ബിസ്ക്കറ്റ് കവറില്‍ റെയ്ന്‍കോട്ട്, സോഫാകവറിൽ പാര്‍ട്ടിവെയര്‍; ഫാഷന്‍ലോകത്തെ റീസൈക്കിള്‍ രാജ്ഞി

ഫാഷന്‍ വ്യത്യസ്തതകളുടെ ലോകമാണ്. കലാപരമായ കഴിവുകള്‍ പരീക്ഷിക്കാന്‍ പറ്റിയ ഫാഷന്‍ലോകത്ത് ദിനംപ്രതി നിരവധി വൈറല്‍ വീഡിയോകളാണ് കടന്നുവരുന്നത്. ഫാസ്റ്റ് ഫാഷന്‍ രീതികളും അമിതമായ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന ഈ സാഹചര്യത്തിലാണ് ദാറ്റ് എക്ലെക്റ്റിക് വണ്‍' (thateclecticone) എന്ന റേച്ചല്‍ ഡിക്രൂസിന്റെ ഇന്‍സ്റ്റഗ്രാം പേജ് പ്രധാന്യം അര്‍ഹിക്കുന്നത്.
ബിസ്ക്കറ്റ് കവര്‍ കൊണ്ട് നിര്‍മ്മിച്ച റെയിന്‍കോട്ട്, അപ്സൈക്കിള്‍ ചെയ്ത ഡെനിം ജീന്‍സ് ബാഗ്, ഓവര്‍സൈസ്ഡ് ടീ-ഷര്ട്ടുകൊണ്ടുള്ള ട്രെന്‍ഡി ക്രോപ്പ്ഡ് സെറ്റ്, പഴയ സാരിയില്‍ ഭംഗിയുള്ള ചിക് ഡ്രസ്സ്, ഡെനിം വസ്ത്രങ്ങളില്‍ ഫാഷന്‍ സ്റ്റേപ്പിള്‍ എന്നു തുടങ്ങി...പഴയ വസ്ത്രങ്ങള്‍ക്ക് ആകര്‍ഷകമായ പുതിയ രൂപം നല്‍കുകയാണ് റേച്ചല്‍ തന്റെ സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമിലൂടെ. പുനരുപയോഗ സാധ്യതയെ ഫാഷനുമായി ഇടകലര്‍ത്തുന്ന റേച്ചലിന്റെ കഴിവ് പുതുമയുളളതും പ്രചോദനാത്മകവുമാണ്. പുനരുപയോഗിച്ച തുണിത്തരങ്ങള്‍ മുതല്‍ പ്ലാസ്റ്റിക് കവറുകള്‍ വരെയുള്ളവ റേച്ചലിന്റെ പരീക്ഷണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒരു ഫാഷന്‍ ക്രിയേറ്റര്‍ എന്നതിലുപരി റേച്ചലിന് ഫാഷന്‍ ലോകത്തോടുള്ള പ്രതിബദ്ധത പുതിയ തലമുറയിലെ ഫാഷന്‍ പ്രേമികള്‍ക്ക് ഒരു പ്രചോദനമാണ്. ഉപയോഗിച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കളെ സ്റ്റൈലിഷ് വസ്ത്രങ്ങളാക്കി മാറ്റുന്നു. ഫാസ്റ്റ് ഫാഷനോട് ഭ്രമമുള്ള ഈ ലോകത്ത് ത്രിഫ്റ്റിംഗ്, അപ്സൈക്ലിംഗ്, റീസൈക്ലിംഗ് എന്നീ രീതികള്‍ സ്വീകരിക്കുന്നതിലൂടെ റേച്ചല്‍ മാതൃകയാവുകയാണ്.
ത്രിഫ്റ്റ് ഫാഷന്‍
വിലക്കുറവുള്ള സ്റ്റോറുകള്‍, കണ്സൈന്മെന്റ് ഷോപ്പുകള്‍, വിന്റേജ് ബോട്ടിക്കുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് എന്നിവയില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് അല്ലെങ്കില്‍ പ്രീ-ഓണ്‍ഡ് വസ്ത്രങ്ങളും ആക്സസറികളും വാങ്ങുന്ന രീതിയാണ് ത്രിഫ്റ്റ് ഫാഷന്‍. താങ്ങാനാവുന്ന വില, പുനരുപയോഗിക്കാവുന്നവ, വൈവിധ്യമാര്‍ന്നതുമായ ശൈലി എന്നിവയുള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ ത്രിഫ്റ്റ് ഫാഷന്‍ ജനപ്രീതി നേടിയിട്ടുണ്ട്.
സോഫാകവറിലെ വെര്‍സാച്ചെ
സ്വീകരണമുറിയെ മോടികൂട്ടുന്ന വ്യത്യസ്ത പാറ്റേണിലുള്ള സോഫാ കവറുകളില്‍ ഏവരുടെയും കണ്ണുടക്കാറുണ്ട്. എന്നാല്‍ അത്തരത്തിലൊരു സോഫാകവറിനെ മനോഹരമായ സ്റ്റൈലിഷ് ബാക്ക്ലെസ് ഡ്രസ്സാക്കി മാറ്റിക്കൊണ്ടാണ് ഇത്തവണ റേച്ചലിന്റെ വരവ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ എട്ട് ലക്ഷത്തിലധികം കാഴ്ചക്കാരെ സമ്മാനിച്ചു. ഒപ്പം ലക്ഷം ലൈക്കും. പഴയ ഒരു ജോഡി സോഫാകവറിനെ ബാക്ക്ലെസ്, ട്യൂബ്-സ്റ്റൈല്‍ പാര്‍ട്ടി ഡ്രസ്സോ ടോപ്പോ ആക്കി മാറ്റുന്ന വിധം പരിചയപ്പെടുത്തുന്ന വീഡിയോയാണ് റേച്ചല്‍ അവതരിപ്പിച്ചത്. വീഡിയോ കണ്ടവരെല്ലാം റേച്ചലിന്റെ വസ്ത്രം പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ വെര്സാച്ചെയ്ക്ക് തുല്യമാണെന്നാണ് പറയുന്നത്. റേച്ചലിന്റെ ഈ പരീക്ഷണം വളരെ പെട്ടെന്നു തന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
സോഫ കവറുകള്‍ മനോഹരമായ ഒരു വസ്ത്രമാക്കി മാറ്റുന്നതിനുള്ള ഘട്ടങ്ങള്‍ കൂടി പരിചയപ്പെടാം…
- സോഫ കവറില്‍ വസ്ത്രത്തിന്റെ രൂപരേഖ തയ്യാറാക്കുക. ഒരു സോഫയില്‍ സാധാരണയായി യു ആകൃതിയിലുള്ള രണ്ട് കവറുകള്‍ ഉണ്ടാകും. രണ്ട് കവറുകളും എടുത്ത് ഒരു കവര്‍ മറ്റൊന്നിന് മുകളില്‍ വയ്ക്കാം. ഇപ്പോള്‍ അവയുടെ മുന്‍വശങ്ങള്‍ ഉള്ളിലേക്ക് ദൃശ്യമാകും. ഒരു പഴയ വസ്ത്രം എടുത്ത് ഒരു ഔട്ട്ലൈന് ഉണ്ടാക്കാന്‍ അത് ഉപയോഗിക്കുക.
- ഔട്ട്ലൈന് മുറിച്ച് ഡ്രസ്സ് തുന്നാന്‍ ആരംഭിക്കാം.
- മറ്റൊരു തുണികൊണ്ട് നെക്ക് ലെെൻ പോലുള്ളവയുടെ ഔട്ട്ലൈന് ഉണ്ടാക്കുക. ബോള്‍ഡ് ലുക്ക് ലഭിക്കാന്‍ സ്കൂപ്പ് നെക്ക്, വി-നെക്ക് , റൗണ്ട് നെക്ക്, അല്ലെങ്കില്‍ ട്യൂബ് സ്റ്റൈല്‍ എന്നിവയുള്‍പ്പെടെ ഏത് ഡിസൈനുകളും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഔട്ട്ലൈന് മുറിച്ച് തയ്യല്‍ മെഷീനില്‍ തുന്നിയെടുക്കാം. പൂര്‍ത്തിയായ ശേഷം അത് ഉള്ളിലേക്ക് മടക്കി ഫിറ്റിംഗ് പരിശോധിക്കുക. സ്റ്റൈലിഷായ ആഭരണങ്ങളും ഹീല്‍സും ഉപയോഗിച്ച് വസ്ത്രത്തെ മനോഹരമായി സ്റ്റൈല്‍ ചെയ്യാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Transforming Sofa Covers into Stylish Attire