കണം. വെളുത്ത ചര്‍മമുള്ളവര്‍ ചുവപ്പ് ലിപ്സ്റ്റിക് ഉപയോഗിച്ചാല്‍ മേക്കപ് കൂടിപ്പോയി എന്ന തോന്നലുണ്ടാകും. ന്യൂഡ് ലിപ്സ്റ്റിക്കുകള്‍ ആണ് അവര്‍ക്ക് ഉചിതം. അല്ലെങ്കില്‍ കോണ്‍ട്രാസ്റ്റ് നിറങ്ങള്‍ ഉപയോഗിക്കാം. ഡാര്‍ക്ക് സ്‌കിന്‍ ടോണ്‍ ഉള്ളവര്‍ക്ക് ചുവപ്പും മറ്റു ഡാര്‍ക്ക് ഷേഡുകളും അനുയോജ്യമാണ്.

മുഖം മാത്രമല്ല

മുഖത്തിന്റെ പരിചരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി ആളുകളുണ്ട്. ഇതോടെ മുഖത്തിന്റെ ടോണും മറ്റു ശരീരഭാഗങ്ങളുടെ ടോണും വ്യത്യസ്തമാകും. ഈ ടോണ്‍ വ്യത്യാസം ബാലന്‍സ് ചെയ്യാനായി വിവാഹദിവസത്തില്‍ കൈകളിലും കഴുത്തിലുമൊക്കെ മേക്കപ് കൂടുതലായി ഉപയോഗിക്കേണ്ടി വരും. അതിനാലാണ് ശരീരത്തിന്റെ മൊത്തം പരിചരണത്തിന് മുന്‍ഗണന നല്‍കണമെന്ന് പറയുന്നത്. വിവാഹദിവസം ഫ്രഷ് ആയി ഇരിക്കാനാണ് വധുവും വരനും ഏറെ ബുദ്ധിമുട്ടുക.  തിരക്കുകള്‍ ശരീരത്തെയും ചര്‍മത്തെയും വേഗം തളര്‍ത്തും. മുഖത്ത് ക്ഷീണം വന്നു നിറയും. ചിലര്‍ വല്ലാതെ വിയര്‍ക്കും. ബോഡി പോളിഷ്, ബോഡി മസാജ് എന്നിവയിലൂടെ ഇത് ഒരു പരിധി വരെ തടയാം. ചര്‍മത്തിനും ശരീരത്തിനും തിളക്കവും ഉന്മേഷവും ലഭിക്കാന്‍ ഇവ സഹായകരമാണ്. കൈകാലുകളില്‍ പെഡിക്യൂര്‍, മാനിക്യൂര്‍ വാക്‌സിങ് എന്നിവയെല്ലാം നല്‍കാം. ഇത് ആത്മവിശ്വാസം കൂട്ടും. ഇത് മാത്രമല്ല, ഒരു മേക്കപ്പ് ടെസ്റ്റ് നടത്തുന്നതും വളരെ നല്ലതാണ്. 

തലമുടിക്ക് പ്രത്യേക പരിചരണം 

മുടിക്ക് ഒരു മേക്കോവര്‍ നല്‍കാം. ഹെയര്‍സ്‌റ്റൈലിലെ ഈ  മാറ്റം വിവാഹദിവസത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും കാഴ്ചയില്‍ പുതുമ തോന്നിക്കാന്‍ കാരണമാകും. ഹെയര്‍ സ്പാ ചെയ്താല്‍ മുടിക്ക് തിളക്കവും സുഗന്ധവും ലഭിക്കും. വിവാഹ ദിനത്തിലും മറ്റും ഫ്രഷ്‌നസ്സ് തോന്നിക്കാന്‍ ഇത് സഹായിക്കും. ആളുകളുടെയും ക്യാമറകളുടെയും ശ്രദ്ധ നിങ്ങളിലായതിനാല്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് താരന്‍. താരനൊഴിവാക്കാനുള്ള ട്രീറ്റ്‌മെന്റുകല്‍ നേരത്തെ തുടങ്ങുന്നതാണ് നല്ലത്. വിവാഹദിനത്തില്‍ ഹെയര്‍സ്റ്റൈല്‍ നല്‍കുമ്പോള്‍  മുഖത്തിന്റെ ഘടനയ്ക്ക് അനുയോജ്യമായത് വേണം തിരഞ്ഞെടുക്കാന്‍. ഇതിനായി നേരത്തെ തന്നെ ഒരു ഹെയര്‍ സ്‌റ്റൈല്‍ ട്രയല്‍ നോക്കാന്‍ മടിയ്‌ക്കേണ്ട. 

ആരോഗ്യപരിചരണം

സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ആദ്യവഴി നല്ല ഉറക്കമാണ്. കൃത്യസമയത്തുള്ള ഉറക്കം ശീലമാക്കാന്‍ മടിക്കേണ്ട. നന്നായി വെള്ളം കുടിക്കുക. പോഷകഗുണങ്ങള്‍ ഏറെയുള്ള ഭക്ഷണം ശീലമാക്കാം. ജങ്ക് ഫുഡുകളും വറുത്തതും പൊരിച്ചതുമായ ഭക്ഷമവും ഇക്കാലയളവില്‍ ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. എല്ലാദിവസവും ഏതെങ്കിലും ഒരു ഡ്രൈഫ്രൂട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് യോഗപോലുള്ള ചെറിയ വ്യായാമങ്ങള്‍ ശീലമാക്കാം.

തിളങ്ങട്ടെ അടിമുടി

  1. മനോഹരമായ സാരി വാങ്ങുന്നതിനൊപ്പം ബ്ലൗസിലും വേണം ശ്രദ്ധ. ഫോട്ടോകളിലും മറ്റും എടുത്തറിയുന്ന ഭാഗമാണ് ബ്ലൗസിന്റെ സ്ലീവ്. ഈ ഭാഗത്ത് മനോഹരമായി ഡിസൈന്‍ ചെയ്ത സാരിബ്ലൗസുകള്‍ ധരിക്കാം.
  2. ആഭരണങ്ങള്‍ മറ്റാരെയും അനുകരിക്കാതെ വാങ്ങുന്നതാണ് ഉചിതം. നെറ്റിച്ചുട്ടി പോലുള്ളവ വാങ്ങുമ്പോള്‍ നെറ്റിയുടെയും മുഖത്തിന്റെയും ആകൃതികൂടി പരിഗണിക്കമം.. സ്വര്‍ണത്തിന്റെ മഞ്ഞനിറം ചിലപ്പോള്‍ നമ്മുടെ മൊത്തം ഔട്ട്ഫിറ്റിന് മാച്ചാവണമെന്നില്ല. പകരം വസ്ത്രത്തിനും മേക്കപ്പിനും ചേരുന്ന ആന്റിക്ക്, ചെട്ടിനാട് ആഭരണങ്ങളൊക്കെ പരീക്ഷിക്കാം. 
  3. മുല്ലപ്പുവ് മാത്രമല്ല ഇപ്പോള്‍ ട്രെന്‍ഡ്. സാരിയുടെ നിറം സ്‌കിന്‍ ടോണ്‍ എന്നിവ അനുസരിച്ച് തലയില്‍ ചൂടാനുള്ള പൂക്കള്‍ തിരഞ്ഞെടുക്കാം. റോസ്, ഓര്‍ക്കിഡ്, ബേബി ഫഌവേഴ്‌സ് എന്നിവയോക്കെ തിരഞ്ഞെടുക്കാം. 

കടപ്പാട്- 
ഡോ. റീമ പദ്മകുമാര്‍
റീംസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക്
തിരുവനന്തപുരം

Content Highlights: wedding beauty and makeup tips and trends