ഫേഷ്യലും ത്രെഡിങ്ങും കുട്ടികള്‍ക്ക് വേണ്ട. ടീനേജില്‍ തുടങ്ങാം ഹെല്‍ത്തി മെയ്ക്കപ്പ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഏറ്റവും കൂടുതല്‍ ഒരുങ്ങിനടക്കാനിഷ്ടപ്പെടുന്ന പ്രായമാണ് ടീനേജ്. നീളമില്ലാത്ത മുടിയെപ്പറ്റിയും ചര്‍മത്തിന്റെ നിറത്തെക്കുറിച്ചും ഒരുപാട് ടെന്‍ഷനടിക്കുന്ന പ്രായം. മുഖക്കുരു, മുഖത്തെ പാടുകള്‍, മുടികൊഴിച്ചില്‍, മുടിയുടെ അറ്റം പിളരല്‍, താരന്‍ തുടങ്ങിയവ അലട്ടുകയും ചെയ്യും. ഇതിന് പരിഹാരമായി ചെറിയപ്രായംമുതലേ മേക്കപ്പ് സ്ഥിരമാക്കിയാല്‍ പ്രീ മെച്വര്‍ ഏജിങ് അഥവാ അകാലവാര്‍ധക്യം ഉണ്ടാവാനിടയുണ്ട്.

 മുഖക്കുരുവിന് പരിഹാരം
എണ്ണമയമുള്ള ചര്‍മം നന്നായി പരിപാലിച്ചില്ലെങ്കില്‍ മുഖക്കുരുവുണ്ടാകും. എന്നാലതിന് പ്രത്യേക ക്രീമോ സൗന്ദര്യവര്‍ധകചികിത്സകളോ ഈ പ്രായത്തില്‍ ആവശ്യമില്ല. ക്രീമുകളും മറ്റും പുരട്ടിയാല്‍ ചര്‍മത്തില്‍ പാടുകളും മറ്റ് പ്രശ്നങ്ങളും കൂടാനേ ഉപകരിക്കൂ. ചര്‍മം വൃത്തിയായി സൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. ദിവസം രണ്ടോ മൂന്നോ തവണ സോപ്പ് ഫ്രീ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കുക. മുഖക്കുരുവും മറ്റും വരുമ്പോള്‍ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ കോസ്മെറ്റോളജിസ്റ്റിനെ കണ്ട് പ്രതിവിധിയുണ്ടാക്കാം.
  
ഫേഷ്യല്‍, ത്രെഡിങ്.. ഇപ്പോള്‍ വേണ്ട
ഫേഷ്യല്‍, ത്രെഡിങ്, വാക്സിങ് എന്നിവ ചെറുപ്രായത്തിലേ ചെയ്യുന്നത് അത്ര നന്നല്ല. കാരണം ചര്‍മം വളരെ ലോലമായിരിക്കുന്ന സമയമാണിത്. അപ്പോള്‍ കെമിക്കലുകളടങ്ങിയ സൗന്ദര്യവര്‍ധകവസ്തുക്കള്‍ പുരട്ടിയാല്‍, ചര്‍മത്തെ അത് കാര്യമായി ബാധിക്കും. 18 വയസ്സ് മുതലേ ചര്‍മം മുറുകിത്തുടങ്ങുകയുള്ളൂ. അതിനുശേഷം മതി വാക്സിങ്, ഫേഷ്യല്‍ തുടങ്ങിയവ പരീക്ഷിക്കുന്നത്.
 
ഇടയ്ക്കാവാം മേക്കപ്പ്
സ്‌കൂളിലെ എന്തെങ്കിലും ചടങ്ങുകള്‍, ഡാന്‍സ്, നാടകം... ഇങ്ങനെ വളരെ അപൂര്‍വമായിട്ടൊക്കെ മേക്കപ്പ് ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. അത്യാവശ്യം ലിപ്ഗ്ലോസ്, ഐ മേക്കപ്പ്, ഐ ലൈനര്‍ എന്നിവയിടാം. മേക്കപ്പ് ചെയ്യുമ്പോള്‍ ബി.ബി ക്രീം ഉപയോഗിച്ചാല്‍ മതി. ആവശ്യമെങ്കില്‍ സ്‌കിന്‍ ടോണിന് ചേരുന്ന കോംപാക്ട് പൗഡര്‍ ഉപയോഗിക്കാം. 
 
മുടി ഇങ്ങനെ സംരംക്ഷിക്കാം
ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും തലയില്‍ എണ്ണ നന്നായി പുരട്ടി, അര മണിക്കൂര്‍ വെക്കണം. എന്നിട്ട് ഷാംപൂവിട്ട് കഴുകിക്കളയാം. കണ്ടീഷണറും ഉപയോഗിക്കാം. കണ്ടീഷണര്‍ ഒരിക്കലും തലയോട്ടിയില്‍ പിടിക്കാതെ നോക്കണം. ഹെയര്‍ കളറിങ് നിര്‍ബന്ധമാണെങ്കില്‍ മുടിയുടെ അറ്റത്ത് മാത്രം ചെയ്യാം. സ്ട്രെയിറ്റനിങ്, സ്മൂത്തനിങ് തുടങ്ങിയവയും ഇരുപത് വയസ്സിനുശേഷം മതി.
  
ഭക്ഷണശീലങ്ങള്‍
ഇപ്പോള്‍ കുട്ടികള്‍ അധികവും ജങ്ക് ഫുഡ് ഒക്കെയാണ് കഴിക്കുന്നത്. അത് സ്ഥിരമായാല്‍ ചര്‍മത്തിന്റെ സ്വഭാവത്തെയും ബാധിക്കും. അധികമായി ചിക്കനും മറ്റും കഴിക്കുമ്പോഴാണ് ടീനേജ്പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ മുഖത്ത് അനാവശ്യമായ രോമവളര്‍ച്ചയുണ്ടാവുന്നത്. ഇങ്ങനെയുള്ള ഭക്ഷണം പൂര്‍ണമായി ഒഴിവാക്കാം. നന്നായി വെള്ളം കുടിക്കണം. ഒപ്പംതന്നെ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുകയും വേണം. പ്രോട്ടീനുകള്‍ കൂടുതലായുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. ഇങ്ങനെയൊക്കെ ചെയ്താല്‍ ചര്‍മത്തിന് സ്വാഭാവികമായി 
തിളക്കമുണ്ടാവും.
 
വീട്ടില്‍ പരീക്ഷിക്കാം

  • മുഖക്കുരുപ്രശ്നം അലട്ടുന്നുണ്ടെങ്കില്‍, പുതിനയില അല്ലെങ്കില്‍ പേരയില അരച്ച് തൈര് ചേര്‍ത്തിട്ട് മുഖത്തിടാം.
  • ഓറഞ്ച് ജ്യൂസ് പുരട്ടിയാല്‍ ചര്‍മത്തിനൊരു തിളക്കം കിട്ടും.
  • തക്കാളി അല്ലെങ്കില്‍ പപ്പായ ജ്യൂസില്‍ അല്പം നാരങ്ങാനീര് ചേര്‍ത്ത് ഫ്രിഡ്ജില്‍ വെക്കുക. ഇടയ്ക്കിടയ്ക്ക് പുരട്ടിയാല്‍ വെയില്‍കൊണ്ട് മുഖത്തുണ്ടാവുന്ന നിറവ്യത്യാസം മാറ്റാന്‍ സാധിക്കും.

കടപ്പാട്
ദീപ്തി സുനില്‍
ബ്യൂട്ടിസോണ്‍ ബ്രെഡല്‍ മേക്കപ്പ് സ്റ്റുഡിയോ
കലൂര്‍, കൊച്ചി 
 

Content Highlights: beauty awareness for teenagers