പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് തപ്സീ പന്നു

ഫാഷന്‍ ലോകത്ത് ശ്രദ്ധേയമായ നിമിഷങ്ങള്‍ സമ്മാനിച്ചിട്ടുള്ള ബോളിവുഡ് നടിയാണ് തപ്സീ പന്നു. തന്റെ സിനിമകള്‍ പോലെ തന്നെ വസ്ത്രധാരണത്തിലും വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കാറുണ്ട്. ഇത്തവണ ഡല്‍ഹിയില്‍ നടന്ന നൈകാലാന്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ താരം തിരഞ്ഞെടുത്തത് മഞ്ഞ സ്ട്രാപ്-ലെസ്സ് മിനി-ഡ്രസ് ആണ്. താരസുന്ദരിയുടെ പുതിയ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് ആരാധകര്‍ക്കിടയിലും സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധേയമാകുകയാണ്.
തപ്‌സിയുടെ പുതിയ വസ്ത്രം സാറ്റിന്‍ മെറ്റീരിയലാണ്. മുന്‍ഭാഗത്ത് ഒരു വലിയ ബോ ഘടിപ്പിച്ച വസ്ത്രത്തിന്, അനിയോജ്യമായി പല വര്‍ണ്ണങ്ങളിലുളള കമ്മലുകള്‍ തപ്സീ തിരഞ്ഞെടുത്തു. കൈയില്‍ ധാരാളം വളകളും ധരിച്ചു. ലളിതമായ മേക്കപ്പാണ് താരം ഉപയോഗിച്ചത്. ചുണ്ടുകളും കണ്ണും ഹൈലറ്റ് ചെയ്യുന്ന തരത്തിലുളള മേക്കപ്പ് ആയിരുന്നു തപ്സീയുടേത്. ചുരുണ്ട മുടി പിന്നിലേക്ക് കെട്ടിവച്ച്, ആഭരണങ്ങളും വസ്ത്രവും ഹൈലറ്റ് ചെയ്യുന്ന രീതിയിലാണ് സ്റ്റൈൽ ചെയ്തത്.
പുതിയ സിനിമകളുടെ തിരക്കിലാണ് താരം. പ്രതികാരത്തിന്റെ കഥ പറയുന്ന 'ഗാന്ധാരി' ആണ് തപ്സീയുടെ വരാനിരിക്കുന്ന സിനിമ. ദേവാശിഷ് മഖിജ സംവിധാനം ചെയ്യുന്ന സിനിമയിലെ, ധീരയായ കഥാപാത്രമായാണ് തപ്സീ എത്തുക. ഇഷ്വാക് സിംഗും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
തപ്സീ പന്നു രാജ്യം വിട്ടുപോയെന്ന ട്രോളുകളും കമന്റുകളും അടുത്തിടെ വന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് അടുത്തിടെ താരം വാര്‍ത്തകളില്‍ ഇടം നേടി. ഭര്‍ത്താവ് മഥിയാസ് ബോയുമായുള്ള വിവാഹത്തിന് പിന്നാലെ, നടി ഡെന്‍മാര്‍ക്കിലേക്ക് താമസം മാറിയെന്ന കിംവദന്തികള്‍ സാമൂഹ്യ മാധ്യമങ്ങലിലും മറ്റും പ്രചരിച്ചിരുന്നു.
എന്നിരുന്നാലും, ഈ അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തിക്കൊണ്ട്, നടി ഇന്‍സ്റ്റാഗ്രാമില്‍ ഒരു സ്റ്റോറി പങ്കുവെയ്ക്കുകയുണ്ടായി.
“തെറ്റിദ്ധാരണയും സെന്‍സേഷണലിസവും അല്പം കുറച്ച് തലക്കെട്ട് നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ? തലക്കെട്ട് തെറ്റായാലും ശരിയായാലും, നിങ്ങള്‍ പറയും, ഏറ്റവും വേഗതയേറിയ ന്യൂസ് പോര്‍ട്ടല്‍ നിങ്ങളുടേതാണെന്ന്. സമയമെടുത്ത് അല്‍പ്പം ഗവേഷണം ചെയ്താല്‍ നന്നായേനെ” എന്ന് താരം കുറിച്ചു.
തന്റെ നിലപാടുകള്‍ മറയില്ലാതെ തുറന്ന് പറയാറുണ്ട് തപ്സീ. സമൂഹത്തിലേയും സിനിമാ മേഖലയിലേയും അസമത്വത്തിനെതിരെ പലപ്പോഴായി ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. താരങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറി, വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേയും പലപ്പോഴായി തപ്സീ രംഗത്തെത്തിയിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood actress Taapsee Pannu turns heads in a striking yellow strapless satin mini-dress at a Delhi event. See her latest fashion statement and upcoming film `Ghaari`.