സ്റ്റേറ്റ്മെന്റ് ഡയമണ്ടുകൾ മുതൽ ലെയേർഡ് നെക്പീസുകൾ വരെ; മാറുന്ന ജ്വല്ലറി ട്രെൻഡുകൾ

ഫാഷന്റെ ലോകത്ത് വസ്ത്രങ്ങൾക്കൊപ്പം ആഭരണങ്ങളും ട്രെൻഡുകൾ സൃഷ്ടിക്കുന്ന കാലമാണിത്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ വിവാഹങ്ങളും റെഡ് കാർപ്പെറ്റ് ഷോകളുമെല്ലാം ജ്വല്ലറി ഫാഷനെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. ഈ വർഷം ഇതുവരെ വിവാഹവേദികളിലും ആഘോഷങ്ങളിലുമെല്ലാം അണിഞ്ഞൊരുങ്ങിയെത്തിയ താരങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ആഭരണങ്ങളാണ് ശ്രദ്ധ നേടുന്നത്.
പോൾകി ഡയമണ്ടുകളുടെ തിരിച്ചുവരവ്: മിനുക്കിയ ഡയമണ്ടുകളേക്കാൾ സ്വാഭാവിക ഭംഗിയുള്ള പോൾകി ഡയമണ്ടുകൾക്കാണ് ഇപ്പോൾ കൂടുതൽ ആരാധകരുള്ളത്. പല സെലിബ്രിറ്റി വധുക്കളും വിവാഹദിനത്തിൽ പോൾകി ആഭരണങ്ങൾ തിരഞ്ഞെടുത്തതോടെയാണ് ഈ ട്രെൻഡ് ശക്തമായത്. ലെയേർഡ് പോൾകി നെക്ലേസുകളും അതിനൊപ്പം മാംഗ് ടിക്കയും ജുംക്കകളും ചേർന്ന സെറ്റുകൾ വിവാഹവേദികളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇത്തരം ആഭരണങ്ങൾ ധരിക്കുമ്പോൾ വസ്ത്രത്തിലെ എംബ്രോയ്ഡറി താരതമ്യേന ലളിതമാക്കുന്നതാണ് കൂടുതൽ ഭംഗി നൽകുക.
ലെയേർഡ് ഗോൾഡ് ചോക്കറുകളും ലോങ് ഹാരവും: കഴുത്തിനോട് ചേർന്ന് കിടക്കുന്ന ഗോൾഡ് ചോക്കറിനൊപ്പം ഒന്നോ രണ്ടോ നീളമുള്ള ഹാരം ധരിക്കുന്നത് ട്രെൻഡാണ്. പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ രൂപഭംഗിയും ആധുനിക ഡിസൈനുകളും സമന്വയിപ്പിക്കുന്ന ഈ സ്റ്റൈൽ സാരിക്കും ലഹങ്കയ്ക്കും ഒരുപോലെ ചേരുന്നതാണ്. ടെക്സ്ചേർഡ് ഗോൾഡ് ചോക്കറിനൊപ്പം മുത്തുകളും സ്വർണവും ചേർന്ന നീളമുള്ള ഹാരം ധരിക്കുന്നത് വധുവിന് രാജകീയ ഭംഗി നൽകും.
ശ്രദ്ധാകേന്ദ്രമായി മാംഗ് ടിക്ക: മാംഗ് ടിക്ക വെറുമൊരു ആക്സസറി മാത്രമല്ല, മുഴുവൻ ലുക്കിനെതന്നെ മാറ്റുന്ന പ്രധാന ആകർഷണമാണ്. നെറ്റിയുടെ മധ്യഭാഗത്തുകൂടി താഴേക്ക് നീളുന്ന വലുപ്പമേറിയ മാംഗ് ടിക്കകളാണ് ഇപ്പോൾ ഫാഷൻ ലോകത്തെ താരം. മരതകക്കല്ലുകളോ മാണിക്യങ്ങളോ പതിപ്പിച്ച ഡിസൈനുകൾക്കാണ് കൂടുതൽ പ്രചാരം. വലിയ മാംഗ് ടിക്ക ധരിക്കുമ്പോൾ കാതിലണിയുന്ന ആഭരണങ്ങൾ മിതത്വത്തോടെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
മിനിമൽ ജ്വല്ലറിയുടെ ജനപ്രീതി:
വിവാഹവേദികൾക്കപ്പുറം ദൈനംദിന ഫാഷനിലും മിനിമൽ ജ്വല്ലറികൾക്ക് വലിയ സ്ഥാനം ലഭിച്ചിരിക്കുകയാണ്. നേർത്ത വളകൾ, ചെറിയ ഇയർ കഫുകൾ, സോളിറ്റയർ പെൻഡന്റുകൾ എന്നിവ യുവതികളുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പുകളായി മാറിക്കഴിഞ്ഞു. ഒരു സ്റ്റേറ്റ്മെന്റ് പീസിനൊപ്പം ലളിതമായ ആഭരണങ്ങൾ ചേർത്ത് ധരിക്കുന്ന രീതിയാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്.
മരതകം പതിപ്പിച്ച ആഭരണങ്ങൾ: മരതകം, മാണിക്യം തുടങ്ങിയ വർണക്കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ മറ്റൊരു പ്രധാന ട്രെൻഡാണ്. ആന്റിക് ഗോൾഡിൽ സെറ്റ് ചെയ്തിരിക്കുന്ന ഇത്തരം ആഭരണങ്ങൾ ലളിതമായ എത്നിക് വസ്ത്രങ്ങൾക്കുപോലും ആകർഷകമായ ഭംഗി നൽകുന്നു. വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് ഒരു സ്റ്റേറ്റ്മെന്റ് സ്റ്റോൺ ആഭരണം മാത്രം മതി ലുക്ക് പൂർണമായും മാറ്റിമറിക്കാൻ.
ഒരുകാലത്ത് വിവാഹദിനത്തിനായി മാത്രം മാറ്റിവച്ചിരുന്ന പല ഡിസൈനുകളും ഇന്ന് മറ്റ് ആഘോഷങ്ങളിലും ധൈര്യമായി അണിഞ്ഞുതുടങ്ങി. ഇന്ന് ആഭരണങ്ങൾ വെറും അലങ്കാരമല്ല, വ്യക്തിത്വം പ്രകടിപ്പിക്കുന്ന ഫാഷൻ സ്റ്റേറ്റ്മെന്റാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: top-jewelry-trends-2026